കേരള വഖഫ് ബോർഡിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ, ബോർഡ് അംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഹൈക്കോടതിയിലെ നിലപാടും നിലവിലെ ബോർഡിനെതിരായ നടപടികളും മുസ്ലിം സംഘടനകൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ഹൈക്കോടതി വിധി, സർക്കാരിന്റെ നിലപാട്, മുനമ്പം വിഷയം, മുസ്ലിം ലീഗിന്റെ സമീപനം, സുപ്രീം കോടതിയിലെ നിയമപോരാട്ടം എന്നിവയെക്കുറിച്ച് കേരള വഖഫ് ബോർഡ് ചെയർമാൻ കെ. എസ്. ഹംസ പ്രതികരിക്കുന്നു.
വഖഫ് വിഷയത്തിൽ ബോർഡ് അംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ തിരിച്ചടി പ്രതീക്ഷിച്ചിരുന്നോ?
ഹൈക്കോടതിയുടെ വിധി സത്യത്തിൽ ഞെട്ടിച്ചുകളഞ്ഞു. ആക്ടിലോ റൂളിലോ ഇല്ലാത്ത ഒരു കാര്യമാണ് കോടതി പറഞ്ഞത്. ഷോൺ ജോർജിന്റെ ഹർജിയിലാണ് നടപടി. രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല, അതുകൊണ്ട് ബോർഡ് പിരിച്ചുവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, നിയമത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. രണ്ടോ മൂന്നോ നാലോ അംഗങ്ങളുടെ ഒഴിവുണ്ടായാലും ബോർഡിന്റെ പ്രവർത്തനങ്ങളെയോ തീരുമാനങ്ങളെയോ അത് ബാധിക്കില്ലെന്നാണ് ആക്ടിലുള്ളത്. ബോർഡിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടത് സർക്കാരാണ്. ആ സർക്കാർ തന്നെ അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കോടതിയിൽ നിലപാട് സ്വീകരിക്കുന്നതിലെ വിരോധാഭാസവും ശ്രദ്ധിക്കേണ്ടതാണ്. കോടതിയുടെ അധികാരം ആക്ടിനെ വ്യാഖ്യാനിക്കുകയും അതനുസരിച്ച് വിധി പറയുകയും ചെയ്യുകയാണ്. എന്നാൽ, ആക്ടിന് വിരുദ്ധമായാണ് വിധി വന്നത്. ഏത് സാഹചര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ഉമീദ് ആക്ടിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതിനെ ലംഘിച്ചാണ് വിധിയുണ്ടായത്. ആ വിധിയെയാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ഏതെങ്കിലും തരത്തിൽ ഈ ബോർഡിനെ താഴെയിറക്കാനുള്ള നീക്കമായി കാണുന്നുണ്ടോ?
തീർച്ചയായും. ഏറ്റവും ദുഃഖകരമായ കാര്യം, ഹർജിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനോട് ചോദിച്ചപ്പോൾ, "യെസ് , വീ ആർ സപ്പോർട്ടിങ് ദി പെറ്റിഷൻ" എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ബിജെപി നേതാവ് നൽകിയ ഹർജിയെ സർക്കാർ പിന്തുണയ്ക്കുന്നുവെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ മന്ത്രിയുള്ള സർക്കാരാണ് ഈ നിലപാട് സ്വീകരിച്ചത്. നിലവിലെ ബോർഡിനെ പുറത്താക്കാൻ ഉദ്ദേശമില്ലെങ്കിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ലായിരുന്നു.
മുനമ്പം ഭൂമിയുടെ രേഖകൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത സംഭവം വലിയ വിവാദമായിരുന്നല്ലോ. അന്ന് മുനമ്പം നിവാസികൾക്ക് ഈ ബോർഡിനെ പിരിച്ചുവിടാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പറയപ്പെടുന്നുണ്ട്. ഇപ്പോഴത്തെ നിലപാടും മുനമ്പം വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും. ഈ സാഹചര്യത്തിൽ ഇതിനെ ഒരു പ്രതികാര നടപടിയായാണ് കാണാൻ കഴിയുക. നിയമപരമായി നിലവിലുള്ള ബോർഡിനെ പുറത്താക്കാൻ സർക്കാരിന് കഴിയില്ല. അതിനാൽ ഇത്തരത്തിലുള്ള വളഞ്ഞ വഴികളാണ് സ്വീകരിക്കുന്നത്.
മുസ്ലിം ലീഗാണ് വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഉമീദ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പാർട്ടിയുമാണ് ലീഗ്. അവരുടെ ഇപ്പോഴത്തെ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു?
ലീഗിനെ സംബന്ധിച്ചിടത്തോളം മുസ്ലിം സമുദായത്തോട് കടുത്ത വഞ്ചനയാണ് ഇക്കാര്യത്തിൽ അവർ ചെയ്തത്. ഇത്ര വലിയ വഞ്ചന വേറെയുണ്ടാകുമോ? ഇതേ സുപ്രീം കോടതിയിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതിനെതിരെ കേസ് നൽകിയതും ആ കേസ് ഇപ്പോഴും പരിഗണനയിലുമാണ്. അതേസമയം, രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ലെന്ന കാരണത്താൽ ബോർഡ് പിരിച്ചുവിടണമെന്ന ബിജെപി നേതാവിന്റെ ഹർജിയെ ലീഗ് നേതൃത്വം നൽകുന്ന സർക്കാർ കോടതിയിൽ നേരിട്ട് പിന്തുണയ്ക്കുകയാണ്.
സർക്കാരിന് വേണമെങ്കിൽ അമുസ്ലിം അംഗങ്ങളെ ബോർഡിൽ നിയമിക്കാമെന്ന് കഴിഞ്ഞ ദിവസം ഉമർ ഫൈസി മുക്കം പറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനെ എങ്ങനെ കാണുന്നു?
അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ഞാൻ കരുതുന്നില്ല. അമുസ്ലിം അംഗങ്ങളെ നിയമിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്റെ തീരുമാനമാണ്. എന്നാൽ, അംഗങ്ങളെ നിയമിച്ചിട്ടില്ലെന്ന കാരണത്താൽ നിലവിലെ ബോർഡ് അംഗങ്ങളെ മാറ്റാൻ ശ്രമിക്കുന്നത് ശരിയല്ല. അതാണ് അദ്ദേഹം ഉദ്ദേശിച്ചതും ആ രീതിയിൽ പ്രതികരിച്ചതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates