ഉരുള്‍പൊട്ടല്‍ബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷൻ ഫയൽ ചിത്രം
Kerala

കോഴിക്കോട് ഉരുള്‍പൊട്ടിയ പ്രദേശങ്ങളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കും, സര്‍ക്കാര്‍ ജോലിയില്‍ കൂടുതല്‍ കായിക താരങ്ങള്‍ക്ക് അവസരം; മന്ത്രിസഭായോഗം തീരുമാനം

കോഴിക്കോട് വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോട് വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികള്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്നുള്ള അധിക എക്‌സ്‌ഗ്രേഷ്യയും ഉള്‍പ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നല്‍കും. ഉരുള്‍പൊട്ടല്‍ബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പ്രാദേശിക ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:

പി എസ് സി നിയമനം: പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തും

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍, മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതിന് 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളര്‍ സ്‌കേറ്റിംഗ്, ടഗ് ഓഫ് വാര്‍, റേസ് ബോട്ട് & അമേച്വര്‍ റോവിംഗ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്‌ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്‌സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക.

തുടര്‍ച്ചാനുമതി

ഇടുക്കി പീരുമേട് സ്‌പെഷ്യല്‍ ഭൂമി പതിവ് ഓഫീസിലെ, 19 താല്കാലിക തസ്തികകള്‍ക്ക് 01/04/2024 മുതല്‍ 31/03/2025 വരെ തുടര്‍ച്ചാനുമതി നല്‍കും. ഡെപ്യൂട്ടി തഹസില്‍ദാര്‍ -1, സീനിയര്‍ ക്ലര്‍ക്ക്/എസ്.വി.ഒ. - 3, ജൂനിയര്‍ ക്ലര്‍ക്ക് /വി.എ. -2, ടൈപ്പിസ്റ്റ് -1, പ്യൂണ്‍-1 എന്നീ 8 താല്കാലിക തസ്തികകളില്‍ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം എന്ന നിബന്ധനയിലാണിത്.

പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം

2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. 10 കോടി രൂപയ്ക്ക് മുകളില്‍ അടങ്കലുള്ള തുടര്‍ പ്രോജക്ടുകള്‍/പദ്ധതികള്‍ ഉള്‍പ്പെടെ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് ചീഫ് സെക്രട്ടറി, ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ സമിതി പരിശോധിച്ച് പദ്ധതി മാറ്റിവയ്ക്കുകയോ അനിവാര്യത കണക്കിലെടുത്ത് വകുപ്പിനു ഭരണാനുമതി നല്‍കിയ ആകെ തുകയുടെ 50% ആയി നിജപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.

10 കോടി രൂപയ്ക്ക് താഴെയുള്ള തുടര്‍ പ്രോജക്ടുകള്‍/പദ്ധതികള്‍ ഉള്‍പ്പെടെ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് വകുപ്പ് സെക്രട്ടറി, വകുപ്പ് അധ്യക്ഷനുമായി കൂടിയാലോചിച്ച് വകുപ്പിന് ഭരണാനുമതി നല്‍കിയ മൊത്തം തുകയുടെ 50% ആയി നിജപ്പെടുത്തി പട്ടിക ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.

സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതോടൊപ്പം ആസൂത്രണ ബോര്‍ഡ് മെമ്പര്‍മാരെ അറിയിക്കേണ്ടതാണ്. മെമ്പര്‍മാര്‍ അവരുടെ അഭിപ്രായങ്ങള്‍ വൈസ് ചെയര്‍പേഴ്സണ്‍ വഴി മന്ത്രിസഭാ ഉപസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ ചീഫ് സെക്രട്ടറി / വകുപ്പ് സെക്രട്ടറിയെ നേരിട്ട് അറിയിക്കുകയോ ചെയ്യേണ്ടതാണ്. ചീഫ് സെക്രട്ടറി ഇക്കാര്യം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കും. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശം ബാധകമല്ല.

ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭയുടെ കൃതജ്ഞത

ആഗസ്റ്റ് 31-ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വേണു. വി. ചീഫ് സെക്രട്ടറി എന്ന നിലയിലും മന്ത്രിസഭയുടെ സെക്രട്ടറി എന്ന നിലയിലും നല്‍കിയ അത്യന്തം ശ്ലാഘനീയവും സ്തുത്യര്‍ഹവുമായ സേവനത്തിന് മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഭരണ നിര്‍വ്വഹണത്തിന് തനിക്ക് നല്‍കിയ സഹകരണത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

തസ്തിക

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളില്‍ സൂപ്രണ്ടിന്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കും. ഈ തസ്തികകളില്‍ പൊതുഭരണ വകുപ്പിന്റെ കീഴിലുള്ള സെക്ഷന്‍ ഓഫീസര്‍മാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

പനവിള (കട്ടച്ചകോണം) - പാറോട്ടുകോണം - കരിയം റോഡ്, കാര്യവട്ടം - ചെങ്കോട്ടുകോണം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിക്കുള്ള ഏക ടെണ്ടര്‍ അംഗീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭേദഗതി

ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും അവരുടെ ബന്ധുക്കള്‍ ഒഴികെയുള്ളവര്‍ ഭുമി ദാനമായോ വിലയ്ക്കുവാങ്ങിയോ നല്‍കുമ്പോഴും 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും. പൊതുതാല്‍പര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം ചെയ്യേണ്ടിവരുമ്പോള്‍ ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തും.

ഹൈക്കോടതി ജഡ്ജ്മാര്‍ക്ക് ഫര്‍ണിഷിങ്ങ് ഇനങ്ങള്‍ വാങ്ങുന്നതിനും വിരമിക്കുന്ന / സ്ഥലം മാറ്റം ലഭിക്കുന്ന ജഡ്ജ്മാര്‍ തിരികെ നല്‍കുന്ന ഓഫീസ് ഫര്‍ണിഷിങ്ങ് ഇനങ്ങള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ചും നിലവിലെ ഉത്തരവുകള്‍ ഭേദഗതി ചെയ്യും.

നൂറു ദിന പരിപാടികള്‍

2024 ജൂലൈ 15 മുതല്‍ ഓക്ടോബര്‍ 22 വരെ നടത്താന്‍ നിശ്ചയിച്ച നാലം നൂറു ദിന പരിപാടികള്‍ നിശ്ചിത സമയത്തു തന്നെ പൂര്‍ത്തീകരിക്കും. ആകെ 1070 പദ്ധതികളാണ് നിശ്ചയിച്ചത്. എല്ലാ പരിപാടികളും ജനകീയമായി സംഘടിപ്പിക്കണം. പ്രാദേശക തലങ്ങളില്‍ സംഘാടക സമിതി രൂപീകരിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും വ്യപകമായ പ്രചാരണവും സംഘടിപ്പിക്കണം. ചൂരല്‍മല, മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു. അതിന്റെ ഭാഗമായാണ് നൂറു ദിന പരിപാടികള്‍ ഊര്‍ജിതമായി സംഘടിപ്പിക്കാനുള്ള തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT