Kerala Film Policy Conclave Social Media
Kerala

സമഗ്ര സിനിമാ നയം മൂന്നുമാസത്തിനകം; സിനിമ പോളിസി കോണ്‍ക്ലേവിന് വിവാദങ്ങളോടെ സമാപനം

ഒന്‍പത് വിഷയങ്ങളിലായി നടന്ന ചര്‍ച്ചകളിലൂടെ വിദഗ്ധരുടെയും അതിനുശേഷമുള്ള ഓപ്പണ്‍ ഫോറങ്ങളിലൂടെ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയും അഭിപ്രായം തേടിയാണ് കോണ്‍ക്ലേവ് സമാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവിന് വിവാദങ്ങളോടെ സമാപനം. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരും മലയാള സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരും പങ്കെടുത്ത കോണ്‍ക്ലേവിന്റെ സമാപന സമ്മേളത്തില്‍ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. അതേസമയം, കോണ്‍ക്ലേവിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമഗ്ര സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.

ഒന്‍പത് വിഷയങ്ങളിലായി നടന്ന ചര്‍ച്ചകളിലൂടെ വിദഗ്ധരുടെയും അതിനുശേഷമുള്ള ഓപ്പണ്‍ ഫോറങ്ങളിലൂടെ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയും അഭിപ്രായം തേടിയാണ് കോണ്‍ക്ലേവ് സമാപിച്ചത്. സ്വീകരിക്കാവുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ചര്‍ച്ചകളിലൂടെ ലഭിച്ചവ ഉള്‍പ്പെടുത്തിയും സമഗ്രമായൊരു സിനിമാ നയമാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നത്.

സിനിമാ മേഖലയിലെ ഇരട്ടനികുതിയെന്ന പ്രശ്നം പരിഹരിക്കുന്നതിനായി വിനോദ നികുതി ഒഴിവാക്കുന്ന കാര്യം സമാപന ചടങ്ങില്‍വച്ചുതന്നെ മന്ത്രി സജി ചെറിയാന്‍, ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇ ടിക്കറ്റിംഗ് നടപ്പിലാക്കുന്നതിനായി ഈ വര്‍ഷം തന്നെ അഞ്ച് കോടി രൂപ അനുവദിക്കുകയും അതുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാലയുമായി ധാരണയിലെത്തുകയും ചെയ്തതായി മന്ത്രി പറഞ്ഞു. സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കുന്നതിനായി ഏകജാലക സംവിധാനം കൊണ്ടുവരും. സ്വതന്ത്ര സിനിമകള്‍ക്ക് സര്‍ക്കാര്‍ തിയറ്ററുകളില്‍ ഒരു പ്രദര്‍ശനമെങ്കിലും ഉറപ്പാക്കുകയും അവയ്ക്ക് സബ്സിഡി നല്‍കുന്നത് പരിശോധിക്കുകയും ചെയ്യും. റിവ്യൂ ബോംബിംഗ് സിനിമയെ തകര്‍ക്കാതിരിക്കാന്‍ പൊതുവായൊരു പെരുമാറ്റചട്ടം കൊണ്ടുവരുന്ന കാര്യവും പരിഗണിക്കും. സിനിമാ നയത്തിന് പൂര്‍ത്തീകരണം വരുമ്പോള്‍ ടെലിവിഷന്‍ നയംകൂടി ഉള്‍പ്പെടുന്ന ഒരു സമഗ്രനയമായിരിക്കും രൂപീകരിക്കുക. ഷൂട്ടിങ്ങ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനും ലിംഗസമത്വം ഉറപ്പാക്കി ജോലി ചെയ്യാന്‍ പൂര്‍ണ സുരക്ഷ നല്‍കുന്ന നയമായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ഉറപ്പും മന്ത്രി സജി ചെറിയാന്‍ നല്‍കി.

ചിത്രാഞ്ജലയില്‍ മലയാള സിനിമാ മ്യൂസിയത്തിന്റെ ഭാഗമായി അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്മാരകങ്ങള്‍ ഒരുക്കും. സിനിമ ഒരു തൊഴിലിടമായതിനാല്‍ തൊഴില്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. സിനിമാരംഗത്തെ എല്ലാവര്‍ക്കും തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ കലാരൂപങ്ങളും അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രണ്ടുദിവസമായി നടക്കുന്ന സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്റര്‍ സമുച്ചയം മാത്രമല്ല ആവശ്യം. കവികള്‍ക്കും എഴുത്തുകാര്‍ക്കും എല്ലാ കലാകാരന്മാര്‍ക്കും കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഇടം ഉണ്ടാക്കുന്നതിനാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിയറ്ററുകളില്‍ ഇ ടിക്കറ്റിങ്ങ് ഏര്‍പ്പെടുത്തണം. ഇതിന്റെ പേരില്‍ നടക്കുന്ന അഴിമതി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഒരു സമിതി രൂപീകരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണം. ടെലിവിഷനുകളില്‍ ഇന്ന് നല്ല പരിപാടികള്‍ ഇല്ലാത്ത കാലമാണ്. സിനിമാ കോണ്‍ക്ലേവ് എന്നതില്‍നിന്ന് സിനിമ- ടി.വി. കോണ്‍ക്ലേവ് എന്നാക്കി ഈ കോണ്‍ക്ലേവിനെ മാറ്റണം. സിനിമാ രംഗത്ത് സാമൂഹിക പ്രസക്തമായ മൗലികമായ സൃഷ്ടികള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അടൂര്‍ പറഞ്ഞു.

തലസ്ഥാനത്ത് 100 കോടി രൂപവരെ മുതല്‍മുടക്കില്‍ സിനിമാ കോംപ്ലക്സ് നിര്‍മിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ധാരാളം പുതിയ കാര്യങ്ങള്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സിനിമയില്‍ കലാകാരന്മാര്‍ സ്വയം കാര്യങ്ങള്‍ ചെയ്യുന്നു എങ്കിലും അതില്‍ നിയന്ത്രണം കൊണ്ടുവരാനല്ല, ആവശ്യമായ പിന്തുണ നല്‍കാനും കൃത്യമായ രീതിയുണ്ടാക്കാനുമാണ് സര്‍ക്കാരിന്റെ സഹായമുണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് സിനിമാ കോണ്‍ക്ലേവ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സിനിമാ മേഖലയില്‍ എത്തുന്നവര്‍ നിര്‍മ്മാണത്തിന്റെ പ്രായോഗികതലം പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും സ്വപ്നം കണ്ടിട്ട് കാര്യമില്ലെന്നും മുതിര്‍ന്ന ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മികച്ച 11 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് മലയാള പനോരമ വിഭാഗം രൂപീകരിക്കണമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. അത്തരം ചിത്രങ്ങള്‍ക്ക് ഉയര്‍ന്ന സബ്സിഡി നല്‍കണം. നല്ല സിനിമകള്‍ കാണാനായി വാരാന്ത്യങ്ങളില്‍ തിയേറ്ററുകളില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കണം. വിദേശ ചലച്ചിത്രമേളകളില്‍ പങ്കെടുക്കുന്നതിനുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സംസ്ഥാനതലത്തില്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി എന്നിവരെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍ പേഴ്സണ്‍ പ്രേംകുമാര്‍, ചലച്ചിത്ര നയരൂപീകരണ സമിതി അംഗങ്ങളായ സന്തോഷ് ടി. കുരുവിള, പത്മപ്രിയ, നിഖില വിമല്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ മധു, കെഎസ്എഫ്ഡിസി എം ഡി പ്രിയദര്‍ശന്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയപേഴ്സണ്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

The Kerala Film Policy Conclave, organized by the Department of Culture to formulate a comprehensive policy for the Malayalam cinema sector, concluded with controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT