

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്നു വെള്ളാപ്പള്ളി വിമർശിച്ചു. മുഖ്യമന്ത്രിയാകാനുള്ള അടവു നയം പ്രയോഗിക്കുകയാണ് സതീശനെന്നും അതിനായി വർഗീവ വാദികൾക്കു കുടപിടിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വർഗീയ പ്രചാരകനായ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിച്ചുവെന്നു കഴിഞ്ഞ ദിവസം വിഡി സതീശൻ ആരോപണമുന്നയിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമ സമയത്ത് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിയതിനേയും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. ഈ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
സതീശൻ ഈഴവ വിരോധിയാണെന്നും ഈഴവനായിട്ടുള്ള കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു തെറിപ്പിച്ചത് ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്നും വെള്ളാപ്പള്ളി പറയുന്നു. മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറിയതു വലിയ കുറവായി കാണുന്ന സതീശനെ ഊളമ്പാറയിലേക്ക് അയക്കണമെന്നും വെള്ളാപ്പള്ളി അധിക്ഷേപമുന്നയിച്ചു.
'മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറിയത് വലിയൊരു കുറവായി സതീശൻ കാണുന്നുവെങ്കിൽ അയാളെ ഊളമ്പാറയിലേക്ക് അയക്കണം. ഒരു ഈഴവ വിരോധിയാണ് സതീശൻ. ഒരു പിന്നാക്കക്കാരനായ തന്നെ മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറ്റിയതാണ് തെറ്റായി വ്യഖ്യാനിക്കുന്നത്. ഒരു പിന്നാക്കക്കാരൻ അങ്ങനെയൊരു വണ്ടിയിൽ കയറാൻ പാടില്ല എന്നാണ് സതീശൻ പറയുന്നത്.
'സതീശൻ ഒരു ഈഴവ വിരോധിയാണെന്നതിനു തെളിവാണ്, കെപിസിസി പ്രസിഡന്റായ സുധാകരനെ വിമർശിച്ച് വിമർശിച്ച് പുറത്താക്കിയത്. സുധാകരൻ ഒരു ഈഴവനാണ്. വാക്കുകളിൽ സതീശൻ മിടുക്ക് കാണിക്കുന്നുണ്ട്. പ്രവൃത്തിയിൽ എന്താകുമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നമുക്ക് കാണാം.
'ഈഴവ സമുദായത്തെ കറിവേപ്പിലയായിട്ടാണ് കണക്കാക്കുന്നതെങ്കിൽ സതീശന് തെറ്റ് പറ്റിപ്പോയി. ഏറ്റവും വർഗീയവാദികളായ ആളുകൾക്ക് കുട പിടിച്ചുകൊണ്ടാണ് അദ്ദേഹം മതേതരത്വം പറയുന്നത്. ആനുകൂല്യങ്ങളും ആശീർവാദങ്ങളും നേടാനാണ് ഈ കുടപിടുത്തം. മുഖ്യമന്ത്രിയാകാനുള്ള ഒരു അടവുനയമായിട്ടാണ് ഇതിനെ ഞാൻ മനസിലാക്കുന്നത്.'
'യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കും'
'യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഭരിക്കാൻ പോകുന്നത് മുസ്ലീം ലീഗായിരിക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. എന്‍റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വർഗീയ കലാപം ഉണ്ടാക്കാനാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മാറി, ഇനി നായാടി മുതൽ നസ്രാണി വരെ എന്നതാണ് മുദ്രാവാക്യം. നായാടി മുതൽ നസ്രാണി വരെയുള്ളവർ ഒരുമിച്ച് നിൽക്കേണ്ട കാലമാണിത്. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണം.'
'എസ്എൻഡിപിയെ തകർക്കാൻ ചില കുലംകുത്തികൾ ശ്രമിക്കുന്നുണ്ട്. കേരളം പോലെ മതസൗഹാർദ്ദം ഉള്ള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിലെ ആ മതസൗഹാർദ്ദം തകർക്കാൻ പല ശക്തികളും രംഗത്തുണ്ട്. എൻഎസ്എസിനെയും എസ്എൻഡി പിയെയും തമ്മിലടിപ്പിച്ചത് യുഡിഎഫ് ആണ്. എന്നാൽ ഇനി എൻഎസ്എസുമായി കലഹത്തിനില്ല. മറിച്ച് എൻഎസ്എസുമായി സമരസപ്പെട്ട് മുന്നോട്ടു പോകും'- വെള്ളാപ്പള്ളി വ്യക്തമാക്കി.
ഈ മാസം 21 ന് ആലപ്പുഴയിൽ ചേരുന്ന എസ്എൻഡിപി സമ്മേളനം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി വിവരിച്ചു. എസ്എൻഡിപി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്‍റെ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates