കെഎസ്ആർടിസി ഡ്രൈവറെ ബസിൽ കയറി ആക്രമിക്കുന്ന ദൃശ്യം 
Kerala

കെഎസ്ആര്‍ടിസി ഡ്രൈവറെ ബസില്‍ കയറി ആക്രമിച്ചു; അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ്

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ്. വൈറ്റില തൈക്കൂടം പാലത്തിന് സമീപം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ഥാടകരുടെ വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസിലെ ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്. തൃശൂര്‍ സ്വദേശികളായ രഞ്ജിത്ത്, ലാല്‍ കൃഷ്ണദാസ്, ജിഷ്ണു, ജിതിന്‍, അനന്തു എന്നിവരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ബസിനുള്ളിലേക്ക് അതിക്രമിച്ചുകയറി ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.

ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ വൈറ്റില ദേശീയപാതയില്‍ തൈക്കുടം പാലത്തിന് സമീപത്തായിരുന്നു സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ കെഎസ്ആര്‍ടിസി ബസില്‍ ഉരസുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവാഹനങ്ങളിലെയും ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയാങ്കളിയിലും ആക്രമണത്തിലും കലാശിക്കുകയായിരുന്നുവെന്ന് മരട് പൊലീസ് വ്യക്തമാക്കുന്നു.

ബസിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ഡോര്‍ ബലമായി വലിച്ചുതുറന്ന് പ്രതികള്‍ അകത്തേക്ക് അതിക്രമിച്ചുകയറി. തുടര്‍ന്ന് ഡ്രൈവറെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. പട്ടാപ്പകല്‍ തിരക്കേറിയ ദേശീയപാതയില്‍ നടന്ന ഈ അക്രമം ബസിലുണ്ടായിരുന്ന യാത്രക്കാരിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. മര്‍ദനത്തിനിടെ പരാതിക്കാരനായ ജീവനക്കാരന്റെ യൂണിഫോം ഷര്‍ട്ട് പ്രതികള്‍ വലിച്ചുകീറുകയും ഐഡന്റിറ്റി കാര്‍ഡിന്റെ ടാഗ് പൊട്ടിക്കുകയും ചെയ്തു. പ്രതികള്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും പൊലീസ് പറയുന്നു.

അക്രമത്തെത്തുടര്‍ന്ന് ബസിന്റെ തുടര്‍ന്നുള്ള സര്‍വീസ് മുടങ്ങിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 25,000 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയത്.അന്യായമായി സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.

KSRTC driver was attacked ; case registered against five Sabarimala pilgrims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു

നേന്ത്രപ്പഴം പഴുത്തുപോയോ? ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം

സ്വന്തം ശരീരമാണെങ്കിലും കൈകൾ കൊണ്ട് തൊടാൻ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്

വൻതാരയിൽ വിദഗ്ധ ചികിത്സയിൽ 'മായ'; മൂന്ന് കാലുകളിലും പൊട്ടലും റിക്കറ്റ്‌സും കണ്ടെത്തി

ഷാഫിയുമായി ഗുരു-ശിഷ്യ ബന്ധമില്ല; 'വണ്‍ ടൂ ത്രീ അറ്റാക്ക്' എന്ന പേരില്‍ സേനയുമില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍