Kochi airport plans luggage pickup from home AI Generated Image
Kerala

വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം

രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നത്

Author : വർഷ സോമരാജ്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കമിടാനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍). പദ്ധതിയുടെ പ്രായോഗികത പരിശോധിക്കുന്നതിനായി ഏജന്‍സിയെ ചുമതലപ്പെടുത്തുകയും പ്രാഥമിക പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തതായി സിയാല്‍ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ ഏജന്‍സി ജീവനക്കാര്‍ യാത്രക്കാരുടെ വീടുകളില്‍ നേരിട്ടെത്തി ലഗേജുകള്‍ ശേഖരിക്കും. ഇവ വെയര്‍ഹൗസുകളിലേക്ക് മാറ്റിയ ശേഷം വിമാനത്താവള ടെര്‍മിനലിന് പുറത്തുള്ള പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് യാത്രക്കാരനില്ലാതെ ലഗേജ് ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍, യാത്രക്കാര്‍ ഈ കേന്ദ്രത്തിലെത്തി ലഗേജ് വാങ്ങി സ്വന്തമായി ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകണം. വീടുകളില്‍ നിന്ന് ശേഖരിക്കുന്നത് മുതല്‍ വിമാനത്താവളത്തിലെത്തുന്നത് വരെ ലഗേജുകളുടെ നീക്കം ഡിജിറ്റലായി ട്രാക്ക് ചെയ്യാനാകും.

കൂടുതല്‍ ലഗേജുകളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സേവനം ആശ്വാസകരമാകും. വിമാനത്താവളത്തില്‍ നിന്ന് 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള എറണാകുളത്തിന് പുറത്തുള്ള ജില്ലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പുറത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്ക് തങ്ങളുടെ ലഗേജ് ടെര്‍മിനലിന് പുറത്ത് വെച്ച് ഏജന്‍സിയെ ഏല്‍പ്പിക്കാനും, അവ തങ്ങളുടെ വീടുകളിലേക്ക് എത്തിക്കാനും സാധിക്കും.

ലഗേജിന്റെ ഭാരവും ദൂരവും കണക്കാക്കിയായിരിക്കും സേവന നിരക്കുകള്‍ നിശ്ചയിക്കുക. വെബ്സൈറ്റ് വഴിയാകും ബുക്കിങ് സൗകര്യം ലഭ്യമാക്കുക. ആദ്യ ഘട്ടത്തില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടാതെ സ്വതന്ത്രമായ രീതിയിലാകും ഈ സേവനം പ്രവര്‍ത്തിക്കുക.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, വിമാനത്താവളത്തിലെ മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ലഗേജ് അസിസ്റ്റന്‍സ് സേവനങ്ങളുമായി ഇതിനെ സംയോജിപ്പിക്കും. ഇതോടെ പ്രത്യേക കേന്ദ്രത്തില്‍ നിന്ന് ചെക്ക്-ഇന്‍ കൗണ്ടര്‍ വരെ ലഗേജ് എത്തിക്കാന്‍ യാത്രക്കാര്‍ക്ക് സഹായം ലഭിക്കും. നിലവില്‍ പ്രാരംഭ ഘട്ട പരീക്ഷണങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. വിജയ സാധ്യത വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും നിരക്കുകളും സംബന്ധിച്ച് സിയാല്‍ അന്തിമ തീരുമാനമെടുക്കുക.

Kochi Airport Explores Home Luggage Pickup Service for Passengeras

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണം ഏയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ മൂസയെ സൈന്യം വധിച്ചു

വി ജോയി തെറിക്കുമോ?; നേതൃമാറ്റം ചര്‍ച്ചയാകും; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സിപിഎം വിശാല ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

'ജാമ്യം എളുപ്പമാകില്ല'; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുപ്പിക്കാന്‍ സര്‍ക്കാര്‍, 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍

'ഞങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ട, ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങളുടെ കൈകള്‍ എത്തിയിരിക്കും'; മുന്നറിയിപ്പുമായി നെതന്യാഹു