പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് വ്യവസായിയും സ്വദേശിയുമായ ഐസക് വർഗീസ് ആയിരുന്നു. 28,000 വരെ വോട്ടുകൾ നേടാമെന്ന കണക്കു കൂട്ടലിലായിരുന്നെങ്കിലും എൻഡിഎയ്ക്ക് ലഭിച്ചത് 10,671 വോട്ടുകൾ മാത്രമാണ്. ജില്ലയിലെ ചില ബിജെപി നേതാക്കൾത്തന്നെ, ഞെട്ടിക്കുന്ന തരത്തിൽ വോട്ട് കച്ചവടം നടത്തിയെന്നാണ് സ്ഥാനാർഥിയുടെ ആരോപണം. ബിജെപിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിലും ബൂത്തുകളിലും പോലും പ്രതീക്ഷിച്ചതിന്റെ പകുതിപോലും വോട്ട് ലഭിച്ചില്ലെന്നും, പാർട്ടി പ്രവർത്തകർ നിസ്സഹകരിച്ചുവെന്നും അദ്ദേഹം പറയുന്നു. യുഡിഎഫുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതും, ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും നിസ്സഹകരണവും, വലിയ തോൽവിക്ക് കാരണമായെന്നും ഐസക് വർഗീസ് സമകാലിക മലയാളത്തോട് പറഞ്ഞു.
എന്താണ് ഇത്ര അപ്രതീക്ഷിതമായ തോൽവിക്ക് കാരണം?
28000 വോട്ടുകൾ നേടുമെന്നാണ് കരുതിയത്. എന്നാൽ ബിജെപി യുടെ ധാരാളം വോട്ടുകൾ യു ഡി എഫ് സ്ഥാനാർഥിക്ക് (അഡ്വ. എൻ ഷംസുദ്ദീൻ) പോയി. ജില്ലാതല ഭാരവാഹിത്വം വഹിക്കുന്ന ചില ബിജെപി നേതാക്കൾ പണം കൈപ്പറ്റി വോട്ടുമറിച്ചു. ഒരു ജില്ലാ സെക്രട്ടറി അടക്കം ഒപ്പം നിന്ന് ചതിച്ചു. എൻറെ കയ്യിൽ ഇതിന്റെയെല്ലാം തെളിവുകൾ ഉണ്ട്. പരാജയത്തെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ഞാൻ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തങ്ങളോട് രേഖാമൂലം തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. ജില്ലാ-പ്രാദേശിക നേതാക്കളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളും ഞാൻ നേതൃത്വത്തിന് കൊടുത്തിട്ടുണ്ട്. ശരിയായ അന്വേഷണവും നടപടിയും വന്നില്ലെങ്കിൽ തെളിവുകളെല്ലാം ജനമധ്യത്തിൽ കൊണ്ടുവരും.
ഏതെല്ലാം പ്രദേശങ്ങളിലാണ് വോട്ട് കുറഞ്ഞത്?
മണ്ഡലത്തിൽ പരക്കെ വോട്ടു കുറഞ്ഞു. ബിജെപി ഭരിക്കുന്ന പുതൂർ പഞ്ചായത്തിൽ നിന്ന് ആകെ കിട്ടിയത് 1266 വോട്ടുകൾ മാത്രമാണ്. 164 ബൂത്താണ് മണ്ണാർക്കാട് മേഖലയിൽ. പൂജ്യം വോട്ട് കിട്ടിയ ബൂത്തുകൾ ഉണ്ട്. 250-300 വോട്ടിലുകൾ പ്രതീക്ഷിച്ച ഒരുപാട് മണ്ഡലങ്ങളിൽ കിട്ടിയത് നാലും എട്ടും പത്തും വോട്ടുകൾ ആണ്. ഭാഗ്യത്തിന് അട്ടപ്പാടിയിലെ ക്രിസ്ത്യൻ മേലെകളിൽനിന്ന് എനിക്ക് നല്ല പിന്തുണ ലഭിച്ചു. 150-200 വോട്ടുകൾ വോട്ടുകൾ വീതം അവിടങ്ങളിൽ നിന്ന് കിട്ടി. അതുകൊണ്ട് എന്റെ അഭിമാനം പോയില്ല.
പ്രചാരണ സമയത്ത് ഇത്തരം പോരായ്മകൾ ശ്രദ്ധയിൽപെട്ടില്ലേ?
ഉണ്ടായിരുന്നു. ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ മണ്ഡലത്തിൽ സജീവമായിരുന്നു. എന്നാൽ തുടക്കത്തിൽ, പഞ്ചായത്ത് കമ്മിറ്റികൾ വിളിച്ച് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുകകൂടി ഉണ്ടായിട്ടില്ല. കാശ് കൊടുത്താലേ പ്രചാരണത്തിന് ഇറങ്ങൂ എന്ന നിലപാടെടുത്തവർ കുറേപ്പേരുണ്ട്. അവസാനം ഞാൻ എന്റെ PR ടീമിനെ വെച്ച് പ്രചാരണം നടത്തുകയായിരുന്നു. ഇത്ര തുച്ഛം വോട്ട് പിടിക്കാനായിരുന്നെങ്കിൽ എനിക്ക് സ്വതന്ത്രൻ ആയി മത്സരിച്ചാൽ മതിയായിരുന്നു. ഒരുപക്ഷെ എനിക്ക് ഇതിൽകൂടുതലും വോട്ടുകൾ കിട്ടുമായിരുന്നു.
ഒരു ഘട്ടത്തിൽ താങ്കളുടെ ഒരു പരാമർശം (വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിലെ ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടിള്ള എന്ന്) താങ്കൾ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ട എന്നതാണ് നിലപാട് എന്ന് തറപ്പിച്ചു പറഞ്ഞു. ഇത് തിരിച്ചടി ആയിട്ടുണ്ടാവില്ലേ?
ഇല്ല. അതൊരു തെറ്റിധാരണ ആണ്. ചില മുസ്‌ലിം വീടുകളിൽ പോയപ്പോൾ, ബിജെപി ക്ക് വോട്ട് ചെയ്യില്ല എന്ന് അവർ തറപ്പിച്ചുപറഞ്ഞു. അങ്ങനെയെങ്കിൽ അവരെ ഇനി ബുദ്ധിമുട്ടിക്കണ്ട എന്ന ഒരു തീരുമാനം എടുത്തെന്നേയുള്ളൂ. അതേസമയം, ചിലയിടങ്ങളിൽ പോവേണ്ട എന്ന നിർദ്ദേശം ബിജെപി നേതാക്കൾ എനിക്ക് തരികയും ചെയ്തു. എന്റെ പരാമർശം ചർച്ചയായ ഉടൻ തന്നെ, ഏത് സാഹചര്യത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന്, മുസ്‌ലിം സംഘടനാ നേതാക്കളോട് ഞാൻ വിവരിച്ചിരുന്നു. അവർ അതിൽ തൃപ്തരുമായിരുന്നു.
രാഷ്ട്രീയത്തിൽ തന്നെ തുടരുമോ?
എന്റെ പരാതിയിന്മേൽ എന്ത് തീരുമാനമാണ് ബിജെപി നേതൃത്വം എടുക്കാൻ പോവുന്നത് എന്ന് നോക്കട്ടെ. എന്നിട്ട് തീരുമാനിക്കും.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും മനസ്സറിഞ്ഞ ശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഇന്നു ഡല്‍ഹിക്കു മടങ്ങും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം ഹൈക്കമാന്‍ഡ് കേരളത്തില്‍നിന്നുള്ള നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates