Maneka Gandhi and Sugathakumari 
Kerala

'ഇല്ലാതാക്കിയത് ആയിരം മെഗാവാട്ട് വൈദ്യുതി, കേരളത്തിലെ പ്രതിസന്ധിക്ക് കാരണം പരിസ്ഥിതി പ്രക്ഷോഭങ്ങള്‍'; ചൂടുപിടിച്ച് സമൂഹമാധ്യമ ചര്‍ച്ച

'ഭാവിയിലെ ഊര്‍ജ്ജ ആവശ്യങ്ങളെയും പുരോഗതിയെയും കുറിച്ചുള്ള ധാരണകളില്ലാതെ പരിസ്ഥിതി വാദം ഉയര്‍ത്തിയത് കേരളത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന കുറിപ്പ് ശ്രദ്ധ നേടുന്നു. 1970കള്‍ മുതല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും പിന്നീട് പരിസ്ഥിതി പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയും ചെയ്ത വന്‍കിട ജലവൈദ്യുത പദ്ധതികളാണ് ഇന്നത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമെന്ന് വാദിക്കുന്നതാണ് ഷിന്റോ പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ ഉള്ളടക്കം.

സംസ്ഥാനത്തിന്റെ ആകെ വനഭൂമിയായ 11,125 ചതുരശ്ര കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍, പമ്പ്ഡ് സ്റ്റോറേജ് ഒഴികെയുള്ള പ്രധാന ജലവൈദ്യുത പദ്ധതികള്‍ക്കായി ആവശ്യമായിരുന്നത് 40 മുതല്‍ 45 വരെ ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമായിരുന്നുവെന്ന് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. സൈലന്റ് വാലിക്ക് 8.3 ചതുരശ്ര കിലോമീറ്ററും, അതിരപ്പള്ളിക്ക് 1.38 ചതുരശ്ര കിലോമീറ്ററും, പൂയംകുട്ടിക്ക് 28 മുതല്‍ 30 വരെ ചതുരശ്ര കിലോമീറ്ററുമാണ് ആവശ്യമായിരുന്നത്.

ജലവൈദ്യുത പദ്ധതികള്‍ തടസ്സപ്പെടുന്നതില്‍ കവയിത്രി സുഗതകുമാരിയുടെയും ഒഎന്‍വി കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോന്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു. സുഗതകുമാരിയുടെ 'മരത്തിനു സ്തുതി' എന്ന കവിതയും വൈകാരികമായ പ്രചാരണങ്ങളും പ്രകൃതി സംരക്ഷണം ഒരു ധാര്‍മ്മിക കടമയായി ജനങ്ങളിലെത്തിച്ചു. പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണവും ദേശീയ തലത്തിലുള്ള ഇടപെടലുകളും പദ്ധതികള്‍ക്കെതിരായ ജനകീയ പിന്തുണ ശക്തിപ്പെടുത്തി.

1980ലെ കേന്ദ്ര നിയമപ്രകാരം വനേതര ആവശ്യങ്ങള്‍ക്ക് വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്ര വനമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായത് സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ബാധിച്ചു. അന്നത്തെ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ കടുപ്പമേറിയ നിലപാടുകളും പൂയംകുട്ടി, അതിരപ്പള്ളി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുള്ള വിലയിരുത്തലുകളും പദ്ധതികള്‍ക്ക് അന്തിമ അനുമതി ലഭിക്കുന്നതിന് തടസ്സമായി മാറി. വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിക്കപ്പെട്ടത്.

ഭാവിയിലെ ഊര്‍ജ്ജ ആവശ്യങ്ങളെയും വ്യവസായ പുരോഗതിയെയും കുറിച്ചുള്ള വ്യക്തമായ ധാരണകളില്ലാതെ വൈകാരികമായ പരിസ്ഥിതി വാദം ഉയര്‍ത്തിയത് കേരളത്തെ ഇന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നാണ് പവര്‍ എന്‍ജിനീയര്‍മാരുടെയും വികസന വാദികളുടെയും പ്രധാന വിമര്‍ശനം. വന്‍കിട ഊര്‍ജ്ജ പദ്ധതികളെ വികസനവിരുദ്ധമായി ചിത്രീകരിക്കുന്ന ഒരു പൊതുബോധം ഇതുവഴി രൂപപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം പരിസ്ഥിതി വാദികളെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന തരത്തില്‍ പോസ്റ്റനു താഴെ കമന്റുകള്‍ വന്നിട്ടുണ്ട്. കെഎ്ഇബിയുടെ കെടുകാര്യസ്ഥത മൂലമാണ് പല പദ്ധതികളും മുടങ്ങിയതെന്നും വിമര്‍ശകര്‍ പറയുന്നു. പരിസ്ഥിതി വാദികള്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങിയതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് പറയുന്നവരുമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ ഇന്നത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്ന അവസ്ഥയ്ക്ക് വിത്തുപാകിയത് 1970-കളില്‍ ആരംഭിച്ചതും പിന്നീട് തുടര്‍ച്ചയായി നടന്നതുമായ വന്‍കിട പദ്ധതികള്‍ക്കെതിരെയുള്ള പരിസ്ഥിതി പ്രക്ഷോഭങ്ങളാണ്. ആയിരം മെഗാവാട്ടിലേറെ ശേഷിയുള്ള ജലവൈദ്യുത പദ്ധതികളാണ് ഈ പ്രക്ഷോഭങ്ങളിലൂടെ ഇല്ലാതായത്.

കേരളത്തിന്റെ ആകെ വനഭൂമി ഏകദേശം 11,125 ചതുരശ്ര കിലോമീറ്ററാണ്. ഇത് സംസ്ഥാനത്തിന്റെ ആകെയുള്ള ഭൗതിക വിസ്തൃതിയുടെ 29 ശതമാനത്തോളം വരും. ഈ ഭീമമായ വനമേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍, പമ്പ്ഡ് സ്റ്റോറേജ് ഒഴികെയുള്ള പ്രധാനം എന്ന് കരുതി ഉപേക്ഷിക്കപ്പെട്ട എല്ലാ ജലവൈദ്യുത പദ്ധതികള്‍ക്കുമായി കണ്ടുവെച്ചിരുന്ന ആകെ സ്ഥലം ഏകദേശം 40 മുതല്‍ 45 വരെ ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു. അതായത് ഏകദേശം 4,000 മുതല്‍ 4,500 വരെ ഹെക്ടര്‍ ഭൂമി.

ഇതില്‍ പ്രശസ്തമായ സൈലന്റ് വാലി പദ്ധതിക്കായി 8.3 ചതുരശ്ര കിലോമീറ്ററും, അതിരപ്പള്ളി പദ്ധതിക്കായി 1.38 ചതുരശ്ര കിലോമീറ്ററും, ഏറ്റവും വലിയ പദ്ധതിയായ പൂയംകുട്ടിക്കായി വിവിധ ഘട്ടങ്ങളിലായി 28 മുതല്‍ 30 വരെ ചതുരശ്ര കിലോമീറ്ററുമാണ് ആവശ്യമായിരുന്നത്. പാത്രക്കടവ് പോലുള്ള ചെറിയ പദ്ധതികള്‍ക്ക് ഒരു ചതുരശ്ര കിലോമീറ്ററില്‍ താഴെ മാത്രമേ സ്ഥലം വേണ്ടിവന്നിരുന്നുള്ളൂ.

സംസ്ഥാനത്തിന്റെ ആകെ വനഭൂമിയുമായി തതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയൊരു ശതമാനം മാത്രമാണെങ്കിലും, അപൂര്‍വ്വ ജീവജാലങ്ങള്‍ വസിക്കുന്നു, പുഴയോര ആവാസവ്യവസ്ഥയെയും വന ഇടനാഴികളെയും ബാധിക്കുന്നു എന്നൊക്കെയുള്ള കാരണങ്ങള്‍ നിരത്തിയാണ് പരിസ്ഥിതിവാദികള്‍ മനുഷ്യജീവിതങ്ങളെ വെല്ലുവിളിച്ചത്.

ഇതില്‍ ഏറ്റവും വലിയ തിരിച്ചടിയായത് സാഹിത്യ നായകരുടെയും കാല്‍പ്പനിക പരിസ്ഥിതി പ്രേമികളുടെയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന വികാരഭരിതമായ എതിര്‍പ്പുകളാണ്.

കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍ തടസ്സപ്പെട്ടതിലും, പരിസ്ഥിതി ബോധം ഒരു ജനകീയ പ്രസ്ഥാനമായി മാറിയതിലും കവയിത്രിയും സാംസ്‌കാരിക നായകയുമായിരുന്ന സുഗതകുമാരിയുടെ പങ്ക് വളരെ വലുതാണ്. 1970കളില്‍ ആരംഭിച്ച 'സേവ് സൈലന്റ് വാലി' സമരം മുതല്‍ അതിരപ്പള്ളി, പൂയംകുട്ടി വരെയുള്ള വന്‍കിട പദ്ധതികള്‍ക്കെതിരായ സമരങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അവര്‍.

സാംസ്‌കാരിക കൂട്ടായ്മയും കവിതയും

കേവലം പ്രസംഗങ്ങളിലോ സമരങ്ങളിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സുഗതകുമാരിയുടെ പ്രവര്‍ത്തനം. അന്നത്തെ പ്രമുഖ എഴുത്തുകാരായ ഒ.എന്‍.വി. കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ പ്രമുഖ കവികളെയും സാംസ്‌കാരിക നായകന്മാരെയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ അവര്‍ക്ക് സാധിച്ചു.

സുഗതകുമാരി എഴുതിയ 'മരത്തിനു സ്തുതി' എന്ന കവിത സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ ദേശീയഗാനം പോലെയാണ് സമര വേദികളില്‍ ഉപയോഗിക്കപ്പെട്ടത്. ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങളേക്കാള്‍, കവിതകളിലൂടെയും വൈകാരികമായ പ്രസംഗങ്ങളിലൂടെയും വനസമ്പത്ത് സംരക്ഷിക്കേണ്ടത് ഒരു ധാര്‍മ്മിക കടമയാണെന്ന മട്ടിലുള്ള സന്ദേശം അവര്‍ സാധാരണക്കാരിലെത്തിച്ചു.

പ്രകൃതി സംരക്ഷണ സമിതി

സൈലന്റ് വാലി പ്രക്ഷോഭത്തിന് സംഘടിത രൂപം നല്‍കാന്‍ എന്‍.വി. കൃഷ്ണവാരിയര്‍, കെ.വി. സുരേന്ദ്രനാഥ് എന്നിവരുമായി ചേര്‍ന്ന് സുഗതകുമാരി 'പ്രകൃതി സംരക്ഷണ സമിതി' രൂപീകരിച്ചു. ഈ സമിതി വഴി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, മാധ്യമങ്ങളിലൂടെ വികസനം വഴി ഉണ്ടാകുന്ന വനനാശത്തെക്കുറിച്ച് നിരന്തരം എഴുതുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും തള്ളിക്കളയാന്‍ കഴിയാത്ത രീതിയിലുള്ള വലിയൊരു ജനകീയ പിന്തുണ സുഗതകുമാരിക്കുണ്ടായിരുന്നു. ഇന്ദിരാഗാന്ധി ഭരണകാലത്ത് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കുന്നതിലേക്ക് കേന്ദ്ര തീരുമാനങ്ങള്‍ എത്തിച്ചതില്‍ അവരുടെ നേതൃത്വത്തില്‍ നടന്ന ദേശീയതല പ്രചാരണങ്ങള്‍ വലിയ പങ്കുവഹിച്ചു. അതിരപ്പള്ളി, പൂയംകുട്ടി, പാത്രക്കടവ് പദ്ധതികള്‍ വീണ്ടും സജീവമാകാന്‍ ശ്രമിച്ചപ്പോഴൊക്കെയും സുഗതകുമാരിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളാണ് രാഷ്ട്രീയ നേതൃത്വങ്ങളെ പിന്നോട്ട് വലിച്ചത്.

കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ഊര്‍ജ്ജ ആവശ്യത്തെ സമ്പൂര്‍ണ്ണമായി തമസ്‌കരിച്ചുകൊണ്ട് പശ്ചിമഘട്ടത്തിന്റെ 'അതിലോലമായ ആവാസവ്യവസ്ഥയും അപൂര്‍വ്വ ജൈവവൈവിധ്യവും' സംരക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ എന്നും വാചാലയായിരുന്നു. കേരളത്തിന്റെ ഭാവിയിലെ ഊര്‍ജ്ജ ആവശ്യങ്ങളെക്കുറിച്ചോ, വ്യവസായ പുരോഗതിക്ക് ആവശ്യമായ ബേസ്-ലോഡ് വൈദ്യുതിയെക്കുറിച്ചോ ധാരണയില്ലാതെ വികാരഭരിതമായ പരിസ്ഥിതി വാദം ഉയര്‍ത്തിപ്പിടിച്ചതാണ് സംസ്ഥാനത്തെ ഇന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് വഴിവെച്ചതെന്ന് പവര്‍ എഞ്ചിനീയര്‍മാരും വികസന വാദികളും വിമര്‍ശിക്കുന്നു. വികസന പദ്ധതികളെ അന്ധമായി എതിര്‍ക്കുന്ന ഒരു പൊതുബോധം സൃഷ്ടിക്കാന്‍ അവരുടെ കാല്‍പ്പനിക ശൈലിയിലുള്ള പ്രക്ഷോഭങ്ങള്‍ കാരണമായി എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും ഇതിന് പിന്തുണ നല്‍കി. എന്നാല്‍, ഇത്തരം എഴുത്തുകാര്‍ക്ക് ഗ്രിഡ് മാനേജ്മെന്റിനെക്കുറിച്ചോ ഭാവിയിലെ വന്‍തോതിലുള്ള വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചോ വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും, ഇവരുടെ വൈകാരിക പ്രചാരണം സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചുവെന്നും ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ നിലവിലെ അവസ്ഥ തെളിയിക്കുന്നു.

സാങ്കേതികവും ശാസ്ത്രീയവുമായ ബദലുകള്‍ കണ്ടെത്താതെ, വന്‍കിട ഊര്‍ജ്ജ പദ്ധതികളെ മുഴുവന്‍ വികസനവിരുദ്ധമായി ചിത്രീകരിക്കുന്നത് അപകടകരമായ സാംസ്‌കാരിക പൊതുബോധമായി മാറി. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന മേനകാ ഗാന്ധി തീവ്രമായ പ്രകൃതി-വന്യജീവി സംരക്ഷണ നിലപാടുകള്‍ക്ക് പ്രശസ്തയായിരുന്നു.

പൂയംകുട്ടി പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍, പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിക്കാനും വിലയിരുത്താനും മേനകാ ഗാന്ധി മുന്നോട്ടുവന്നു. പദ്ധതി സൃഷ്ടിക്കുന്ന വനനാശവും ആനത്താരകളുടെ നാശവും നികത്താനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വന മന്ത്രാലയം വഴിയുള്ള അന്തിമ പാരിസ്ഥിതിക അനുമതി നല്‍കാന്‍ അവര്‍ വിസമ്മതിച്ചു.

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ പദ്ധതിക്കായി ഒന്നിച്ചു നിന്നപ്പോഴും, വനഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാട് പദ്ധതിയുടെ മുന്നോട്ടുപോക്കിനെ എന്നെന്നേക്കുമായി തടസ്സപ്പെടുത്തി.

കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം കേരളത്തിലെ പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ 1980-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന കേന്ദ്ര നിയമമാണ് വഴിത്തിരിവായത്. വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി വിട്ടുനല്‍കണമെങ്കില്‍ കേന്ദ്ര വന മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ കഴിയാതെയായി.

കേന്ദ്രം നിയോഗിച്ച വിവിധ വിദഗ്ധ സമിതികളും സലിം അലി ഇന്റര്‍നാഷണല്‍ സെന്റര്‍ പോലുള്ള പ്രസ്ഥാനങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വന്‍കിട ഡാമുകള്‍ നിര്‍മ്മിക്കുന്നത് പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തിന് വന്‍ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കി. പൂയംകുട്ടിയും അതിരപ്പള്ളിയും പോലുള്ള പദ്ധതികളില്‍ കേന്ദ്രം നടപ്പിലാക്കിയ ജനകീയ ഹിയറിങ്ങുകളില്‍ സ്ഥാപിത താല്‍പര്യമുള്ള ചില പരിസ്ഥിതി പ്രവര്‍ത്തകരുടെയും അവര്‍ ഇളക്കിവിട്ട പ്രാദേശിക ജനവിഭാഗങ്ങളുടെയും എതിര്‍പ്പ് ശക്തമായി ഉയര്‍ന്നുവന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ എത്രത്തോളം ആഗ്രഹിച്ചാലും, 1980ന് ശേഷം ശക്തി പ്രാപിച്ച കേന്ദ്ര നിയമങ്ങളും, മേനകാ ഗാന്ധിയെപ്പോലുള്ള പരിസ്ഥിതി വാദികളായ കേന്ദ്ര മന്ത്രിമാരുടെ കടുപ്പമേറിയ നിലപാടുകളുമാണ് സൈലന്റ് വാലിക്കും പൂയംകുട്ടിക്കും അതിരപ്പള്ളിക്കും ആത്യന്തികമായി അനുമതി നിഷേധിക്കപ്പെടാനും അവ ഉപേക്ഷിക്കപ്പെടാനും കാരണമായത്.

Electric Power Crisis in Kerala: Tracing Back to 1970s Environmental Protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും; പവര്‍കട്ട് ഒഴിവാക്കാന്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ നീക്കം

'80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവർ'; ബ്രിക്സിൽ സസ്യാഹാരം മാത്രം വിളമ്പിയതിനെതിരെ രാഹുൽ ​ഗാന്ധി

തിരൂരിന്റെ കാളവണ്ടിക്കാലത്തെ അവസാന സാരഥി: ഓർമ്മകളുടെ ഭാരമേറ്റി 77-ാം വയസ്സിൽ അഹമ്മദ് ബാവ

റിവേഴ്‌സിട്ട് സ്വര്‍ണവില; പവന് 240 രൂപ കുറഞ്ഞു

വെറുതെ വേയ്റ്റ് ലിഫ്റ്റിങ് ചെയ്തിട്ട് കാര്യമില്ല, ഈ ടെക്നിക്സ് അറിഞ്ഞിരിക്കണം