Kerala

'ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയം', ലഹരിയെ പ്രതിരോധിക്കാന്‍ ഒന്നിക്കണം, ആഹ്വാനവുമായി രാഷ്ട്രീയ നേതാക്കള്‍

ഭിന്നതകള്‍ മാറ്റിവച്ച് നാടിന്റെ സുരക്ഷിതത്വത്തിനായി ഒന്നിക്കണമെന്നാണ് നേതാക്കളുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ വ്യാപനമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ സാമൂഹ്യ വിപത്തിനെ തടയാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനവുമായി രാഷ്ട്രീയ നേതാക്കള്‍. ഭിന്നതകള്‍ മാറ്റിവച്ച് നാടിന്റെ സുരക്ഷിതത്വത്തിനായി ഒന്നിക്കണമെന്നാണ് നേതാക്കളുടെ പ്രതികരണം.

ലഹരി ഒരു സാമൂഹിക വിപത്താണെന്നും, അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം എന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന ക്യാപയിന്‍ തുടരും. കക്ഷി രാഷ്ട്രീയ ജാതി മത വേര്‍തിരിവുകള്‍ക്ക് അപ്പുറം ഒന്നിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. സംസ്ഥാനത്ത് കുറ്റവാസന വര്‍ധിക്കുന്ന സാഹചര്യമുണ്ട്. ഇതിന് പിന്നില്‍ ലഹരി മാത്രമല്ല. എന്നാല്‍ കേരളം ഒറ്റക്കെട്ടായി ഇത്തരം സാമൂഹിക വിപത്തുകളെ നേരിടണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍, സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യവശാല്‍ അനുഭാവ പൂര്‍ണമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ദുരാരോപണം ഉന്നയിക്കുന്നു. പ്രതിപക്ഷ നേതാവ് ലഹരി വിഷയം രാഷ്ട്രീയമായി ഉന്നയിച്ച് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും മന്ത്രി ആരോപിച്ചു.

രാസലഹരി വ്യാപനത്തിനെതിരെ എല്ലാ സാമൂഹ്യ-രാഷ്ട്രീയ ശക്തികളും മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. രാസലഹരി വ്യാപനമാണ് കേരളം നേടുന്ന വലിയ വിപത്ത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങള്‍ തിരിച്ചറിയണം. അത് മനസിലാക്കി കൊണ്ടുളള ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്ന് വരേണ്ടതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ലഹരി മാഫിയയുടെ അടിവേരറുക്കാന്‍ കേരളത്തിലെ പൊതുസമൂഹം ഒന്നിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഷ്ട്രീയ, മതഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മതസംഘടനകളും കുടുംബശ്രീകളും വീട്ടമ്മമാരും ചെറുപ്പക്കാരും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പൊതുപ്രവര്‍ത്തകരും ഉണര്‍ന്നെഴുന്നേല്‍ക്കണ്ട സമയമായിരിക്കുന്നു. നമ്മള്‍ രംഗത്തിറങ്ങിയേ മതിയാകു. ഒരു സപര്യ പോലെ ഈ യജ്ഞം ഏറ്റെടുത്തേ മതിയാകൂ എന്നും രമേശ് ചെന്നിത്തല തുറന്ന കത്തില്‍ വ്യക്തമാക്കി.

ലഹരിക്ക് എതിരായ പ്രതിരോധം വീടുകളില്‍ നിന്ന് തുടങ്ങണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. അവരുടെ മാനസികാരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാം. നല്ല രക്ഷിതാക്കള്‍ ആകാന്‍ മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും നല്‍കണം. തെരുവുകളിലേക്കിറങ്ങി ലഹരിമാഫിയയുടെ അടിവേരറുത്ത് മാനവികതയുടെ സന്ദേശങ്ങള്‍ കൈമാറാം എന്നും അദ്ദേഹം തുറന്ന കത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ആരോഗ്യവകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍, കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കൂടിയേറ്റക്കാരനില്‍ നിന്ന് ന്യൂയോര്‍ക്ക് മേയറിലേക്ക്, മംദാനിയുടെ രാഷ്ട്രീയ യാത്ര

വോട്ടെടുപ്പിന് തലേന്ന് സ്ഥാനാര്‍ഥി ബിജെപിയില്‍; പ്രശാന്ത് കിഷോറിന് തിരിച്ചടി

ഉമ്മൻചാണ്ടിയുടെ ഉപമയും കോൺ​ഗ്രസ്സി​ന്റെ കയറ്റിറക്കങ്ങളും

SCROLL FOR NEXT