കെഎം ഷാജി- പികെ കുഞ്ഞാലിക്കുട്ടി 
Kerala

'ഒരേ വിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് 'ഹറാമും', ഷാജിക്ക് 'ഹലാലും'ആകുന്നത് എങ്ങിനെയാണ്?'

ഇക്കാലമത്രയും അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എൽ.എമാരും മന്ത്രിമാരും 2O26-ൽ ദൈവത്തിലേക്ക് ഒരുമിച്ച് മാറിയത് പോലെ ഇക്കാര്യത്തിലും ഒരു തീരുമാനത്തിലെത്തണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മലപ്പുറം: പൊതുപരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ മുസ്ലിം ലീഗില്‍ ഏകാഭിപ്രായം വേണം എന്ന് കെടി ജലീല്‍. കഴിഞ്ഞ ദിവസം ഒരു വേദിയില്‍ പികെ കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താതിരിക്കുകയും കെഎം ഷാജി കൊളുത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ വിമര്‍ശനം. മുമ്പ് മുസ്ലിം ലീഗ്-സമസ്ത നേതാക്കള്‍ നിലവിളക്ക് കൊളുത്തുന്നതിനെ പരസ്യമായി എതിര്‍ത്തിരുന്നു.

'ഒരു കമ്മ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് വിശ്വാസത്തിന്റെ ഭാഗമായല്ല, കേരളീയ സംസ്‌കാരവുമായി ബന്ധപ്പെട്ട ആചാരം എന്ന നിലക്കാണ്. സമാനമായി ഒരു ഇസ്ലാംമത വിശ്വാസിക്കും പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ല. ആരെങ്കിലും നിലവിളക്ക് കൊളുത്താതെ മാറി നിന്നാല്‍ അത് മഹാപരാധമാണെന്ന വിശ്വാസവും എനിക്കില്ല. നിലവിളക്ക് കൊളുത്തുന്ന വിഷയത്തില്‍ ലീഗില്‍ രണ്ട് അഭിപ്രായക്കാര്‍ ഉണ്ടാകാന്‍ പാടില്ല. ഒന്നുകില്‍ എല്ലാവരും നിലവിളക്ക് കൊളുത്തുക, അതല്ലെങ്കില്‍ ഇതുവരെ ചെയ്ത പോലെ ആരും വിളക്ക് കൊളുത്താതിരിക്കുക. മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബും ഷംസുദ്ദീനും നിലവിളക്ക് കൊളുത്താത്ത പിന്തിരിപ്പന്‍മാരായ മതമൗലികവാദികളും, മന്ത്രിമാരായ ഷാജിയും ഗഫൂറും എം.എല്‍.എയായ ഫാത്തിമ തഹ്ലിയയുമെല്ലാം നിലവിളക്ക് കൊളുത്തുന്ന പുരോഗമന മതനിരപേക്ഷക്കാരും ആണെന്ന വ്യാഖ്യാനമുണ്ടാകാന്‍ അതിടവരുത്തും. ലീഗണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ അത് ഇടവരുത്തും'.ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

നിലവിളക്ക്: ലീഗിൽ ഏകാഭിപ്രായം ഉണ്ടാക്കണം!

പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ ലീഗിൽ രണ്ട് സമീപനമോ? തിരുവനന്തപുരത്ത് നടന്ന ഒരു പൊതു ചടങ്ങിൽ കുഞ്ഞാലിക്കുട്ടി സാഹിബ് നിലവിളക്ക് കൊളുത്താനുള്ള കൊടിവിളക്ക് മറ്റുള്ളവർക്ക് കൈമാറി കൊളുത്താതെ സമർത്ഥമായി ഒഴിഞ്ഞു മാറുന്നു. മന്ത്രി കെ.എം ഷാജിയാകട്ടെ വിളക്ക് കൊളുത്തുകയും ചെയ്യുന്നു. അതിൻ്റെ വീഡിയോ ക്ലിപ്പിംഗാണ് താഴെ. ഒരേവിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ''ഹറാമും''(നിഷിദ്ധം), ഷാജിക്ക് "ഹലാലും ''(അനുവദിനീയം) ആകുന്നത് എങ്ങിനെയാണ്?

ഇക്കാലമത്രയും അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എൽ.എമാരും മന്ത്രിമാരും 2O26-ൽ ദൈവത്തിലേക്ക് ഒരുമിച്ച് മാറിയത് പോലെ ഇതുവരെയും തൊപ്പിവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തി ലീഗിൻ്റെ അഞ്ചു മന്ത്രിമാരും തൊപ്പി വെക്കാതെ സത്യപ്രതിജ്ഞ ചെയ്തതു പോലെ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിലും ഒരു പൊതു തീരുമാനത്തിൽ ലീഗ് എത്തണം. ഈ ഭരണം പോകും മുമ്പ് മുസ്ലിംലീഗിൽ നിന്ന് "മോദിക്കാലം" പറഞ്ഞ് മുസ്ലിംലീഗിൽ നിന്ന് "മുസ്ലിം" മാറ്റി "ഇന്ത്യൻ യൂണിയൻ മൈനോരിറ്റി ലീഗ്" എന്നാക്കുന്ന തീരുമാനവും പ്രതീക്ഷിക്കാം. അതോടൊപ്പം കൊടിയുടെ ''പച്ച" നിറവും ചന്ദ്രക്കലയും കൂടി മാറ്റി ശുഭ്ര പതാകയും അതിനുമേൽ പച്ച നക്ഷത്രം മാത്രമാക്കി പുതിയ പതാക ലീഗ് സ്വീകരിച്ചാലും അൽഭുതപ്പെടേണ്ടി വരില്ല.

കൂരിയാട്‌, കൂടത്തായി, പൂക്കോട്ടൂരാതി പൂങ്കവരേ, നിങ്ങൾക്കൊന്നും പറയാനില്ലെ? 1967-ലെ സഖാവ് ഇ.എം.എസ് നേതൃത്വം നൽകിയ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയാ സാഹിബ്, വിദ്യാഭ്യാസ മന്ത്രിയായും, മഞ്ചേരിയിൽ നിന്നുള്ള അഹമ്മദ്‌ കുരിക്കൾ, പഞ്ചായത്ത് മന്ത്രിയായും, സത്യപ്രതിജ്ഞ ചെയ്തത്, തൊപ്പി ധരിച്ച് അള്ളാഹുവിൻ്റെ നാമത്തിലാണന്ന യാഥാർത്ഥ്യം, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത് പോലും മതവിരുദ്ധമായി പ്രചരിപ്പിക്കന്നവർ ഓർക്കുന്നത് നല്ലതാണ്.

ആരാധനാ രൂപത്തിലല്ലാതെ കേവല ആചാരമെന്ന നിലയിൽ ഒരു ഇസ്ലാം മത വിശ്വാസി നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നാണ് സമസ്തയുടെ മുൻ അദ്ധ്യക്ഷൻ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അസ്ഹരി, സംശയ നിവാരണം വരുത്താൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത്. എനിക്കും സമാന അഭിപ്രായമാണ് നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട് മുമ്പുമുതൽക്കേ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിൽ കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ വിമുഖത കാണിക്കാതിരുന്നത്.

ഒരു കമ്മ്യൂണിസ്റ്റുകാരൻ നിലവിളക്ക് കൊളുത്തുന്നത് വിശ്വാസത്തിൻ്റെ ഭാഗമായല്ല, കേരളീയ സംസ്കാരവുമായി ബന്ധപ്പെട്ട ആചാരം എന്ന നിലക്കാണ്. സമാനമായി ഒരു ഇസ്ലാംമത വിശ്വാസിക്കും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. ആരെങ്കിലും നിലവിളക്ക് കൊളുത്താതെ മാറി നിന്നാൽ അത് മഹാപരാധമാണെന്ന വിശ്വാസവും എനിക്കില്ല.

നിലവിളക്ക് കൊളുത്തുന്ന വിഷയത്തിൽ ലീഗിൽ രണ്ട് അഭിപ്രായക്കാർ ഉണ്ടാകാൻ പാടില്ല. ഒന്നുകിൽ എല്ലാവരും നിലവിളക്ക് കൊളുത്തുക, അതല്ലെങ്കിൽ ഇതുവരെ ചെയ്ത പോലെ ആരും വിളക്ക് കൊളുത്താതിരിക്കുക. മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബും ഷംസുദ്ദീനും നിലവിളക്ക് കൊളുത്താത്ത പിന്തിരിപ്പൻമാരായ മതമൗലികവാദികളും, മന്ത്രിമാരായ ഷാജിയും ഗഫൂറും എം.എൽ.എയായ ഫാത്തിമ തഹ്ലിയയുമെല്ലാം നിലവിളക്ക് കൊളുത്തുന്ന പുരോഗമന മതനിരപേക്ഷക്കാരും ആണെന്ന വ്യാഖ്യാനമുണ്ടാകാൻ അതിടവരുത്തും. ലീഗണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ അത് ഇടവരുത്തും.

KT Jaleel says there should be a consensus within the Muslim League regarding the lighting of the traditional lamp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ഒരു കഷണം പുല്ലിന് 43,000 രൂപ! ലോകകപ്പ് ഫൈനൽ മൈതാനവും ഫിഫ 'മുറിച്ച്' വിൽക്കുന്നു

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകൾ പഠിക്കാം; പത്താം ക്ലാസ് പാസായവർക്ക് അവസരം

ഇത്തരം ആപ്പുകള്‍ ഫോണിലുണ്ടോ? നിങ്ങളുടെ അക്കൗണ്ട് കാലിയാകും, ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

'തെരഞ്ഞെടുപ്പിന് ശേഷം 'ജന നായകൻ' ടൈറ്റിൽ കാർഡിൽ 'മുഖ്യമന്ത്രി വിജയ്' എന്നു വരുമെന്ന് പറഞ്ഞത് സത്യമായി'; അപ്ഡേറ്റുമായി വിജയ്