arattupuzha pooram file
Kerala

'ഭൂലോക വൈകുണ്ഠ ദര്‍ശനം; മുപ്പത്തിമുക്കോടി ദേവതകള്‍'; ആറാട്ടുപുഴ പൂരം നാളെ, അറിയാം ചടങ്ങുകള്‍

24 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം നാളെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: 24 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം നാളെ. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തുന്നതോടെയാണ് ദേവീദേവന്മാരുടെ പൂരങ്ങള്‍ ആരംഭിക്കുന്നത്. തേവര്‍ കൈതവളപ്പിലെത്തുന്നത് വരെ വിശാലമായ പാടത്ത് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകള്‍ നടക്കുന്നത്.

കാശി വിശ്വനാഥക്ഷേത്രം, തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രം ഉള്‍പ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആറാട്ടുപുഴ പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും. മുപ്പത്തിമുക്കോടി ദേവകളും യക്ഷഗന്ധര്‍വ്വ കിന്നരന്‍മാരും പരേതാത്മാക്കളും ഭൂലോക വൈകുണ്ഠ ദര്‍ശനത്തിനെത്തുമെന്നാണ് വിശ്വാസം. അത്താഴപൂജ നേരത്തെയാക്കി എല്ലാ ക്ഷേത്രങ്ങളും അടയ്ക്കും. കാശി വിശ്വനാഥ ക്ഷേത്രവും ഈ സമയത്ത് അടയ്ക്കും.

തൊട്ടിപ്പാള്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തില്‍ തിരിച്ചെത്തുകയും നിത്യപ്പൂജകള്‍, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം ഭൂമിയിലെ എറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതില്‍ കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളും.

പഞ്ചാരിമേളം കൊട്ടി കലാശിച്ചാല്‍ എഴുന്നെള്ളി നില്‍ക്കുന്ന ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയില്‍ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവിന്റെ ഈ യാത്ര. മടക്കയാത്രയില്‍ ശാസ്താവ് നിലപാടുതറയില്‍ ഏവര്‍ക്കും ആതിഥ്യമരുളി നില്‍ക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തക്കുടം ശാസ്താവിന് നിലപാടു നില്‍ക്കാന്‍ ഉത്തരവാദിത്വമേല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളും.

രാത്രി 11 മണിയോടുകൂടി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം. തുടര്‍ന്ന് പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കല്‍ ഭഗവതിമാര്‍ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് നടത്തും.

തുടര്‍ന്ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച് ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും. ശേഷം അന്തിക്കാട്, ചൂരക്കോട് ഭഗവതിമാര്‍ ആറ് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളും. 11ന് നെടടിശേരി ശാസ്താവ് എഴുന്നള്ളും.

അര്‍ദ്ധരാത്രിക്ക് ശേഷം ചോതി നക്ഷത്രം ഉച്ചസ്ഥായിലാവുമ്പോള്‍ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതി മന്ദാരക്കടവില്‍ ആറാടുന്നതോടെ ആറാട്ടുകള്‍ക്ക് ആരംഭം കുറിക്കും. ചോതി നക്ഷത്രം ഉച്ഛസ്ഥായിലാവുമ്പോള്‍ തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എഴുന്നള്ളും .തേവരുടെ പഞ്ചവാദ്യം ,മേളം എന്നിവയ്ക്കുശേഷം തേവര്‍ പന്തലില്‍ എഴുന്നള്ളി നില്‍ക്കും. അതേസമയം ഊരകത്തമ്മ തിരുവടി ചാത്തക്കുടം ശാസ്താവുമൊത്ത് ഒരു ഭാഗത്തും, ചേര്‍പ്പില്‍ ഭഗവതി മറുഭാഗത്തുമായി ഭൂമിയിലെ വൈകുണ്ഠം എന്നറിയപ്പെടുന്ന കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.

പിഷാരിക്കല്‍ ഭഗവതിയുടെ ആറാട്ടിനു ശേഷം എടക്കുന്നി, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കല്‍, പൂനിലാര്‍ കാവ്, തൊട്ടിപ്പാള്‍ , ചൂരക്കോട്, അന്തിക്കാട്, അയ്യുന്ന്, ചേര്‍പ്പ് ,ഊരകത്തമ്മ തിരുവടി ,തൃപ്രയാര്‍ തേവര്‍ എന്നിവരുടെ ആറാട്ടുകള്‍ മന്ദാരക്കടവില്‍ നടക്കും. തൃപ്രയാര്‍ തേവര്‍ ആറാട്ടിനായി മന്ദാരക്കടവിലേക്ക് യാത്രയായാല്‍ ആറാട്ടുപുഴ ശാസ്താവ് മറ്റു ദേവി ദേവന്മാര്‍ക്ക് ഉപചാരം പറഞ്ഞ് യാത്രയാക്കും. ഏറ്റവും അവസാനം ചേര്‍പ്പില്‍ ഭഗവതി, ഊരകത്തമ്മ തിരുവടി, തൃപ്രയാര്‍ തേവാര്‍ എന്നിവര്‍ക്കാണ് ഉപചാരം. തൃപ്രയാര്‍ തേവരുടെ ഉപചാരം കഴിഞ്ഞു അടുത്ത വര്‍ഷത്തെ പൂര വിളംബരം നടക്കുന്നതോടെ ആറാട്ടുപുഴ പൂരത്തിന് സമാപനമാകും.

know the rituals of arattupuzha pooram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

'നിറം കണ്ട് നായകനാക്കാന്‍ സംവിധായകന്‍ മടിച്ചു; മുഖത്ത് ഗ്രീസ് തേച്ചു, തെരുവില്‍ ജീവിച്ച് കഥാപാത്രമായി'; വെളിപ്പെടുത്തി ഭരത്

'ഡിപ്രഷനിലാണ്, മരുന്ന് കഴിക്കുന്നുണ്ട്'; സ്വകാര്യതയെ മാനിക്കണമെന്ന് നടി ​ഗൗരി കൃഷ്ണൻ

'ഞാനുമൊരു മനുഷ്യനാണ്, ആത്മഹത്യ ചെയ്യാത്തത് ചില കാര്യങ്ങള്‍ ഉള്ളതിനാല്‍'; പൊട്ടിക്കരഞ്ഞ് രേണു സുധി

സ്വര്‍ണപ്പണയം, പാന്‍, ഫാസ്ടാഗ്, ട്രെയിന്‍ ടിക്കറ്റ്...; ബുധനാഴ്ച മുതൽ എട്ടുമാറ്റങ്ങള്‍, അറിയാം വിശദമായി

SCROLL FOR NEXT