തിരുവനന്തപുരം: സംസ്ഥാന വന്യജീവി ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോരും വിവാദങ്ങളും കനക്കുന്നു. വനം-പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവമായി ഇടപെടുന്ന കോൺഗ്രസ് അനുകൂല പരിസ്ഥിതി പ്രവർത്തകരെ ബോർഡിൽനിന്ന് പൂർണ്ണമായി വെട്ടിനിരത്തിയതിലും, വന്യജീവി സംരക്ഷണ നിയമങ്ങളെ പരസ്യമായി എതിർക്കുന്ന വ്യക്തികളെ ഉൾപ്പെടുത്തിയതിലും കോണ്‍ഗ്രസ് ക്യാമ്പിൽ നിന്നു തന്നെ വ്യാപകമായ അമർഷമാണ് ഉയരുന്നത്. മുഖ്യമന്ത്രി ചെയർമാനും വനം-വന്യജീവി വകുപ്പ് മന്ത്രി വൈസ് ചെയർപേഴ്സണുമായ ഭരണഘടനാപരമായ ഉന്നത സമിതിയിലാണ് വിവാദ നിയമനങ്ങൾ നടന്നിരിക്കുന്നത്.
നിയമസഭയിലെ കോൺഗ്രസിന്റെ പട്ടികവർഗ്ഗ എംഎൽഎയായ ഐസി ബാലകൃഷ്ണനെ ബോർഡിൽനിന്ന് ഒഴിവാക്കിയത് പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം നിത്യേന രൂക്ഷമാകുന്ന വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധിയെന്ന നിലയിലും ആദിവാസി സമൂഹങ്ങളുടെ പ്രശ്നങ്ങൾ നിരന്തരം ഉയർത്തിക്കാട്ടുന്ന നേതാവെന്ന നിലയിലും അദ്ദേഹത്തിന് ബോർഡിൽ പ്രഥമ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിമർശനം. ഏറ്റവും ഗുരുതരമായ സംഘർഷങ്ങൾ നടക്കുന്ന വയനാട്ടിലെ സുൽത്താൻ ബത്തേരി, ഇടുക്കിയിലെ ഉടുമ്പൻചോല തുടങ്ങിയ മണ്ഡലങ്ങളിലെ ജനപ്രതിനിധികളെ സമിതിയിലേക്ക് പരിഗണിച്ചതുമില്ല.
പുതിയ സമിതിയിൽ നിയമസഭയിൽ നിന്നുള്ള പ്രതിനിധികളായി ഉല്ലാസ് കോവൂർ, അഡ്വ. സെബാസ്റ്റ്യൻ എം.ജെ, സികെ കാസിം എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ തിരുവമ്പാടിയൊഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും വന്യജീവി സംഘർഷ ബാധിത മേഖലകളുടെ മുൻനിരയിലുള്ളവയല്ലെന്നതും ശ്രദ്ധേയമാണ്. കേരള കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർ.എസ്.പി പ്രതിനിധികളാണ് ഇവർ. കർഷക പ്രതിനിധികൾ എന്ന നിലയിൽ പാലക്കാട്ടുനിന്നുള്ള ഫാ. സാജി ജോസഫ് വട്ടുകുളം, വയനാട്ടിൽ നിന്നുള്ള കെ.പി. ഏലിയാസ് എന്നിവരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കെ.പി. ഏലിയാസിന്റെ നിയമനം പരിസ്ഥിതി പ്രവർത്തകർക്കിടയിൽ കടുത്ത രോഷത്തിന് വഴിവെച്ചിട്ടുണ്ട്. വന-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ പരസ്യമായി എതിർക്കുന്ന ഒരാളെ എങ്ങനെ ഇത്തരം ഒരു നിയമാനുസൃത സമിതിയിൽ അംഗമാക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ചോദ്യം. വനസംരക്ഷണ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഏലിയാസിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇതിനുപുറമെ, മൂന്ന് അംഗങ്ങൾ സിപിഎം സഹയാത്രികരാണെന്നതും ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു സംഘടനയിൽ നിന്നുള്ള രണ്ട് പ്രതിനിധികളെ തിരുകിക്കയറ്റിയതും സംശയങ്ങൾക്ക് ഇടനൽകുന്നതാണെന്നാണ് പരിഭവം. ഒരു പ്രത്യേക വിഭാഗത്തിന് ബോർഡിൽ അമിത പ്രാതിനിധ്യം നൽകിയതായും ആക്ഷേപമുണ്ട്.
ആദിവാസി പ്രതിനിധികളെ തീരുമാനിച്ചതിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പരാതി. മന്നാൻ സമുദായ പ്രതിനിധിയെന്ന നിലയിൽ രാജമന്നാന്റെ സാന്നിധ്യം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് രണ്ട് ആദിവാസി പ്രതിനിധികളെ നിശ്ചയിച്ചതിൽ അതാത് പ്രദേശങ്ങളിലെ പരമ്പരാഗത ഊരുകൂട്ടങ്ങളോ ഗോത്ര മൂപ്പന്മാരോ അറിഞ്ഞിട്ടില്ല. മൂപ്പന്മാരുടെയോ ഊരുകളുടെയോ അനുമതിയില്ലാതെ പ്രതിനിധികളെ വെക്കുന്നത് ആദിവാസി ജനതയുടെ ആവശ്യങ്ങളെ ഫലപ്രദമായി പ്രതിഫലിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിന് വിലങ്ങുതടി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോൺഗ്രസുമായും കൂടിയാലോചനകൾ നടന്നിട്ടില്ല.
അതേസമയം, പ്രമുഖ പരിസ്ഥിതി വിദഗ്ദ്ധരും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. എം.കെ രഞ്ജിത് സിങ് അടക്കമുള്ള പ്രമുഖർ ബോർഡിൽ എക്സ്-ഒഫീഷ്യോ അംഗങ്ങളായി തുടരുന്നുണ്ട്. ഇരവികുളം ദേശീയോദ്യാന സംരക്ഷണത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. രഞ്ജിത് സിങ്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ്‌ലൈഫ്) ആണ് മെമ്പർ സെക്രട്ടറി. ഒക്ടോബർ 31-ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates