കോട്ടയം മെഡിക്കല്‍ കോളേജ് ഫയല്‍
Kerala

രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍; അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നല്‍സ് ഓഫ് തൊറാസിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌ക്കുലാര്‍ ടെക്നിക്സ് എന്നീ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീര്‍ണമായ അവസ്ഥകളില്‍ ഈ രക്തക്കുഴല്‍ വീര്‍ത്ത് പൊട്ടി മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സങ്കീര്‍ണമായ അവസ്ഥകളില്‍ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കല്‍ കോളേജ് വിജയിപ്പിച്ചത്. അപൂര്‍വമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീര്‍ണമായ അവസ്ഥയായ സബ് മൈട്രല്‍ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്. ഹൃദയം നിര്‍ത്തിവെച്ച ശേഷം ഹൃദയം തുറന്ന് സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തിരുന്നത്. എന്നാല്‍ എക്കോകാര്‍ഡിയോഗ്രാഫിയുടെ സഹായത്തോടെ, ഹൃദയം നിര്‍ത്തി വയ്ക്കാതെ, മിടിക്കുന്ന ഹൃദയത്തില്‍ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്ന നൂതന രീതിയാണ് അവലംബിച്ചത്. ഈ രീതിയിലൂടെ ഹൃദയം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്നത് മൂലം അപകട സാധ്യതകള്‍ കുറയുകയും, ശസ്ത്രക്രിയ കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലിനുള്ള സങ്കീര്‍ണമായ വീക്കമായ സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസത്തിനും നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്തു. മുന്‍വശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാല്‍ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് മൂലം ശസ്ത്രക്രിയയുടെ ദൈര്‍ഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടുകയും ചെയ്യുന്നു.

അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകളില്‍ വിജയം കൈവരിച്ച ഈ നൂതന രീതികള്‍, പരമ്പരാഗത ഹൃദയ ശസ്ത്രക്രിയാ രീതികളില്‍ നിന്നും വലിയ മുന്നേറ്റമാണ്. ലോകത്ത് അത്യപൂര്‍വമായി മാത്രം കാണുന്ന ക്യൂട്ടിസ് ലാക്‌സ തൊറാസിക് അയോര്‍ട്ടിക് അന്യൂറിസം എന്ന ജനിതക രോഗത്തിനുള്ള സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കി കാര്‍ഡിയോതൊറസിക് വിഭാഗം കഴിഞ്ഞ വര്‍ഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവിയും, ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോ. മഞ്ജുഷ എന്‍. പിള്ള, ഡോ. വീണ വാസുദേവ്, ഡോ. ദിനേശ് കുമാര്‍, ഡോ. നൗഫല്‍, ഡോ. നിതീഷ്, ഡോ. വിനീത എന്നിവരുടെ സംഘമാണ് അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകളില്‍ നവീന രീതികള്‍ അവലംബിച്ച് വിജയകരമാക്കിയത്. ഇവിടെ നടക്കുന്ന ഗവേഷണങ്ങള്‍, സാധാരണ രോഗികള്‍ക്ക് ഫലപ്രദമായ നൂതന ചികിത്സ ഉറപ്പുവരുത്തുകയും ചികിത്സാ ചെലവ് കുറക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

SCROLL FOR NEXT