Nivin Pauly വിഡിയോ സ്ക്രീൻഷോട്ട്
Kerala

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

നിർമ്മാതാവ് ഷംനാസിനെതിരായ വ്യാജരേഖാ കേസും ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചു നിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് താരത്തിനും സംവിധായകനുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനൊപ്പം, നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചുവെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്.

ഇരുവിഭാഗവും തമ്മിലുള്ള തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പിലെത്തിയതിനാലും, പരസ്പരം മറ്റ് പരാതികളോ തർക്കങ്ങളോ ഇല്ലാത്തതിനാലും കേസുകളുമായി മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കേസിലെ വസ്തുതകളും കോടതിയിൽ സമർപ്പിച്ച രേഖകളും പരിശോധിച്ചതിൽനിന്ന് ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഗുരുതര സ്വഭാവമുള്ളതല്ല. മാത്രമല്ല, കേസ് തുടർന്നു കൊണ്ടുപോയാലും പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത തീർത്തും വിരളമാണെന്നിരിക്കെ വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നത് കോടതിയുടെ സമയം പാഴാക്കലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

'ഇന്ത്യൻ മൂവി മേക്കേഴ്സ്' ഉടമയായ പി.എസ്. ഷംനാസ് കോട്ടയം തലയോലപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസെടുത്തിരുന്നത്. 3.5 കോടി മുതൽ 4 കോടി രൂപ വരെ മുടക്കി നിർമ്മിച്ച 'മഹാവീര്യർ' എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന്, ഇരുവരും ചേർന്ന് ഷംനാസിന് 'ആക്ഷൻ ഹീറോ ബിജു 2' എന്ന പുതിയ ചിത്രത്തിൽ സഹനിർമ്മാതാവ് പദവിയും വിദേശ വിതരണാവകാശത്തിൽ നിന്നുള്ള ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു പരാതി. എന്നാൽ പിന്നീട് ചിത്രത്തിന്റെ ടൈറ്റിൽ കൈമാറ്റം രഹസ്യമാക്കി വെക്കുകയും, കാലാവധി കഴിഞ്ഞ പഴയ കരാർ ഉപയോഗിച്ച് ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് ചിത്രത്തിന്റെ വിദേശ വിതരണാവകാശങ്ങൾ അഞ്ച് കോടി രൂപയ്ക്ക് വിറ്റ് തനിക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നുമാണ് ഷംനാസ് ആരോപിച്ചിരുന്നത്.

ഈ സംഭവത്തിന് പിന്നാലെ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ സമർപ്പിച്ച രേഖകളിൽ തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് നിവിൻ പോളി മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. തുടർന്ന് പാലാരിവട്ടം പൊലീസ് ഷംനാസിനെതിരെ ഐപിസി 465 (വ്യാജരേഖ ചമയ്ക്കൽ), 471 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷംനാസും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയ വിവരം പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ സ്ഥിരീകരിച്ചതോടെ, മൂവർക്കുമെതിരെയുള്ള ക്രിമിനൽ നടപടികൾ പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു.

The Kerala High Court has quashed the criminal proceedings initiated against popular Malayalam actor Nivin Pauly and filmmaker Abrid Shine over an alleged cheating and financial fraud of Rs 1.9 crore, following an amicable out-of-court settlement between the parties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

കൃഷിയിടത്തിലെ സ്വര്‍ണവിള; ജാതി കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി