K R Meera file
Kerala

'അപകീര്‍ത്തിപ്പെടുത്തണം എന്നതായിരുന്നു ദുരുദ്ദേശ്യം'; ഹരിത സാവിത്രിക്കെതിരെ നിയമനടപടിയുമായി കെ ആര്‍ മീര

കെ ആര്‍ മീരയുടെ കലാച്ചിയുടെയും ഹരിത സാവിത്രിയുടെ സിന്നും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: 'കലാച്ചി' എന്ന നോവലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമനടപടിയുമായി എഴുത്തുകാരി കെ ആര്‍ മീര. സമൂഹമാധ്യമത്തിലും പൊതു സമൂഹത്തിലും ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ വായനക്കാരുടെ മുന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ ഹരിത സാവിത്രിക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് കെ ആര്‍ മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ ആര്‍ മീരയുടെ കലാച്ചിയുടെയും ഹരിത സാവിത്രിയുടെ സിന്നും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2022ലായിരുന്നു ഹരിതയുടെ സിന്‍ പുറത്തിറങ്ങിയത്. മീരയുടെ കലാച്ചി പുറത്തിറങ്ങിയത് 2025ലായിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയില്‍ പോകുന്ന യുവതികളുടെ പോരാട്ടമായിരുന്നു രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം. ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച നടന്നിരുന്നു. ഇതിനിടെ കെ ആര്‍ മീരയ്ക്കെതിരെ ഒളിയമ്പുമായി ഹരിത ഫെസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 'ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങള്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹരിതയുടെ കുറിപ്പ്. ചിലര്‍ മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടുമെന്നും രാത്രിയെ പകലാക്കുകയും മഴയെ മഞ്ഞാക്കുകയും ചെയ്യുമെന്നും ഹരിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫെസ്ബുക്കിലൂടെ തന്നെ പ്രതികരണവുമായി മീരയും രംഗത്തെത്തിയിരുന്നു. 2025ലാണ് കലാച്ചി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബര്‍ 16 മുതല്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക് :

എന്റെ 'കലാച്ചി' എന്ന നോവലിനെയും 'കലാച്ചി'യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്.

ഈ സാഹചര്യത്തിൽ,

ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു.

നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം

ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ.

ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.

സ്നേഹത്തോടെ,

കെ ആർ മീര

K.R. Meera takes legal action against Haritha Savithri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വേറൊരു കാര്യം പറഞ്ഞൂന്നാണ് എന്‍റെ ഓര്‍മ'; അവധി വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

ഫൈൻ ആർട്‌സ് കോളജിൽ ലക്ചറർ നിയമനം; ഗ്രാഫിക്‌സ്, പെയിന്റിംഗ്, ശിൽപകല വിഭാഗങ്ങളിൽ ഒഴിവ്

രഞ്ജിത്തിന്റെ 'ലോ ആന്റ് ഓർഡർ'; നായകനായി പ്രകാശ് വർമ്മ, ടൈറ്റിൽ പോസ്റ്റർ എത്തി

നിരവധി എഐ ഫീച്ചറുകള്‍, നാല് കളര്‍ ഓപ്ഷന്‍; ഗാലക്‌സി എ27 ഫൈവ് ജി വിപണിയില്‍

വലിയ സ്വപ്‌നവുമായി അമേരിക്കയിലെത്തി, ഇപ്പോള്‍ 8.4 കോടി രൂപ കടം, ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോ വൈറല്‍