തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ യുപിഎസ് സി തീരുമാനം ഉടന്‍ വരാനിരിക്കെ, ഡിജിപി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഒഴിവാകാൻ കടുത്ത സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് അയച്ചു നല്‍കിയ ആറംഗ പട്ടികയില്‍ ഇടംപിടിച്ച സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് മേലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുള്ളത്. സര്‍ക്കാരിന് ഇഷ്ടക്കാരായവരെ നിയമിക്കുക ലക്ഷ്യമിട്ട്, പട്ടികയിലുള്ള സീനിയര്‍ ഉദ്യോഗസ്ഥരോട് ഡിജിപി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ഒഴിയാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സര്‍ക്കാരിന് താല്‍പ്പര്യമുള്ള മനോജ് എബ്രഹാം, എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ക്ക് വഴിയൊരുക്കാനാണ് പട്ടികയില്‍ ആദ്യ പേരുകാരായ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുള്ളത്. എഡിജിപിമാരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്. 30 വര്‍ഷ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പ് കത്തയച്ചത്. പട്ടികയില്‍ അഞ്ചാമതും ആറാമതുമുള്ള സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് എഡിജിപിമാര്‍. ഇതില്‍ ആഭ്യന്തര വകുപ്പിന് താല്‍പ്പര്യമുള്ള അജിത് കുമാറിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോപണം.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയാണ് യോഗേഷ് ഗുപ്ത. നാലാമതാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ എ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടി വരുന്നതിനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് സമ്മര്‍ദ്ദ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ രവാഡയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഡിജിപി പദവിയിലേക്ക് താല്‍പ്പര്യമില്ലെങ്കില്‍ ക്ലിയറന്‍സ് നല്‍കാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചതെന്നാണ് സൂചന.
വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത മുഖം നോക്കാതെ സ്വീകരിച്ച നടപടികളും, സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സ്വീകരിച്ച നിലപാടുകളുമാണ് ആഭ്യന്ത്ര വകുപ്പിന് അദ്ദേഹത്തോടുള്ള അപ്രീതിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് അടുത്തിടെ യോഗേഷ് ഗുപ്തയെ വിജിലന്‍സിന്റെ തലപ്പത്തു നിന്നും ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി നിയമിക്കുകയായിരുന്നു. സര്‍വീസിലുള്ളതും വിരമിച്ചതുമായ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ മുഖേന, പട്ടികയിലെ ആദ്യ പേരുകാരില്‍ പലവിധ സമ്മര്‍ദ്ദവും ചെലുത്തി വരികയാണ്. ഇവര്‍ വഴി ഡിജിപി പദവിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് വാഗ്ദാനങ്ങളും ഇവര്‍ക്ക് നല്‍കുന്നതായാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍ 30 ന് നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ അടുത്ത സംസ്ഥാന പൊലീസ് മേധാവിയെ യുപിഎസ്സി തെരഞ്ഞെടുക്കും. പട്ടികയിലെ ഏറ്റവും സീനിയറായ നിതിന്‍ അഗര്‍വാള്‍ പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. ബിഎസ്എഫ് മുന്‍ മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍, സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തുകയായിരുന്നു. റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയുമാണ് സീനിയോറിറ്റിയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഇവര്‍ ഒഴിവായാല്‍ മാത്രമേ, സര്‍ക്കാരിന് താല്‍പ്പര്യമുള്ള മനോജ് എബ്രഹാം, എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ പട്ടികയില്‍ ഇടംനേടുകയുള്ളൂ.
എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളോട് പട്ടികയില്‍ ഇടംനേടിയ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് സൂചന. അജിത് കുമാറിനേക്കാള്‍ സീനിയറായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലാണെങ്കിലും, പൊലീസ് മേധാവി പദവി ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസില്‍ എഡിജിപി അജിത് കുമാറിനെതിരായ കേസ് വിജിലന്‍സ് കോടതി ജൂണ്‍ 21 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറാക്കി യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുക.
Manoj Abraham, M R Ajith Kumar who are among the six IPS officers whose names it has proposed for kerala police chief post. Kerala government has resorted to an unprecedented act: Asking the contenders to drop out of the DGP race.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates