Kerala High Court Suggests Lowering Juvenile Age Limit to 16 (AI Generated Image)
Kerala

'ജുവനൈല്‍ പ്രായപരിധി 16 ആക്കണം'; നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം എളുപ്പത്തില്‍ ലഭിക്കുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: കുട്ടി കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം നിയമനിര്‍മാണ സഭ ഗൗരവമായി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും റോഡപകടങ്ങളും സംസ്ഥാനത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം. 16 വയസാകുമ്പോഴേക്കും കുട്ടികള്‍ക്ക് മതിയായ പക്വത കൈവരിക്കുന്ന പ്രവണതയാണ് നിലവിലുള്ളതെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. നിയമപരമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം എളുപ്പത്തില്‍ ലഭിക്കുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.

23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നത് നിരോധിക്കുന്ന കേരള അബ്കാരി നിയമത്തിലെ 15 എ, 15 ബി വകുപ്പുകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി വിനോദ് വിക്രമന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഒക്ടോബര്‍ 11ന് നെടുമ്പാശ്ശേരിയിലുണ്ടായ അപകടവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന 19കാരന്‍ ഓടിച്ച ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവമാണിത്.

പ്രായം പരിശോധിക്കാതെയാണ് എറണാകുളത്തെ വിവിധ ബാറുകളില്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കിയതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ യു ജയകൃഷ്ണന്‍ കോടതിയില്‍ വാദിച്ചു. എക്‌സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര വിജിലന്‍സ് അന്വേഷണം വേണമെന്നും ലൈസന്‍സുള്ള ബാറുകളില്‍ നിര്‍ബന്ധിത ഡിജിറ്റല്‍ പ്രായപരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിയമലംഘകര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിശദമായ വാദം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി, നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വിശദീകരിച്ചും ഇത്തരം സംഭവങ്ങള്‍ തടയാനുള്ള നടപടികള്‍ നിര്‍ദേശിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് കമ്മിഷണറോട് ആവശ്യപ്പെട്ടു.

അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. നവംബര്‍ രണ്ടിന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ 17കാരനാണ് ഒന്നാം പ്രതിയായി കണ്ടെത്തിയത്. കൊച്ചിയിലെ കണ്ടെയ്‌നര്‍ റോഡില്‍ ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ആഡംബര കാര്‍ ഇടിച്ച് 55കാരന്‍ മരിച്ച സംഭവവും കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. ഓഗസ്റ്റില്‍ ആലപ്പുഴ കരുവാറ്റയില്‍ 67കാരനായ മുത്തച്ഛനെ കൊലപ്പെടുത്താന്‍ മൂന്ന് കൗമാരക്കാരായ ആണ്‍കുട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 13കാരിക്കെതിരെയും കേസെടുത്തിരുന്നു.

Kerala High Court Calls for Reducing Juvenile Age Limit from 18 to 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നണിയോഗം ചേരുന്നില്ല, ലീഗിന് മാത്രം പരിഗണന; അതൃപ്തി പരസ്യമാക്കി ആര്‍എസ്പി

14-ാം വയസുമുതൽ നെ​ഗറ്റീവ് കമന്റുകൾ കാണുന്നു, ഡാൻസ് അറിയില്ലെന്ന് കളിയാക്കി; ബുള്ളിയിങ്ങിനെക്കുറിച്ച് ഹൻസിക

കാമുകിക്ക് വീടു പണിയാന്‍ കവര്‍ച്ച, 'മിഷന്‍ സക്‌സസ്' സന്ദേശം, 5 കിലോ ആഭരണങ്ങള്‍ ജലസംഭരണിക്ക് അടിയില്‍ കുഴിച്ചിട്ടു

അഞ്ചുലക്ഷത്തിന്റെ ചിട്ടി, തിരികെ കിട്ടുക 11 ലക്ഷം രൂപ; അറിയാം കിടിലന്‍ കോമ്പോ സ്ട്രാറ്റജി

ചിന്നക്കനാൽ 301 കോളനി വികസനം: രണ്ട് മാസത്തിനകം താമസം തുടങ്ങിയില്ലെങ്കിൽ പട്ടയം റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം