തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29) വെള്ളിയാഴ്ച രാവിലെ തൊടുപുഴയാറ്റിൽ മുങ്ങിമരിച്ചത്. പ്രതിയുടെ സുരക്ഷാ ചുമതലയുളള എസ് ഐ ഷാഹുൽ ഹമീദ്, ജി ഡി ചാർജുളള സിപിഒ നിഷാദ് എന്നിവരെ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജി സസ്പെൻഡ് ചെയ്‌തു.
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലാണ് പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിച്ച് ലോക്കപ്പ് ചെയ്തെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ലോക്കപ്പിനുള്ളിൽ നിന്നും പുറത്തേക്ക് കൈയ്യിട്ട് ലോക്ക് തുറന്ന പ്രതി പൊലീസിനെ വെട്ടിച്ച് പുറത്തേക്ക് ഓടി. പൊലീസ് സ്റ്റേഷന് പുറകിലൂടെ ഓടിയ ഷാഫി തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്നും സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധർ എത്തിയാണ് ഷാഫിയുടെ മൃതദേഹം മുങ്ങിയെടുത്തത്. ഇന്നലെ ജില്ലാ ആശുപത്രിയിൽ നടത്തിയ ഇൻക്വസ്റ്റിലും 2 ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും ശരീരത്തിൽ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്തിയില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates