കണ്ണൂർ: വോട്ടെടുപ്പ് ദിനത്തിൽ ബൂത്തിലെത്തിയ ലോട്ടറി തൊഴിലാളിയുടെ അപ്രതീക്ഷിത വിയോഗം മോറാഴ ഗ്രാമത്തിന് നോവായി മാറി. വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച ലോട്ടറി തൊഴിലാളിയുടെ സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ നടക്കും. മോറാഴ കുട്ടഞ്ചേരിയിൽ കുട്ടഞ്ചേരി പടിഞ്ഞാറെ വീട്ടിൽ സുധീഷ് കുമാർ (48) ആണ് മരിച്ചത്.
ശാരീരിക അവശതയുള്ളയാളാണ് സുധീഷ്കുമാർ. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന സുധീഷ്. ആന്തൂർ നഗരസഭയിലെ മോറാഴ സൗത്ത് എഎൽപി സ്കൂളിൽ ബൂത്ത് നമ്പർ 24 ൽ വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെ ആണ് സംഭവം.
ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് ഇദ്ദേഹം പുറത്തു നിന്ന് ലോട്ടറി വിൽപ്പന നടത്തിയിരുന്നു. ഇതിനിടെയാണ് വോട്ട് ചെയ്യാനായി അകത്തേയ്ക്ക് കയറിയത്. ശാരീരിക അവശതയുള്ളതിനാൽ ഉദ്യോഗസ്ഥർ പെട്ടെന്ന് വോട്ടു ചെയ്തു പോകാൻ പ്രത്യേക സൗകര്യമൊരുക്കുകയും ചെയ്തു. സ്ലിപ് നൽകി കാത്തുനിൽക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ടതിനാൽ സമീപത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു. എന്നാൽ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
സുധീഷിന് പ്രഥമ ശ്രുശ്രൂഷ നൽകി ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിമുക്തഭടൻ ബാലകൃഷ്ണൻ്റെയും പരേതയായ തങ്കമണിയുടെയും മകനാണ്. സഹോദരൻ: പികെ സുനിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates