സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് 
Kerala

ഇടത്തരക്കാര്‍ക്ക് ഒരു ലക്ഷം വീടുകള്‍, സഹകരണ ഭവന പദ്ധതി; മുതിര്‍ന്നവര്‍ക്ക് 'ന്യൂ ഇന്നിംഗ്‌സ്', അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയില്‍ ബഹുനില അപ്പാര്‍ട്ടുമെന്റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുള്ള റെഡിസന്‍ഷ്യല്‍ ക്ലസ്റ്ററുകളുമാണ് നിര്‍മ്മിക്കുക. ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റികള്‍ക്ക് ഡവലപ്പര്‍മാരുടെ ചുമതലയാണ് ഇതില്‍ ഉണ്ടാവുക.തദ്ദേശ സ്വയംഭരണ, ഹൗസിങ്, സഹകരണ വകുപ്പുകള്‍ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. ഭവന വായ്പയ്ക്കായി പലിശയിളവ് നല്‍കുന്നതിന് ബജറ്റില്‍ ഈ വര്‍ഷം 20 കോടി നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍

വാര്‍ധക്യകാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ച് മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി അഞ്ചുകോടി നീക്കിവെച്ചു.

ന്യൂ ഇന്നിംഗ്‌സ്

മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവപരിചയവും പ്രയോജനപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്‌സ് എന്ന് ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഇതുവഴി സാധിക്കും. ഇതിനായി അഞ്ചുകോടി വകയിരുത്തി.

മെഗാ ജോബ് എക്‌സ്‌പോ

പഠിത്തം കഴിഞ്ഞ തൊഴില്‍ അന്വേഷകര്‍ക്കായി മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും സംഘടിപ്പിക്കും. രണ്ട് മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം.

മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു ആള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഭൂമി നേരിട്ട് വാങ്ങുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ലോകത്തെ പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്‍എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , തിരുവനന്തപുരം- കൊല്ലം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പൊതു സ്വകാര്യ എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം മെട്രോ

ത്ിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ആനുകൂല്യം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പിഎഫില്‍ ലയിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരീഡ് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചതായി ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ധനഞെരുക്കം കേരളത്തെ ബാധിച്ചിരുന്നു. ധനഞെരുക്കത്തിന്റെ ഘട്ടത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ധനസ്ഥിതി മെച്ചപ്പെട്ടു. കേരളം വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT