തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തിന് പിന്നാലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് മന്ത്രിമാർക്കുള്ള ഔദ്യോഗിക മന്ദിരങ്ങൾ അനുവദിച്ച് അന്തിമ ഉത്തരവിറക്കിയത്. മുൻപ് പല പ്രമുഖ വസതികൾക്കായും ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തുകയായിരുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ താല്പര്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ഈ മന്ദിരം തനിക്ക് വേണമെന്ന് ചെന്നിത്തല നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനാണ് ലഭിച്ചത്.
പ്രമുഖ നേതാക്കളുടെ വസതികൾ ഇങ്ങനെ
കോൺഗ്രസ് മന്ത്രിമാരിൽ കെ. മുരളീധരന് ‘സാനഡു’ ബംഗ്ലാവും, എ.പി. അനിൽകുമാറിന് ‘കാവേരി’യും, പി.സി. വിഷ്ണുനാഥിന് ‘നിള’യും അനുവദിച്ചു. എം. ലിജുവിന് ‘അജന്ത’, റോജി എം. ജോണിന് ‘ഗ്രേസ്’, ടി. സിദ്ധിഖിന് ‘ഗംഗ’, കെ.എ. തുളസിക്ക് ‘പ്രശാന്ത്’, ബിന്ദു കൃഷ്ണയ്ക്ക് ‘തൈക്കാട് ഹൗസ്’ എന്നിവയാണ് ലഭിച്ചത്. ഒ.ജെ. ജനീഷിന് ‘മൻമോഹൻ ബംഗ്ലാവ്’ ഔദ്യോഗിക വസതിയായി നിശ്ചയിച്ചു.
മുസ്ലിം ലീഗ് മന്ത്രിമാരിൽ പ്രമുഖനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’ മന്ദിരമാണ് അനുവദിച്ചിട്ടുള്ളത്. എൻ. ഷംസുദീന് ‘നെസ്റ്റ്’, കെ.എം. ഷാജിക്ക് ‘പൗർണ്ണമി’, പി.കെ. ബഷീറിന് ‘ഉഷസ്’, വി.ഇ. അബ്ദുൽ ഗഫൂറിന് ‘കവടിയാർ ഹൗസ്’ എന്നീ വസതികൾ നൽകി. മറ്റ് ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫിന് ‘പെരിയാർ’, ഷിബു ബേബി ജോണിന് ‘എസ്സെൻഡേൻ’, സി.പി. ജോണിന് ‘റോസ് ഹൗസ്’ എന്നിവയും അനുവദിച്ചു. ഈ പട്ടികയിൽ പെട്ട നിള, സാനഡു, ഗ്രേസ് എന്നീ മന്ദിരങ്ങൾ സ്വന്തമാക്കാൻ മന്ത്രിമാർക്കിടയിൽ കനത്ത മത്സരമാണ് അണിയറയിൽ നടന്നത്.
മോടിപിടിപ്പിക്കൽ വേണ്ടെന്ന് മുഖ്യമന്ത്രി; നിർബന്ധമെന്ന് പൊതുമരാമത്ത്
മുൻ മന്ത്രിമാർ ഒഴിഞ്ഞ പശ്ചാത്തലത്തിൽ ഈ കെട്ടിടങ്ങളെല്ലാം വലിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനായി തയ്യറാക്കിയ 3.96 കോടി രൂപയുടെ പ്രത്യേക എസ്റ്റിമേറ്റിന് സർക്കാർ ഭരണാനുമതി നൽകി. ഇതിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന്റെ മാത്രം അറ്റകുറ്റപ്പണികൾക്കായി 135.64 ലക്ഷം രൂപ (1.35 കോടിയിലധികം) മാറ്റിവെച്ചിട്ടുണ്ട്.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ വസതികളിൽ ആഡംബര മോടിപിടിപ്പിക്കലുകൾ ഒന്നും തന്നെ വേണ്ടെന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ, പല മന്ദിരങ്ങളും അറ്റകുറ്റപ്പണികൾ നടത്തി ഭദ്രമാക്കാതെ മന്ത്രിമാർക്ക് താമസിക്കാൻ യോഗ്യമല്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. നിലവിൽ വസതികളിലെ പ്രാഥമിക നവീകരണ ജോലികൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates