കണ്ണൂർ: ഒരു കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന സിടി ബൾക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം.
2022ൽ കണ്ണൂരിലേക്ക് ബംഗളൂരുവിൽ നിന്നു ടൂറിസ്റ്റ് ബസിൽ ചുരിദാർ തുണിത്തരങ്ങളുടെ ഉള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയതിനാണ് ബൾക്കീസ് പിടിയിലായത്. പാർസൽ വഴി രണ്ട് കിലോയോളം എംഡിഎംഎയാണ് കടത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
കാപ്പാട് സിപി സ്‌റ്റോറിലെ ഡാഫോഡില്‍സ് വില്ലയില്‍ താമസിക്കുന്ന അഫ്‌സലിൻ്റെ(38) ഭാര്യയാണ് ബൾക്കീസ്. തുണിത്തരങ്ങളുടെ ബോക്‌സില്‍ എംഡിഎംഎയും ബ്രൗണ്‍ഷുഗറും കറുപ്പുമെത്തിച്ചു നല്‍കിയത് അഫ്‌സലിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ നിസാമാണെന്നു വ്യക്തമായിരുന്നു. സംഭവത്തിൽ ഇയാളെയും അറസ്റ്റ് ചെയ്തു. ഗൂഗിള്‍ പേവഴിയാണ് നിസാം ഇവരുമായിസാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.
മയക്കുമരുന്ന് ബള്‍ക്കീസില്‍ നിന്നു വാങ്ങുന്നവരും ഗൂഗിള്‍ പേവഴിയാണ് നിസാമിന് പണം കൈമാറിയത്. ബള്‍ക്കീസിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നു ഇയാളുമായി പലതവണ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞിരുന്നു. വിജന പ്രദേശങ്ങളാണ് ഇവർ സ്കൂട്ടറിലെത്തി മയക്കുമരുന്ന് കടത്താൻ തിരഞ്ഞെടുത്തിരുന്നത്. ആളൊഴിഞ്ഞ മൈതാനങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും മയക്കുമരുന്ന് പൊതി ഉപേക്ഷിച്ചതിനു ശേഷം നിസാമിന് ഗൂഗിള്‍ മാപ്പ് അയച്ചുകൊടുക്കും.
ഇടപാടുകാര്‍ക്ക് നിസാമാണ് പിന്നീടിതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുകൊടുത്തിരുന്നത്. ആവശ്യക്കാര്‍ ഗൂഗിള്‍ പേ വഴി പണം നല്‍കിയാല്‍ മാത്രമേ മയക്കുമരുന്നുള്ള സ്ഥലത്തിന്റെ വിവരം കൈമാറിയിരുന്നുള്ളൂ. ഓരോ ഇടപാടുകള്‍ നടക്കുമ്പോഴും അതിന്റെ കമ്മീഷന്‍ ഇനത്തില്‍ വലിയൊരു സംഖ്യ ബള്‍ക്കീസിന് ലഭിച്ചിരുന്നു. കണ്ണൂര്‍ നഗരത്തില്‍ നിസാം നേരത്തെ നടത്തിയിരുന്ന കടയുടെ അഡ്രസിലാണ് പാര്‍സലുകള്‍ വന്നിരുന്നത്.
എന്നാല്‍ ബംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിന്റെ തലവന്‍ കണ്ണൂര്‍ സിറ്റി സ്വദേശി ജാസിമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട ഇയാള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. നൈജീരിയന്‍ സ്വദേശികള്‍ ഉദ്പാദിപ്പിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎ മൊത്തമായി വാങ്ങി ചില്ലറ വില്‍പനയ്ക്കായി കൈമാറുന്നതാണ് ഇയാളുടെ രീതി. ജാസിമിനെയും പൊലീസ് റെയ്ഡിൽ പിടികൂടിയിരുന്നു.
ഭാര്യ തന്റെ ബന്ധുവും അയൽവാസിയും സുഹൃത്തുമായ നിസാമുമായി ചേര്‍ന്ന് ഏജന്റായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് താന്‍ അറിഞ്ഞപ്പോള്‍ വിലക്കിയിരുന്നുവെന്നാണ് ബള്‍ക്കീസിന്റെ ഭർത്താവ് അഫ്‌സല്‍ പിടിക്കപ്പെട്ടപ്പോൾ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ബംഗളൂരുവില്‍ ടീഷോപ്പ് നടത്തിയിരുന്ന അഫ്‌സല്‍ കോവിഡ് കാലത്ത് കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഏറെയുള്ള ഇയാള്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലഹരി വില്‍പ്പനയുടെ വഴിയില്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ഇയാൾ മൊഴി നല്‍കിയിരിക്കുന്നത്.
അറസ്റ്റിലാകുമ്പോൾ കൈക്കുഞ്ഞുള്‍പ്പെടെ രണ്ടു ചെറിയ കുട്ടികളാണ് ബൾക്കീസിനുണ്ടായിരുന്നത്. നിസാമും ജാസിമും നേതൃത്വം നൽകുന്ന മയക്കുമരുന്ന് സംഘത്തിൻ്റെ ഇരയായി മാറുകയായിരുന്നു യുവതി. ഏകദേശം ഒരു കോടിയുടെ വിലയുള്ള എംഡിഎംഎയാണ് ബംഗളൂരുവിൽ നിന്നു തുണിത്തരങ്ങൾ ഉൾപ്പെട്ട ബോക്സിൽ കണ്ണൂരിലെത്തിച്ചത്. ചുരിദാർ മെറ്റിരിയൽ ഇറക്കുമതി ചെയ്യുന്നതിൻ്റെ മറവിൽ ജാസിമാണ് മയക്കുമരുന്ന് കടത്തിൻ്റെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ചത്. ഇയാളുടെ കണ്ണൂർ നഗരത്തിലെ കടയിൽ നിന്നു പിന്നീട് മയക്കുമരുന്ന് പിടികൂടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates