girl loses eyesight doctor hospital to pay Rs 10 lakh compensation 
Kerala

കാഴ്ച നഷ്ടപ്പെട്ടത് ചികിത്സാ പിഴവില്‍; അഞ്ചുവയസുകാരിക്ക് 10 ലക്ഷം നഷ്ടപരിഹാരം; തുക നല്‍കേണ്ടത് ആശുപത്രിയും ഡോക്ടറും

കുട്ടിക്ക് നഷ്ടപരിഹാരമായി ജില്ലാ കമ്മീഷന്‍ ഉത്തരവിട്ട അഞ്ചു ലക്ഷം രൂപയെക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഇടപെടല്‍.

വിദ്യാനന്ദന്‍ എംഎസ്‌

കല്‍പ്പറ്റ: ചികിത്സാ പിഴവ് മൂലം ഒരു കണ്ണ് നഷ്ടപെട്ട അഞ്ചു വയസുകാരിക്ക് ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. 2008 ല്‍ നടന്ന സംഭവത്തിലാണ് നടപടി. ചെറുപ്രായത്തില്‍ കാഴ്ച നഷ്ടപ്പെട്ട കുട്ടിക്ക് നഷ്ടപരിഹാരമായി ജില്ലാ കമ്മീഷന്‍ ഉത്തരവിട്ട അഞ്ചു ലക്ഷം രൂപയെക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാണ് സംസ്ഥാന കമ്മീഷന്റെ ഇടപെടല്‍. ഡോക്ടറും ആശൂപത്രിയും സംയുക്തമായി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ ചെലവായും നല്‍കണം. പരാതി തീയതി മുതല്‍ 9 ശതമാനം പലിശയും നല്‍കണം എന്നാണ് ഉത്തരവ്.

2008 ഫെബ്രുവരി നാലിനാണ് രാത്രി വീട്ടില്‍ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് വയനാട് മുട്ടില്‍ സ്വദേശിനിയായ കുട്ടിക്ക് കത്രിക കൊണ്ട് വലത് കണ്ണിന് പരിക്കേറ്റത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയനാട് തന്നെയുള്ള കണ്ണാശൂപത്രിയിലേക്ക് റഫര്‍ ചെയ്തു. പിറ്റേന്ന് രാവിലെ കണ്ണാശൂപത്രിയില്‍ അഡ്മിറ്റ് ആയി. വൈകുന്നേരം കണ്ണിന് ശസ്ത്രക്രിയ നടത്തി. പതിനേഴാം തീയതി കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ഇരുപതിന് വൈകിട്ട് തുടര്‍ പരിശോധനക്കായി എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇരുപതിന് വന്നപ്പോള്‍ കണ്ണിന്റെ അവസ്ഥ മോശമെന്ന് കണ്ട ഡോക്ടര്‍ കോഴിക്കോടുള്ള കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെത്തിയപ്പോള്‍ അവസ്ഥ മോശമെന്ന് കണ്ട ഡോക്ടര്‍മാര്‍ കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശൂപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇരുപത്തൊന്നാം തീയതി കുട്ടിയെ അരവിന്ദില്‍ പ്രവേശിപ്പിച്ചു. വിവിധ ചികിത്സകള്‍ ചെയ്തിട്ടും ഫലിക്കാതെ വന്നപ്പോള്‍ മാര്‍ച്ച് എട്ടിന് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെയാണ് വയനാട്ടിലെ ആശുപത്രിക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്. ചികിത്സാ പിഴവ് കണ്ടെത്തിയ കമ്മീഷന്‍ കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ചെലവും നല്‍കാന്‍ ഡോക്ടറോടും ആശൂപത്രിയോടും ആവശ്യപ്പെട്ടു. ഇതിനെതിരെ സംസ്ഥാന കമ്മീഷനില്‍ വന്ന അപ്പീലിലാണ് അടുത്തിടെ ഉത്തരവ് വന്നത്. സംസ്ഥാന കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ അജിത് കുമാര്‍ ഡി, മെമ്പര്‍ രാധാകൃഷ്ണന്‍ കെ.ആര്‍. എന്നിവരുടെ ബെഞ്ചാണ് പരാതി കേട്ടത്.

ചികിത്സ തീരും മുമ്പേ കുട്ടിയുടെ അമ്മയുടെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി പോയതിനാല്‍ അണുബാധ ഉണ്ടായെന്നാണ് ഡോക്ടറും ആശൂപത്രിയും വാദിച്ചത്. സ്വന്തമിഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി എന്ന് രേഖപ്പെടുത്തിയ ആശുപത്രി രേഖകളും അവര്‍ ഹാജരാക്കി. പക്ഷെ ആശൂപത്രിയുടെ വാദം തെറ്റാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. കാരണം രോഗിക്ക് നല്‍കിയ ഡിസ്ചാര്‍ജ് സമ്മറിയില്‍ സ്വന്തം ഇഷ്ടപ്രകാരം 'ഡിസ്ചാര്‍ജ് വാങ്ങി'യെന്നോ 'വൈദ്യോപദേശത്തിനു വിരുദ്ധമായി ഡിസ്ചാര്‍ജ് വാങ്ങി' എന്നോ രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രി രേഖകളില്‍ സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി എന്നുള്ളത് പിന്നീട് എഴുതി ചേര്‍ത്തതാവാമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മാത്രവുമല്ല തന്നിഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങിപ്പോയവരോട് മൂന്നാം നാള്‍ വൈകുന്നേരം റിവ്യൂവിനായി എത്താന്‍ പറഞ്ഞതിലെ വൈരുധ്യവും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Five-year-old girl who lost an eye due to a post-surgery infection in 2008 was awarded Rs 10 lakh compensation by the Kerala State Consumer Disputes Redressal Commission (SCDRC). The victim, now in her twenties, hails from Muttil in Kerala's Wayanad district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT