കോഴിക്കോട്: സാധാരണയിൽ നിന്ന് വ്യത്യസ്തമായി മസ്ജിദിനുള്ളിൽ നിക്കാഹ് കർമത്തിൽ പങ്കെടുക്കാൻ വധുവിന് അവസരം നൽകി പാലേരി പാറക്കടവ് ജുമാ മസ്ജിദ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ വിഷയത്തിൽ മലക്കം മറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഹല്ല് കമ്മിറ്റി.
കുറ്റ്യാടി സ്വദേശി കെഎസ് ഉമ്മറിന്റെ മകൾ ബഹ്ജ ദലീലയാണ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിന് സാക്ഷിയായത്. വരനിൽ നിന്ന് വേദിയിൽ വച്ചു തന്നെ ദലീല മഹർ സ്വീകരിച്ചു. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമായിരുന്നു വരൻ.
സാധാരണ നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വരൻ മഹർ വധുവിന്റെ വീട്ടിലെത്തിയാണ് അണിയിക്കുക. ഇതിനായിരുന്നു ഇവിടെ മാറ്റം സംഭവിച്ചത്. പുതുവിപ്ലവത്തെ പലരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികൾ അന്ന് പറഞ്ഞിരുന്നു.
എന്നാൽ അന്ന് സംഭവിച്ചത് അബദ്ധമായിരുന്നുവെന്നും ഭാവിയിലുണ്ടാകുന്ന വിവാഹങ്ങൾ പതിവ് പോലെ തന്നെയായിരിക്കുമെന്നും മഹല്ല് കമ്മിറ്റിക്കാർ പറയുന്നു. വധുവിന്റെ വീട്ടുകാർ മാനദണ്ഡങ്ങൾ സംഘിച്ച് പള്ളിക്കുള്ളിൽ നിന്ന് ഫോട്ടോയെടുത്തതായും മഹല്ല് കമ്മിറ്റി ആരോപിക്കുന്നു. വിഷയത്തിൽ വധുവിന്റെ കുടുംബത്തിനാണ് ഉത്തരവാദിത്വമെന്നും അവരെ നേരിൽ കണ്ട് തങ്ങളുടെ അതൃപ്തി അറിയിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഓഫീസ് കൈകാര്യം ചെയ്തിരുന്നവർക്ക് സംഭവിച്ച അബദ്ധമാണ് അന്ന് വധുവിനെ പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കാൻ ഇടയാക്കിയത്. ഇക്കാര്യത്തിൽ ജീവനക്കാർ ക്ഷമ ചോദിച്ചതായും മഹല്ല് ഭാരവാഹികൾ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് മഹല്ല് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
അതേസമയം കമ്മിറ്റിയുടെ പുതിയ തീരുമാനത്തിൽ വരന്റെ അമ്മാവൻ അത്ഭുതം പ്രകടിപ്പിച്ചു. സമുദായത്തിലെ പുതിയ മുന്നേറ്റത്തിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടായിരുന്നു. സമൂഹത്തിന് അർഥവത്തായ സന്ദേശം നൽകുന്നതായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ കമ്മിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. കാരണം അന്ന് എല്ലാ അനുവാദവും വാങ്ങിയാണ് നിക്കാഹ് നടത്തിയത്. വരന്റെ അമ്മാവൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
പാരമ്പര്യത്തിൽ സംഭവിക്കുന്ന വ്യതിയാനമാണ് ഇത്തരം കാര്യങ്ങളെന്ന് സുന്നി യുവജന സംഘം വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി പ്രതികരിച്ചു. ഇത്തരം മാറ്റങ്ങൾക്ക് പിന്നിൽ ജമാ അത്തെ ഇസ്ലാമിയും മുജാഹിദുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates