മലപ്പുറം: ഓണാഘോഷങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലും പേജുകളിലും പ്രചരിപ്പിച്ച സംഭവത്തില്‍ മലപ്പുറം സൈബര്‍ പൊലീസ് കേസെടുത്തു. ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുടെ ഫോട്ടോകളാണ് വ്യാജ അക്കൗണ്ടുകള്‍ വഴി ദുരുപയോഗം ചെയ്തത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് പുറമെ കോളജ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച ചിത്രങ്ങളും ചോര്‍ത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ നിയമസഹായം ഉറപ്പാക്കുമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത അറിയിച്ചു. സംഘടനയുടെ ഭാരവാഹികള്‍ നേരിട്ട് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി സമര്‍പ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി. കൂടുതല്‍ വിദ്യാര്‍ഥികള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.
മലപ്പുറം ജില്ലാ എംഎസ്എഫ് കമ്മിറ്റിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ എട്ട് കോളജുകളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കാട്ടി സംഘടനയെ സമീപിച്ചിരുന്നതായി എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍ ബിയ്യം പറഞ്ഞു. കോളജുകളുടെയും വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും, അതത് മേഖലകളിലെ ഡിവൈഎസ്പിമാര്‍ക്ക് കര്‍ശന നടപടിക്കുള്ള നിര്‍ദേശം ജില്ലാ പൊലീസ് മേധാവി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates