തിരുവനന്തപുരം: ഒന്നാം സമ്മാനം 30 കോടി രൂപയുമായി വിപണിയിലെത്തിയ 2026-ലെ തിരുവോണം ബമ്പർ വിൽപന സർവ്വകാല റെക്കോർഡുകളിലേക്ക് കുതിക്കുകയാണ്. നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്താകെ ഇതുവരെ വിറ്റഴിഞ്ഞത് 59 ലക്ഷം ടിക്കറ്റുകളാണ്. ടിക്കറ്റ് വില 500 രൂപയായി നിലനിർത്തിക്കൊണ്ട് സമ്മാനത്തുക ഉയർത്തിയതാണ് പൊതുജനങ്ങൾക്കിടയിൽ വൻ തരംഗമായത്. ടിക്കറ്റ് വിൽപന തകൃതിയായി നടക്കുമ്പോഴും ഭാഗ്യാന്വേഷികൾക്കിടയിൽ സജീവമായി ഉയരുന്ന ഒരു ചോദ്യമുണ്ട്: ഭാഗ്യക്കുറി അടിക്കാൻ കേരളത്തിൽ ഏതെങ്കിലും ഒരു 'ഭാഗ്യ ജില്ല' ഉണ്ടോ?
കേരള ലോട്ടറി ചരിത്രം പരിശോധിച്ചാൽ ഒരു പ്രത്യേക ജില്ലയ്ക്ക് മാത്രമായി ഭാഗ്യമുണ്ടെന്ന വാദത്തിൽ ഒരു കഴമ്പുമില്ലെന്ന് വ്യക്തമാകും. കഴിഞ്ഞ വർഷങ്ങളിൽ ഒരു പ്രത്യേക ജില്ലയിൽ ഒന്നാം സമ്മാനം അടിച്ചു എന്നത് അടുത്ത വർഷം അവിടെ നിന്ന് ടിക്കറ്റെടുത്താൽ സമ്മാനം അടിക്കാനുള്ള സാധ്യത കൂട്ടുന്നില്ല. ശാസ്ത്രീയവും സുതാര്യവുമായ നറുക്കെടുപ്പിലൂടെയാണ് ഓരോ നമ്പറുകളും തെരഞ്ഞെടുക്കപ്പെടുന്നത്. കൂടുതൽ ടിക്കറ്റുകൾ വിറ്റഴിയുന്ന ജില്ലകളിൽ നിന്ന് വിജയികൾ വരാനുള്ള അനുപാതപരമായ സാധ്യത മാത്രമാണ് ഇതിലുള്ളത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിച്ചാൽ 2016-ലും 2018-ലുമായി തൃശൂർ ജില്ലയിൽ മാത്രമാണ് രണ്ട് തവണ ഒന്നാം സമ്മാനം ലഭിച്ചത്. ബാക്കി വർഷങ്ങളിലെല്ലാം തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള വ്യത്യസ്ത ജില്ലകളിലേക്കാണ് ഒന്നാം സമ്മാനം എത്തിയത്. ചുരുക്കത്തിൽ, ഭാഗ്യം ഏതെങ്കിലും ഒരു മണ്ണിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
ലോട്ടറി ഏജന്റുമാർ ഒരു ടിക്കറ്റിന് സർക്കാരിലേക്ക് നൽകേണ്ട അടിസ്ഥാന നിരക്ക് 390 രൂപയും 28 ശതമാനം ജിഎസ്ടിയുമാണ്. 390 രൂപ പ്രകാരം കണക്കാക്കിയാൽ തന്നെ ടിക്കറ്റ് വിൽപനയിലൂടെ മാത്രം ഇതുവരെ സർക്കാരിന് 230.10 കോടി രൂപ ലഭിച്ചുകഴിഞ്ഞു. ഇതിനുപുറമെ ജിഎസ്ടി വിഹിതവും സംസ്ഥാനത്തിന് ലഭിക്കും.
ഇത്തവണ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത് 125.54 കോടി രൂപയാണ്. ഏജൻസി കമ്മീഷൻ ഇനത്തിൽ 12.55 കോടി രൂപയും വകയിരുത്തണം. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം (അരക്കോടി) രൂപ വീതവും നൽകും. ആകെ 5,34,670 സമ്മാനങ്ങളാണ് ഇത്തവണ ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്.
2021-ൽ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നപ്പോൾ ആകെ വിറ്റത് 54 ലക്ഷം ടിക്കറ്റുകളായിരുന്നു. എന്നാൽ 2022-ൽ ടിക്കറ്റ് നിരക്ക് 500 രൂപയാക്കുകയും ഒന്നാം സമ്മാനം 25 കോടിയായി ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും ചെയ്തതോടെ ഭാഗ്യക്കുറിക്ക് വലിയ ജനപ്രീതി ലഭിച്ചു. അന്ന് അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.55 ലക്ഷവും വിറ്റഴിഞ്ഞു.
2023-ൽ അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളിൽ റെക്കോർഡ് വിൽപനയായ 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. എന്നാൽ 10 ലക്ഷത്തോളം ടിക്കറ്റുകൾ അവശേഷിച്ചതിനാൽ 2024-ൽ അച്ചടി 80 ലക്ഷമായി പരിമിതപ്പെടുത്തുകയും 71.5 ലക്ഷത്തോളം ടിക്കറ്റുകൾ വിൽക്കുകയും ചെയ്തു. 2025-ൽ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റുതീർന്നിരുന്നു.ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിച്ച് 2023-ലെ റെക്കോർഡ് മറികടക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ നീക്കം. വിൽപനയുടെ ആദ്യദിനത്തിൽ തന്നെ 8.72 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച് ചരിത്രം കുറിച്ചിരുന്നു.
ഓണക്കാലത്ത് സംസ്ഥാനത്തിന് ലഭിക്കുന്ന വലിയൊരു സാമ്പത്തിക സ്രോതസ്സാണ് തിരുവോണം ബമ്പർ. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിന്റെ 75 മുതൽ 80 ശതമാനവും നൽകുന്നത് ലോട്ടറി മേഖലയാണ്.
എന്നാൽ ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 60 മുതൽ 70 ശതമാനത്തോളവും സമ്മാനത്തുകയായും ഏജന്റുമാരുടെ കമ്മീഷനായും തിരികെ പൊതുജനങ്ങളിലേക്കും വിപണിയിലേക്കും തന്നെയാണ് പോകുന്നത്. 75 മുതൽ 80 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞാൽ 375 മുതൽ 400 കോടി രൂപ വരെ മൊത്തം വരുമാനം ലഭിക്കുമെങ്കിലും, സമ്മാനത്തുകകളും കമ്മീഷനും അച്ചടിച്ചെലവുകളും കഴിഞ്ഞ് 100 കോടിയോളം രൂപ മാത്രമാണ് അറ്റാദായമായി സർക്കാരിലേക്ക് എത്തുന്നത്.
ഈ തുക സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് വിനിയോഗിക്കാൻ കഴിയുമെങ്കിലും, സംസ്ഥാനത്തിന്റെ വലിയ റവന്യൂ കമ്മിക്ക് മുന്നിൽ ഇത് താൽക്കാലിക സാമ്പത്തിക ആശ്വാസം മാത്രമാണ് നൽകുന്നത്.
ഇത്തവണ ഓണക്കാലത്ത് ഇടയ്ക്കിടെ പെയ്ത കനത്ത മഴ കാരണം ടിക്കറ്റ് വിൽപനയിൽ ചിലയിടങ്ങളിൽ നേരിയ മാന്ദ്യം വന്നിരുന്നു. എന്നാൽ വിൽപനയുടെ അവസാന രണ്ടാഴ്ചകളിലേക്ക് കടന്നതോടെ ഈ കുറവ് നികത്തപ്പെടുമെന്നും, സെപ്റ്റംബർ 26-ന് നടക്കുന്ന നറുക്കെടുപ്പിൽ റെക്കോർഡ് വിൽപന ഉറപ്പാണെന്നും വ്യാപാരികളും ഏജന്റുമാരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates