പാലക്കാട്: പൊതുപരിപാടികളില്‍ അതിഥികള്‍ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ കൊടുക്കുന്നതില്‍ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ മാഗസിന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ മന്ത്രി നിരസിച്ചു. ശേഷം വേദിയില്‍ ഇക്കാര്യം പറയുകയും ചെയ്തു.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നല്‍കി അതിഥികളെ സ്വീകരിക്കേണ്ടതില്ല. കോളജുകളില്‍ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിമാരെ പൂക്കള്‍ കൊടുത്ത് സ്വീകരിക്കണമെന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.
നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 10,000 രൂപ പിഴയാണ്. ഈ നിരോധനം നടപ്പാക്കേണ്ടതാവട്ടെ, തദ്ദേശസ്വയംഭരണ വകുപ്പും. അത് കൈകാര്യംചെയ്യുന്ന മന്ത്രിക്കാണ് ഈ ബൊക്കെയുംകൊണ്ട് വന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവുകളൊക്കെ ഒന്നു വായിച്ചുനോക്കണമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ വാക്കുകള്‍
'ഇവിടെ കൊണ്ടുവന്നു തന്ന ബൊക്കെ നിരോധിത പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞതാണ്, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 10,000 രൂപ പിഴയിടണം. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശസ്വയംഭരണ വകുപ്പ്, അതിന്റെ മന്ത്രിക്കാണ് ഈ ബൊക്കെ കൊടുത്തത്. ഈ ഉത്തരവുകളൊക്കെ വായിച്ച് നോക്കണം. തദ്ദേശവകുപ്പ് ഇതിനൊരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. വകുപ്പിന്റെ പരിപാടിക്ക് അതിഥികള്‍ക്ക് ഒന്നുകില്‍ പുസ്തകം കൊടുക്കാം അല്ലെങ്കില്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ ഉല്‍പ്പനം കൊടുക്കാം. ഇത് ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇത്രയും വലിയ ബൊക്കെക്ക് എന്താ വില ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ ഉല്‍പ്പനം വാങ്ങിച്ചാല്‍ അവര്‍ക്ക് ഒരു വരുമാനമായി, ഈ ബൊക്കെ കൊണ്ട് എന്ത് പ്രയോജനം കുറച്ച് മാലിന്യങ്ങളുണ്ടാക്കാം എന്നതല്ലാതെ' മന്ത്രി പറഞ്ഞു.
Minister MB Rajesh Rejects Plastic-Wrapped Flowers, Urges Eco-Friendly Greetings
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates