തിരുവനന്തപുരം: എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം കല്ലമ്പലം ദേശീയപാതയോട് ചേര്‍ന്നുള്ള സര്‍വീസ് റോഡിലാണ് കാറ് കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായ യുവാവിനെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.
രാത്രി കാറിനുള്ളില്‍ ആഷിക്കിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആഷിക്കിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ആഷിക് ഇന്നലെ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരുള്‍പ്പെടെയുള്ളവര്‍ നടത്തിയ അന്വേഷണത്തിലാണ് ആഷിക്കിന്റെ കാര്‍ കല്ലമ്പലം ദേശീയപാതയോട് ചേര്‍ന്നുള്ള സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ ചാര്‍ക്കോള്‍ പോലുള്ള വസ്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്കു ശേഷം പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് അന്‍സാര്‍ സീന ദമ്പതികളുടെ മകനാണ് ആഷിക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates