സ്ഥലം ഉടമകൾ 35 സെന്റ് ഭൂമിയുടെ രേഖകൾ സ്കൂൾ വികസന സമിതിക്കു കൈമാറുന്നു 
Malappuram

വാടകക്കെട്ടിടത്തിൽനിന്ന് സ്വന്തം മണ്ണിലേക്ക്; മാല ഊരി നൽകി ടീച്ചർ, തണലായി നാട്; നെടിയിരുപ്പ് സ്കൂളിന് ഇനി പുതുയുഗം!

നൂറ് വർഷത്തെ കാത്തിരിപ്പിന് വിരാമം: ജനകീയ കൂട്ടായ്മയിലൂടെ 95.5 ലക്ഷം രൂപ സമാഹരിച്ച് നെടിയിരുപ്പ് എൽപി സ്കൂളിന് സ്ഥലം വാങ്ങി നൽകി നാട്ടുകാർ.

Author : ലക്ഷ്മി ആതിര

മലപ്പുറം: നൂറ് വർഷമായി മറ്റൊരാളുടെ തണലിൽ നിന്നൊരു സ്കൂൾ. ഓരോ മഴക്കാലത്തും “ഇനി എത്ര നാൾ?” എന്ന ആശങ്കയോടെ ക്ലാസിലേക്ക് കയറുന്ന കുട്ടികൾ. സ്വന്തം മണ്ണില്ലാത്തതിനാൽ വികസന സ്വപ്നങ്ങൾ എല്ലാം ഫയലുകളിൽ കുടുങ്ങിക്കിടന്ന ഒരു സർക്കാർ എൽപി സ്കൂൾ. ഒടുവിൽ, ഒരു നാടിന്റെ സ്‌നേഹവും കൂട്ടായ്മയും ചേർന്ന് ആ സ്കൂളിന് സ്വന്തം വിലാസം എഴുതി നൽകി.

നെടിയിരുപ്പ് ചാരംകുത്തിലെ സർക്കാർ എൽപി സ്കൂൾ ഇനി വാടകക്കെട്ടിടത്തിലെ അതിഥിയല്ല. നൂറാണ്ടിന്റെ കാത്തിരിപ്പിന് ശേഷം, സ്കൂൾ നിൽക്കുന്ന 35 സെന്റ് സ്ഥലം നാട്ടുകാർ കൈകോർത്തു സ്വന്തമാക്കി നഗരസഭയ്ക്ക് കൈമാറിയപ്പോൾ, അത് ഒരു ഭൂമിയിടപാട് മാത്രമായിരുന്നില്ല — ഒരു നാടിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു. 2021-ൽ രൂപം കൊണ്ട സ്കൂൾ വികസന സമിതിയാണ് ഈ അസാധാരണ ദൗത്യത്തിന് തുടക്കമിട്ടത്. “സ്വന്തമായി സ്ഥലമില്ലെങ്കിൽ ഫണ്ട് അനുവദിക്കാനാകില്ല” എന്ന വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി കേട്ട നിമിഷം മുതൽ, “ഈ സ്കൂളിന് സ്വന്തം മണ്ണ് വേണം” എന്നത് നാട്ടുകാരുടെ ഉറച്ച തീരുമാനമായി മാറുകയായിരുന്നു.

ആ യാത്രയ്ക്ക് ആദ്യ പ്രകാശമായി മാറിയത് സ്കൂളിലെ ഹെഡ്മിസ്ട്രസ് വി. ബിന്ദു ടീച്ചറായിരുന്നു. ആദ്യ യോഗത്തിൽ തന്നെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവനിലേറെ വരുന്ന സ്വർണമാല ഊരി നൽകി ബിന്ദു ടീച്ചർ പറഞ്ഞത് ഒരു വാചകമാത്രം — “ഇത് നമ്മുടെ കുട്ടികൾക്കായാണ്.” ആ നിമിഷം അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുകളിൽ കണ്ണീരും മനസുകളിൽ ആത്മവിശ്വാസവും ഒരുമിച്ച് നിറഞ്ഞു.

പിന്നീട്, ആ സ്വപ്നത്തിന് ചിറകായി നാട് മുഴുവൻ ഒപ്പമെത്തി. ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് പുളിക്കൽ അഹമ്മദ് വല്യാപ്പു 25 ലക്ഷം രൂപ നൽകി. മുൻ നഗരസഭാ കൗൺസിലർ പുളിക്കൽ അഹമ്മദ് കബീറും സഹോദരന്മാരും ചേർന്ന് 19.5 ലക്ഷം രൂപ സംഭാവന ചെയ്തു. നാട്ടുകാരും പ്രവാസികളും കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും ചെറിയ തുകയായാലും വലിയ മനസ്സോടെ കൈത്താങ്ങായി.

സ്കൂൾ വികസന സമിതി ചെയർമാൻ ദിലീപിന്റെ വാക്കുകളിൽ, ഇത് ഒരു സാധാരണ ഫണ്ട് ശേഖരണം ആയിരുന്നില്ല, ഒരു നാടിന്റെ കൂട്ടായ പോരാട്ടമായിരുന്നു. “ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്കൂളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാൻ കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചപ്പോൾ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. അന്നുമുതൽ ഈ സ്കൂൾ നിൽക്കുന്ന സ്ഥലം സ്വന്തമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം,” ദിലീപ് പറയുന്നു.

“ആദ്യ മീറ്റിങ്ങിൽ തന്നെ ബിന്ദു ടീച്ചർ തന്റെ രണ്ടുപവന്റെ മാല ഊരി നൽകി. അതാണ് എല്ലാവർക്കും വലിയ പ്രചോദനമായത്. പിന്നീട് നാട്ടിൽ നിന്നുമാത്രമല്ല, വിദേശത്തുനിന്നും വരെ ആളുകൾ സഹായിക്കാൻ എത്തി. കുട്ടികളുടെ ഭാവിക്കായി എല്ലാവരും ഒരുമിച്ചുനിന്നു,” അദ്ദേഹം ഓർക്കുന്നു. ആദ്യം 65 സെന്റ് സ്ഥലത്തിനായി കോടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒടുവിൽ 15 സെന്റ് ഭൂമി ഉടമകൾ സൗജന്യമായി വിട്ടുനൽകി. ബാക്കി 20 സെന്റ് സ്ഥലമാണ് വില നൽകി വാങ്ങിയത്. അങ്ങനെ 95.5 ലക്ഷം രൂപ സമാഹരിച്ച് സ്കൂൾ നിൽക്കുന്ന ഭൂമി നാട്ടുകാർ സ്വന്തമാക്കി.

“95 ലക്ഷം രൂപ വരെ മാത്രമാണ് ഞങ്ങൾക്ക് സമാഹരിക്കാൻ കഴിഞ്ഞത്. അത്രയും തുകയ്ക്ക് സ്കൂൾ കെട്ടിടം നിൽക്കുന്ന ഭാഗം മാത്രം നൽകാമെന്ന് ഭൂമിയുടമകൾ സമ്മതിച്ചു. 15 സെന്റ് സൗജന്യമായി നൽകുകയും ബാക്കി സ്ഥലത്തിനാണ് പണം നൽകുകയും ചെയ്തത് ഞങ്ങൾക്ക് വലിയ ആശ്വാസമായി,” ദിലീപ് പറയുന്നു.

ഇപ്പോഴും അത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ബിന്ദു ടീച്ചർ പറയുന്നത്. “ഞങ്ങളുടെ ഒരുപാടു നാളത്തെ കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് ഈ സ്ഥലം വാങ്ങാൻ കഴിഞ്ഞത്. വളരെ സന്തോഷമുണ്ട്. സ്ഥലം മുനിസിപ്പാലിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇവിടെ ഒരു ഹൈടെക് സ്കൂൾ നിർമിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. വിദ്യാഭ്യാസ വകുപ്പിന്റെയും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെയും എംഎൽഎ, എംപി ഫണ്ടുകളുടെയും വിവിധ സി.എസ്.ആർ പദ്ധതികളുടെയും സഹായത്തോടെ അതും യാഥാർഥ്യമാക്കാമെന്നാണ് പ്രതീക്ഷ,” ബിന്ദു ടീച്ചർ പറയുന്നു.

English Summary: Nediyiruppu govt LP School in Malappuram now gets own land, a long cherished dream

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഈ മൂന്നു പേരല്ലാതെ പിന്നെയാര്? സാധ്യത തേടി രാഹുല്‍ ഗന്ധി, തിരക്കിട്ട ചര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 53 lottery result

ഇടവപ്പാതിയും ഞാറ്റുവേലയും; വെറും മഴക്കാലമല്ലിത്, സമൃദ്ധി ഉറപ്പിക്കുന്ന അനുഗ്രഹകാലം

ടൈലിലെ കറയും അഴുക്കും മാറാൻ അടിപൊളി ഹാക്കുകൾ

രോഹിത്, സൂര്യ, തിലക്, മുംബൈ ഇന്ത്യൻസ്... എല്ലാവരേയും ഹർദിക് 'അൺ ഫോളോ' ചെയ്തു? സത്യം എന്താണ്

SCROLL FOR NEXT