തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂർ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. ഇതിനു മുമ്പ് 6 മണിക്ക് മോക് പോള്‍ നടത്തും. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് ബൂത്തില്‍ വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വോട്ടെടുപ്പ് ദിവസം നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. സ്വകാര്യ കമ്പനികള്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കേണ്ടതാണ്. വോട്ടെടുപ്പു ദിവസം മദ്യശാലകള്‍ക്ക് അവധിയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates