തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല. വോട്ടർമാരായ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ വൈകി വരാനോ, നേരത്തേ പോകാനോ അനുവദിക്കും. അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ച് സൗകര്യം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടുചെയ്യാൻ ഐടി മേഖലയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കണം. ദിവസ വേതനക്കാർ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ടുചെയ്യേണ്ട ദിവസം വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളായ സ്കൂളുകൾക്കും രണ്ടു ദിവസം അവധിയായിരിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറും, വോട്ടെണ്ണൽ ദിവസവും സമ്പൂർണ്ണ മദ്യനിരോധനവുമായിരിക്കും. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ 8 ന് വൈകീട്ട് ആറുമണിവരെ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് പോസ്റ്റ് മാസ്റ്റർ ജനറൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉള്‍പ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 7 ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്.
ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. തുടർന്ന് ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തു തലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്നു വോട്ടും നഗരസഭയിൽ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്. ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates