ഗോപി 
Kerala

'ലൈഫില്‍' പണം കിട്ടാതെ ലോട്ടറി കച്ചവടക്കാരന്റെ ആത്മഹത്യ; ഗോപിയുടെ കുടുംബത്തിന് രണ്ടുലക്ഷം ഉടന്‍ നല്‍കും 

ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കിയ ലോട്ടറി കച്ചവടക്കാരന്‍ ഗോപിയുടെ കുടുംബത്തിന് ഉടന്‍ പണം നല്‍കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കിയ ലോട്ടറി കച്ചവടക്കാരന്‍ ഗോപിയുടെ കുടുംബത്തിന് ഉടന്‍ പണം നല്‍കും. ഓമല്ലൂര്‍ പള്ളം പറയനാലി ബിജു ഭവനത്തില്‍ ഗോപിക്ക് കിട്ടാനുള്ള രണ്ടുലക്ഷം രൂപ കുടുംബത്തിന് ലഭ്യമാക്കാന്‍ ലൈഫ് മിഷന്‍ അധികൃതര്‍ ഓമല്ലൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഹഡ്‌കോ വായ്പയിലൂടെ പണം ലഭ്യമാക്കാനാണ് നീക്കം. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ഉടന്‍ ചേരും.

ഹഡ്‌കോ വായ്പ മുടങ്ങിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ലൈഫ് പദ്ധതിക്കുള്ള പണം നല്‍കിയിരുന്നത്. സര്‍ക്കാരില്‍ നിന്നുള്ള പണം നിലച്ചതിനെ തുടര്‍ന്ന് ഹഡ്‌കോ വായ്പ എടുക്കുന്നതിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതും ലഭിച്ചില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

പഞ്ചായത്തിന്റെ കൈയിലും കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ, വാര്‍ക്ക പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ഗോപി ജീവനൊടുക്കിയത്. ഓണത്തിന് മുന്‍പ് വീട്ടില്‍ താമസിക്കണമെന്നായിരുന്നു ഗോപിയുടെ ആഗ്രഹം. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ലൈഫ് മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്. ഹഡ്‌കോ വായ്പ വേഗത്തില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോപിക്ക് ഇനി രണ്ടുലക്ഷം രൂപയാണ് കിട്ടാനുള്ളത്. സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ ഗോപിയുടെ കുടുംബത്തിന് നല്‍കാന്‍ കഴിയുമോ എന്ന കാര്യം പഞ്ചായത്തും ആലോചിക്കുന്നുണ്ട്.

ശനിയാഴ്ച വീടിനു മുന്‍വശത്തുള്ള റോഡരികില്‍ പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഗോപിയെ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നു പൊലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.സന്തോഷ് മുക്ക് -മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്ത്, വീടുപണിക്ക് ഇറക്കിയ മെറ്റല്‍ക്കൂനയ്ക്കടുത്തായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നത്.

'ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ട് ഞാന്‍ പോകുന്നു. വീടിന്റെ പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനു മുമ്പ് വാര്‍പ്പ് ലെവല്‍ വരെ എത്തിച്ചതാണ്. ഇതുവരെയും വാര്‍പ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം' - ഗോപിയുടെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ.

ഒരു വര്‍ഷം മുന്‍പ് ഓമല്ലൂര്‍ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഇതിന്റെ ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പണം ഇല്ലാത്തതിനാല്‍ മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞില്ല. പണി പൂര്‍ത്തിയാക്കിയ വീട്ടില്‍ ഓണം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹമെന്നു ഗോപി എപ്പോഴും പറയാറുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.

ഗോപിയുടെ രോഗബാധിതയായ ഭാര്യ ലീല ഒരു വര്‍ഷമായി ചികിത്സയിലാണ്. അടുത്തിടെ ലീലയുടെ കാലിന്റെ ഒരുഭാഗം മുറിച്ചുമാറ്റിയിരുന്നു. വീടിനോടു ചേര്‍ന്നുള്ള ചെറിയ ചായ്പില്‍ സൗകര്യം ഇല്ലാത്തതിനാല്‍ അല്‍പം മാറി വാടകയ്ക്കു താമസിക്കുന്ന മകളുടെ സംരക്ഷണയിലാണ് ലീല ഇപ്പോള്‍. ഗോപിയുടെ വൃക്കകളിലൊന്ന് മുന്‍പു നീക്കിയിരുന്നു. രണ്ടാമത്തെ വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായെങ്കിലും പണം കണ്ടെത്താനാകാതെ വന്നതോടെ തുടര്‍ ചികിത്സ മുടങ്ങി.

ലൈഫ് പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപയും രണ്ടാം ഗഡുവായ 1,60,000 രൂപയും ഗോപിക്കു ലഭിച്ചിരുന്നു.   അവശേഷിക്കുന്ന തുകയായ 2 ലക്ഷത്തില്‍ പകുതി മേല്‍ക്കൂര വാര്‍ക്കുന്ന ആവശ്യത്തിനു ലഭിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്നു മകള്‍ ടി ജി  ബിന്ദുമോള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മകളുടെ വീട്ടിലെത്തി ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചു മടങ്ങിയ ഗോപി 12 മണിയോടെയാണ് തീകൊളുത്തി മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT