കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്നുമുതൽ ഓഗസ്റ്റ് രണ്ടു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഓഗസ്റ്റ് മൂന്നിന് നടക്കും. പത്രിക ഓഗസ്റ്റ് അഞ്ചു വരെ പിൻവലിക്കാം.
നഗരസഭയിലേക്കുള്ള വോട്ടെടുപ്പ് 2022 ഓഗസ്റ്റ് 20 ന് നടക്കും. 22 നാണ് വോട്ടെണ്ണൽ. 2020 ഡിസംബറിൽ സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെ പൊതുതെരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂർ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബർ 10 നാണ് കഴിയുന്നത്. പുതിയ കൗൺസിലർമാർ സെപ്റ്റംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
നഗരസഭയിൽ ആകെ 35 വാർഡുകളും 38812 വോട്ടർമാരുമുണ്ട്. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ടർമാരിൽ 18200 പുരുഷൻമാരും 20610 സ്ത്രീകളും 2 ട്രാൻസ്‌ജെൻഡറുമുണ്ട്. പോളിംഗിനായി ഓരോ വാർഡിലും ഒരു പോളിംഗ് ബൂത്ത് വീതമുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആർ.കീർത്തി ഐ.എഫ്.എസ്‌നെ ഒബ്‌സർവറായി ചുമതലപ്പെടുത്തി. സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിന് രണ്ട് സീനിയർ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75000 രൂപയാണ്.
അനധികൃത പരസ്യ പ്രചാരണങ്ങൾ മോണിറ്റർ ചെയ്ത് ആവശ്യമായ നടപടികൾ എടുക്കുന്നതിന് തഹസിൽദാരുടെ നേതൃത്വത്തിൽ ആന്റീ ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും. ക്രമസമാധാനത്തിന് ആവശ്യമായ പൊലീസ് വ്യന്യാസം ഉണ്ടാകും. എല്ലാ ബൂത്തിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തും. പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates