'സ്വന്തം വീട്ടില്‍ രാത്രി എസി ഉപയോഗിക്കില്ല, എല്ലാവരും സഹകരിക്കണം; ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം'

ഇന്നലെ അധികമായി വേണ്ടിവന്ന ആയിരത്തി ഇരുന്നൂറ് മെഗാവാട്ടിനായി പവര്‍ എക്‌സ്‌ചേഞ്ചില്‍ ആവശ്യപ്പെട്ടെങ്കിലും ഒരു മെഗാവാട്ട് പോലും കിട്ടിയില്ല
MG Rajamanickam
MG Rajamanickam
Edited By:
Updated on
1 min read

കൊച്ചി: രാത്രികാല വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവന്‍ തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം. പ്രതിസന്ധി രാജ്യത്താകമാനം ഉണ്ടെന്നും രാത്രിയില്‍ എസി ഓഫ് ചെയ്ത് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടില്‍ എസി ഉപയോഗിക്കല്ലെന്ന് തീരുമാനിച്ചതായും ഇക്കാര്യം കെഎസ്ഇബി ജീവനക്കാരോട് അഭ്യര്‍ഥിച്ചതായും രാജമാണിക്യം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റബറിലേക്കാള്‍ ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ അധികമായി വേണ്ടിവന്ന ആയിരത്തി ഇരുന്നൂറ് മെഗാവാട്ടിനായി പവര്‍ എക്‌സ്‌ചേഞ്ചില്‍ ആവശ്യപ്പെട്ടെങ്കിലും ഒരു മെഗാവാട്ട് പോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പീക്ക് സമയം എല്ലാവരും ഒന്നുചേര്‍ന്ന് എസി ഓഫ് ചെയ്ത്, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാതെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

ഇന്നലെ വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയാണ് നിയന്ത്രണമെന്ന് അറിയിച്ചിരുന്നതെങ്കിലും പുലര്‍ച്ചെ രണ്ടര മണിക്കും വൈദ്യുതി തടസമുണ്ടായി. വൈദ്യുതി നിയന്ത്രണ സമയം അറിയിച്ചുള്ള സന്ദേശം ഉപഭോക്താവിന്റെ മൊബൈലില്‍ ലഭിച്ച് തുടങ്ങി. വരുംദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരും.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീട്ടിലും ഓഫീസിലും വൈദ്യതി ഉപയോഗം നിയന്ത്രിച്ച് ഊര്‍ജ്ജ സംരക്ഷണത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കെഎസ്ഇബി മാതൃകയാകണമെന്ന് രാജമാണിക്യം പറഞ്ഞിരുന്നു. കെഎസ്ഇബി ഓഫിസുകളില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം. രാത്രിയില്‍ എ.സി പൂര്‍ണമായും ഒഴിവാക്കണമെന്നുമാണ് അഭ്യര്‍ഥന. ജീവനക്കാരുടെ വീടുകളിലും വൈകുന്നേരം 6 മുതല്‍ 12 വരെ എ.സി നിയന്ത്രിക്കണമെന്ന് രാജമാണിക്യം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് രാവിലെയാക്കണം. കെ.എസ്.ഇ.ബി ജീവനക്കാര്‍ ഓരോത്തരും ഇത് ചെയ്യുമ്പോള്‍ അത് വലിയ മാറ്റമുണ്ടാക്കും. ഇത് പൊതുജനത്തിന് മാതൃക തീര്‍ക്കുന്നതിനാണെന്നും എം.ജി രാജമാണിക്യം പറഞ്ഞു.

കൂടിയ വില നല്‍കാന്‍ തയ്യാറായാലും വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അതിനാല്‍ ഓരോ യൂണിറ്റ് വൈദ്യുതിയും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ നിയന്ത്രണം ഒരു ഉത്തരവായി കാണാതെ സ്വയം നിയന്ത്രണമായി ഏറ്റെടുത്ത് കെഎസ്ഇബി ആദ്യം അത് ചെയ്ത് കാണിക്കണമെന്നും ഊര്‍ജ്ജ സംരക്ഷണം നമ്മില്‍ നിന്ന് തുടങ്ങാമെന്നും ജീവനക്കാര്‍ക്കുള്ള കത്തില്‍ പറഞ്ഞു.

Summary

KSEB Chairman MG Rajamanickam has stated that night power restrictions will have to continue for the rest of this month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com