തളിപ്പറമ്പിലുണ്ടായ തീപിടിത്തം 
Kerala

തളിപ്പറമ്പില്‍ തീ വിഴുങ്ങിയത് കോടികള്‍, എസികളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം; കത്തിനശിച്ചത് അന്‍പതിലേറെ കടകള്‍

സൂപ്പര്‍ മാര്‍ക്കറ്റ്, പെയിന്റ് കട ഉള്‍പടെ കത്തിയമര്‍ന്നതിനാല്‍ ഏകദേശം 10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണര്‍: തളിപ്പറമ്പ് നഗരത്തിലുണ്ടായ വന്‍ തീപിടത്തത്തില്‍ കോടികളുടെ നാശനഷ്ടം. തീപിടത്തം ഉണ്ടായി മൂന്നരമണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണയ്ക്കാനായത്. ഫയര്‍ഫോഴ്‌സിന്റെ പന്ത്രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സൂപ്പര്‍ മാര്‍ക്കറ്റ്, പെയിന്റ് കട ഉള്‍പടെ കത്തിയമര്‍ന്നതിനാല്‍ ഏകദേശം 10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.

തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെവി കോംപ്ലക്‌സിലെ മിട്രെഡ്‌സ് എന്ന ഷോപ്പില്‍ നിന്നുണ്ടായ ചെറിയ തീപിടിത്തം നിമിഷങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. വൈകിട്ട് 4.55 നാണ് തീപിടിത്തം തുടങ്ങിയതെങ്കിലും ഏറെ വൈകിയാണ് കരിമ്പത്തെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അഗ്നിശമനസേന എത്തിയതെന്ന് ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ആദ്യം ഒരു യൂണിറ്റ് മാത്രമേ എത്തിയിരുന്നുള്ളൂ അപ്പോഴേക്കും കെ.വി.കോംപ്ലക്‌സിലെ ഹൈവേറോഡിനോട് അഭിമുഖമായി കിടക്കുന്ന ഭാഗത്തെ കടകളിലേക്കെല്ലാം തന്നെ തീപിടര്‍ന്നിരുന്നു. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ മുപ്പതിലേറെ കടകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു.

നഗരത്തിലെ പ്രധാന ജ്വല്ലറികളിലൊന്നായ ജയഫാഷന്‍ ജ്വല്ലറിയുടെ മുകള്‍ഭാഗത്തേക്ക് പടര്‍ന്ന തീയണക്കാന്‍ അഗ്നിശമനസേനകള്‍ ശ്രമം തുടരുന്നു. കടുത്ത ചൂടില്‍ തീപിടിച്ച കടകള്‍ക്ക് അഭിമുഖമായുള്ള റോഡിന്റെ എതിര്‍ഭാഗത്തെ കടകളുടെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു.ദേശീയപാതയില്‍ വാഹനഗതാഗതവും പൂര്‍ണമായി നിലച്ചു. തീപിടിത്തം ഉണ്ടായതിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പഴയങ്ങാടി വഴി തിരിച്ചുവിടുകയായിരുന്നു.

കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങി ജില്ലയിലെയും അയല്‍ ജില്ലകളിലെയും അഗ്നിശമന നിലയങ്ങളില്‍ നിന്നും നിരവധി യൂണിറ്റുകള്‍ തീയണക്കാനായി തളിപ്പറമ്പില്‍ എത്തി. പ്രാഥമിക കണക്ക്പ്രകാരം പത്തുകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫയര്‍ ഫോഴ്‌സിന്റെ നിഗമനം. തീ നിയന്ത്രണവിധേയമായാല്‍ മാത്രമേ നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ. തളിപ്പറമ്പ് നഗരത്തിലെ പ്രധാനവ്യാപാര സമുച്ചയമായ കെ.വി.കോംപ്ലക്‌സില്‍ ചെറുതും വലുതുമായ അന്‍പതിലേറെ കടകളും ഓഫീസുകളും ജ്വല്ലറികളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

തളിപ്പറമ്പ്‌നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, അള്ളാംകുളം മഹമ്മൂദ്, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, സി.പി.എം നേതാവ് കെ.സന്തോഷ്, എ.പി.ഗംഗാധന്‍ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഉറ്റുനോക്കിയ കേസ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഉടന്‍

'അവസരം കിട്ടണമെങ്കില്‍ മൂക്കും പല്ലും മാറ്റം വരുത്തണം'; അത് പറയാന്‍ അയാള്‍ ആരാണ്?'; അനുഭവം പങ്കിട്ട് അയേഷ ഖാന്‍

വെറും 95 പന്തുകള്‍, 14 സിക്‌സും 9 ഫോറും; അടിച്ചുകൂട്ടിയത് 171 റണ്‍സ്! വീണ്ടും വൈഭവ് 'ഷോ'

ഒറ്റ രാത്രി കൊണ്ട് താരനകറ്റണോ? ഇതൊന്ന് ട്രൈ ചെയ്യൂ

രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ; നേതൃത്വത്തിന് അതൃപ്തി

SCROLL FOR NEXT