തൃശൂര്‍: ആചാര വൈവിധ്യങ്ങളോടെ നടന്ന മച്ചാട് മാമാങ്കം വര്‍ണ്ണ കാഴ്ചയൊരുക്കി. മലനിരകളെ സാക്ഷിയാക്കി കൊയ്‌തോഴിഞ്ഞ പാടത്തു കൂടി പൊയ്ക്കുതിരകളുടെ ഘോഷയാത്രയെ ഉത്സവപ്രേമികള്‍ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്. തിരുവാണിക്കാവ് ഭഗവതിക്കു മുന്നില്‍ ദേശക്കാര്‍ കൂറ്റന്‍ കുതിരകളെ വായുവിലെറിഞ്ഞ് കുതിരകളി നടത്തി.
തിറയും പൂതനും ആടിത്തിമിര്‍ക്കുന്ന വേല കളിയും മേളവും വാദ്യവും ചേര്‍ന്ന മാമാങ്കം, തട്ടക ദേശക്കാരുടെ കുതിര വരവോടെയാണ് ആരംഭിച്ചത്. കൊയ്‌തൊഴിഞ്ഞ വയലിലൂടെ പൊയ്ക്കുതിരകളെ ചുമലിലേറ്റി ആര്‍പ്പുവിളികളും ആരവവുമായി മച്ചാട് തിരുവാണിക്കാവില്‍ തട്ടകക്കാര്‍ കാവുകയറിയതോടെ നാടാകെ മാമാങ്ക ലഹരിയിലായി. ദേവിയെ വലംവച്ച് കുതിരകളെ ആകാശത്തിലേക്കെറിഞ്ഞ് അമ്മാനമാടി യുവാക്കള്‍ പൊയ്യക്കുതിരകളി നടത്തി. മംഗലം, പാര്‍ളിക്കാട്, ദേശക്കുതിരകള്‍ ആദ്യവും മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശക്കുതിരകള്‍ പിറകേയും എത്തി. തുടര്‍ന്ന് ഭഗവതിക്കുതിരകള്‍ ദേശക്കുതിരകളെ സ്വീകരിച്ചു.
മാമാങ്കത്തില്‍ 11 കുതിരകളെയാണ് എഴുന്നള്ളിച്ചത്. ഭീമന്‍ തണ്ടുകളില്‍ മുളയും വൈക്കോലും ചാക്ക് നൂലും തുണിയും ഉപയോഗിച്ചാണ് കുതിരയെ നിര്‍മ്മിക്കുന്നത്. മാമാങ്ക ദിവസമായ ചൊവ്വ രാവിലെ വിശേഷാല്‍ പൂജകളും നടന്നു.
മണലിത്തറ ദേശക്കാരുടെ കുംഭ കുടം എഴുന്നള്ളിപ്പോടെയാണ് വേല ആരംഭിച്ചത്. പകല്‍ രണ്ടിന് കുനിശേരി അനിയന്‍ മാരാരും സംഘവും അവതരിപ്പിച്ച മേജര്‍ പഞ്ചവാദ്യം അരങ്ങേറി. വൈകിട്ട് അഞ്ചിന് വെടിക്കെട്ടും കുതിര കളിയുമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates