കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഗോവ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ഒരുങ്ങുന്നു. ഗോവയുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വാട്ടർ ടാക്സി പദ്ധതി നടപ്പിലാക്കാൻ സഹായം നൽകാനാണ് ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത്. ഇതിനായി കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘം അടുത്ത മാസം ഗോവ സന്ദർശിക്കും.
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പദ്ധതിയാണ് കൊച്ചിയിൽ നടപ്പാക്കിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ഈ പദ്ധതി തുടങ്ങാനുള്ള പ്രായോഗികതാ പഠനങ്ങൾ നടത്തുന്നതിനും തുടർന്നു പദ്ധതി നടപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൊച്ചി മെട്രോ നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് ഗോവയിലെ വാട്ടർ ടാക്സി പദ്ധതിയും.
17 സ്ഥലങ്ങളെക്കുറിച്ചുള്ള സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് ലക്ഷ്യം. ആവശ്യകത അടിസ്ഥാനമാക്കി സംവിധാനം ഒരുക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി വാട്ടർ ടാക്സി ശൃംഖലയുടെ സാധ്യതാ പഠനം നടത്താൻ ഞങ്ങളുടെ ടീം അടുത്ത മാസം ഗോവ സന്ദർശിക്കും- കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ചീഫ് ഓപറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു.
ഗോവ സർക്കാർ നേരത്തെ വാട്ടർ ടാക്സി പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നു. ഇതിനായി നാല് പ്രധാന റൂട്ടുകൾ അവർ കണ്ടെത്തുകയും ചെയ്തു. പനാജി- ദിവാർ- ഓൾഡ് ഗോവ, പനാജി- ചോറാവു ദ്വീപ്, വാസ്കോ- മാർഗോ- കോർട്ടാലിം, കലാൻഗുട്ട്- ബാഗ- കാൻഡോലിം റൂട്ടുകളാണ് കണ്ടെത്തിയത്.
തീരദേശ നഗരത്തിലെ ഉൾനാടൻ ജലാശയങ്ങളിലുടെ സാധ്യക്കാനാകുന്ന റൂട്ടുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പ്രവർത്തന മാതൃകകൾ എന്നിവ കെഎംആർഎൽ സംഘം വിലയിരുത്തും. റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് അധികൃർ വ്യക്തമാക്കി.
നേരത്തെ, ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) രാജ്യത്തുടനീളമുള്ള 17 സ്ഥലങ്ങളിൽ നിർദ്ദിഷ്ട നഗര ജലഗതാഗത സംവിധാനത്തെക്കുറിച്ചുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ കെഎംആർഎല്ലിനെ ഏൽപ്പിച്ചിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ പട്ടികയിൽ ഏഴ് നഗരങ്ങളെ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങുന്നുവെന്നാണ് വിവരം.
സാധ്യതാ പഠനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, വാരാണസി, അയോധ്യ എന്നിവിടങ്ങളിൽ കെഎംആർഎല്ലിന്റെ വിദഗ്ധ സംഘം ഇതിനകം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി കെഎംആർഎൽ സാധ്യതാ പഠനങ്ങൾ നടത്തും.
ആദ്യ ഘട്ടത്തിൽ പ്രയാഗ്‌രാജ്, അയോധ്യ, വാരാണസി, ഗാന്ധിനഗർ (ഗുജറാത്ത്), പട്‌ന (ബീഹാർ), ശ്രീനഗർ (ജമ്മു കശ്മീർ) എന്നിവ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ ഗോവ, കൊല്ലം, ഗുവാഹത്തി, ധുബ്രി (രണ്ടും അസം), കൊൽക്കത്ത (പശ്ചിമ ബംഗാൾ), മംഗളൂരു (കർണാടക) എന്നിവ ഉൾപ്പെടും. അവസാന ഘട്ടത്തിൽ മുംബൈ, വസായ് (രണ്ടും മഹാരാഷ്ട്ര), ആലപ്പുഴ, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ്.
വിദഗ്ദ്ധ ഏജൻസികൾക്ക് പ്രവൃത്തി നൽകുന്നതിന് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. റൂട്ടുകളുടെ മുൻഗണന, വരുമാന സാധ്യതകൾ, ബദൽ റൂട്ടുകൾ എന്നിവ ഉൾപ്പെടുന്ന ഇടക്കാല റിപ്പോർട്ടുകൾ പ്രാഥമികമായി തയ്യാറാക്കും. നദികളുടെയും ജലാശയങ്ങളുടെയും ശേഷി, ജനസംഖ്യ, സാധ്യമായ റൂട്ടുകൾ എന്നിവയായിരിക്കും പ്രാരംഭ ഘട്ടത്തിൽ പരിഗണിക്കുക. ഗതാഗത-സാധ്യതാ പഠനങ്ങൾ നടത്തുകയും, പ്രത്യേക സ്ഥലത്തിന് അനുയോജ്യമായ ബോട്ടുകളുടെ തരം സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്നു കെഎംആർഎല്ലിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates