മന്ത്രി ബിന്ദു കൃഷ്ണ  
Kerala

കോറോഹെൽത്ത് ലേ-ഓഫ്: കേന്ദ്ര ഇടപെടൽ ഉറപ്പുനൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി; കൊച്ചി, കോഴിക്കോട് സെന്ററുകളിലെ 850 ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ കേന്ദ്രത്തെ ധരിപ്പിച്ചു; ജൂലൈ 20-ന് കമ്പനി മാനേജ്മെന്റുമായി നിർണ്ണായക ചർച്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ഹെൽത്ത് ടെക്നോളജി കമ്പനിയായ കോറോഹെൽത്ത് കേരളത്തിലെ കൊച്ചി, കോഴിക്കോട് സെന്ററുകളിൽ നിന്നായി 850-ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉറപ്പുനൽകിയതായി സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ന്യൂഡൽഹിയിൽ വെച്ച് കേന്ദ്ര തൊഴിൽ-ഉദ്യോഗസ്ഥ കാര്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻകൂട്ടി യാതൊരുവിധ അറിയിപ്പും നൽകാതെ ജീവനക്കാരെ പെട്ടെന്ന് ജോലിയിൽ നിന്ന് പിഴുതെറിഞ്ഞ കമ്പനിയുടെ നടപടി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് വളരെ അനുകൂലവും പ്രോത്സാഹജനകവുമായ പ്രതികരണമാണ് ഉണ്ടായതെന്നും ജീവനക്കാരുടെ തൊഴിൽ സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായും ബിന്ദു കൃഷ്ണ പറഞ്ഞു

'ലാസ്റ്റ് കം, ഫസ്റ്റ് ഗോ' രീതി വേണം; സ്ഥലംമാറ്റ സാധ്യതയും തേടും

കേരളത്തിന് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സെന്ററുകളുള്ള വലിയൊരു ഐ.ടി/ഹെൽത്ത് ടെക് കമ്പനിയാണ് കോറോഹെൽത്ത്. കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ സെന്ററുകളിലേക്ക് മാറ്റുകയാണെങ്കിൽ, അത് പെട്ടെന്നാകാതെ ഘട്ടംഘട്ടമായി മാത്രമേ ചെയ്യാവൂ എന്ന് തൊഴിൽ വകുപ്പ് കമ്പനി പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിൽ പൊതുവെ പിന്തുടരുന്ന 'ലാസ്റ്റ് കം, ഫസ്റ്റ് ഗോ' (ഏറ്റവും ഒടുവിൽ ജോലിയിൽ പ്രവേശിച്ചവരെ ആദ്യം ഒഴിവാക്കുക) എന്ന തത്വം പാലിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രിയും സമാനമായ നിലപാടാണ് പങ്കുവെച്ചത്. കേരളത്തിലെ ജീവനക്കാരിൽ ചിലരെയെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സെന്ററുകളിലേക്ക് മാറ്റി പാർപ്പിച്ചു കൂടെയെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ കുട്ടികളുടെ തൊഴിൽ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ അവസരങ്ങളും ഒരുക്കുമെന്നും ഇതിനായി കേന്ദ്രം നേരിട്ട് ഇടപെടുമെന്നും മാണ്ഡവ്യ ഉറപ്പുനൽകി. ജൂലൈ 20-ന് കോറോഹെൽത്ത് മാനേജ്മെന്റുമായി സംസ്ഥാന സർക്കാർ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. ഈ ചർച്ചയുടെ വിവരങ്ങൾ അടിയന്തിരമായി കേന്ദ്രത്തെ അറിയിക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതിനുശേഷവും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ കേന്ദ്ര സർക്കാർ നേരിട്ട് മാനേജ്മെന്റുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

തൊഴിലുറപ്പ് പദ്ധതിയും ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങളും ഉന്നയിച്ചു

കോറോഹെൽത്ത് വിഷയത്തിന് പുറമെ കേരളത്തിലെ മറ്റ് പല തൊഴിൽ അധിഷ്ഠിത പ്രശ്നങ്ങളും കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിന്ദു കൃഷ്ണ ഉന്നയിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശരിയായ രീതിയിലാണ് നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തലെങ്കിലും, ഇതുമായി ബന്ധപ്പെട്ട് കേരളത്തിൻറെ ആശങ്കകൾ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. കൂടാതെ തോട്ടം തൊഴിലാളികളുടെയും ഗിഗ് തൊഴിലാളികളുടെയും മോശം ജീവിതസാഹചര്യങ്ങൾ, സംസ്ഥാനത്തെ ഇ.എസ്.ഐ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനമില്ലായ്മ, മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ കുറവ് എന്നിവയും ചർച്ചയായി. ഈ പ്രശ്നങ്ങളിലെല്ലാം അടിയന്തിരമായി പരിഹാരമുണ്ടാക്കാമെന്ന് മൻസുഖ് മാണ്ഡവ്യ ഉറപ്പുനൽകി.

ഉസ്ബക്കിസ്ഥാനിലെ വിദ്യാർത്ഥിയുടെ മരണം: ദാരുണമെന്ന് മന്ത്രി

ഹരിപ്പാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഉസ്ബക്കിസ്ഥാനിൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തോടും മന്ത്രി പ്രതികരിച്ചു. അതീവ ദാരുണവും വേദനാജനകവുമായ സംഭവമാണിത്. വിദ്യാർത്ഥി വളരെ ക്രൂരമായ രീതിയിലാണ് കൊല ചെയ്യപ്പെട്ടത്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടും. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Kerala Labour Minister Bindu Krishna on Monday met Union Labour and Employment Minister Mansukh Mandaviya in New Delhi and secured central government assurance for intervention regarding the sudden layoff of around 850 employees by health technology firm CorroHealth across its Kochi and Kozhikode facilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

'ചതിച്ചത് ജോർജിയ; ആഷ്ലി ​ഗാർഡ്നറുമായി വഴിവിട്ട ബന്ധം'; ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിൽ വിവാദം കത്തുന്നു

'ആരെന്ന് പറഞ്ഞാല്‍ 100 യൂറോ തരാം'; 10 വര്‍ഷം മുമ്പ് കൂടെ അഭിനയിച്ച നടനെ ആള്‍ക്കൂട്ടത്തില്‍ നിന്നും തിരിച്ചറിഞ്ഞ് ധ്യാന്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് ധൈര്യമായി നിക്ഷേപിക്കാം, 100 ശതമാനം സുരക്ഷിതം; അറിയാം കെഎസ്എഫ്ഇ പദ്ധതി

മുതിർന്ന സിപിഐ നേതാവും കളരി ഗുരുക്കന്മാരുമായ വി കെ രാഘവൻ വൈദ്യർ അന്തരിച്ചു