VD Satheesan, Pinarayi Vijayan File Photos
Kerala

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവര്‍ക്കും അപഹസിച്ചവര്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ ചുട്ട മറുപടിയാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുത്വഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. പത്ത് വര്‍ഷമായി ഇല്ലാതിരുന്ന പവര്‍ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകര്‍ച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാള്‍മാരുടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പോലും പരാജയപ്പെട്ടതായും പിണറായി വിജയന്‍ പറഞ്ഞു.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും മദ്യലോബിക്കും സൗജന്യങ്ങള്‍ നല്‍കലും, സംഘപരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരുമായി സര്‍ക്കാര്‍ അധഃപതിക്കുകയാണ്. അനുദിനം സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമര്‍ഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വ്യക്തമായ മുന്‍തൂക്കം ലഭിച്ച നിരവധി ഇടങ്ങളില്‍ ഇക്കുറി എല്‍ഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

യുഡിഎഫിലെ രണ്ട് എംഎല്‍എമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷന്‍, ചിറ്റൂര്‍ നഗരസഭയിലെ പരുത്തിക്കാവ് വാര്‍ഡ് എന്നിങ്ങനെ യുഡിഎഫ് എംഎല്‍എമാര്‍ ജയിച്ച ഇടങ്ങളില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂര്‍, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം, എംഎല്‍മാര്‍ ജയിച്ചിരുന്ന വാര്‍ഡുകളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് എംഎല്‍എ 2273 വോട്ടിന് ജയിച്ച വാര്‍ഡില്‍ യുഡിഎഫിന്റെ ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന് മൂന്നു സീറ്റുകള്‍ നഷ്ടമായി. പാലക്കാട് ജില്ലയിലെ ഏഴു സീറ്റില്‍ അഞ്ചെണ്ണം വിജയിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. കല്ലറ ഡിവിഷനില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 5,683-ല്‍ നിന്ന് 3,019 ആയി കുറഞ്ഞു. ബി.ജെ.പിയുടെ 4,155 വോട്ടുകള്‍ കുറഞ്ഞത് അവര്‍ക്ക് ലഭിച്ചതിനാലാണ് സീറ്റ് നിലനിര്‍ത്താന്‍ ആയത്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് വിജയിക്കാനായി. ഇതില്‍ ഒരു സീറ്റ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തതാണ്. കോട്ടയം, പാലക്കാട് ജില്ലകളില്‍ രണ്ടു സീറ്റ് വീതം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. യുഡിഎഫ് സര്‍ക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവര്‍ക്കും അപഹസിച്ചവര്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളില്‍ തളരാതെ, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേര്‍ക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങള്‍.

വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച് ഈ തിളക്കമാര്‍ന്ന വിജയം ഉറപ്പാക്കാന്‍ രാപ്പകല്‍ പ്രയത്‌നിച്ച എല്‍ഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍. ഈ ജനവിശ്വാസം കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് വലിയ ഊര്‍ജ്ജം പകരും. യുഡിഎഫ് സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Local Bypoll Results Reflect Erosion of UDF's Mandate Within Four Months of Taking Power, Says Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

യുസി കോളജ് തിരിച്ചുപിടിച്ചു; മഹാരാജാസ് തൂത്തുവാരി; എംജിയില്‍ എസ്എഫ്‌ഐ മുന്നേറ്റം