ഐസി ബാലകൃഷ്ണൻ എംഎൽഎ  ഫെയ്സ്ബുക്ക്
Kerala

പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരം, ആരും തിരിഞ്ഞുനോക്കിയില്ല, ബാധ്യതയെല്ലാം തലയിലായി; എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നു'

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കോണ്‍ഗ്രസിനെ വെട്ടിലാക്കി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ പരാമര്‍ശം. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് കത്തില്‍ പറയുന്നു. സാമ്പത്തിക ബാധ്യതകള്‍, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളായ പലരും പണം വാങ്ങിയിട്ടുണ്ട്. എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതായാണ് വിവരം. നിയമനത്തിന്റെ പേരില്‍ ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങി. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നു.

ബത്തേരിയിലെ രണ്ട് സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ നിയമനം നല്‍കാനായില്ല. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി ആവശ്യത്തിനായി പണം വാങ്ങിയെങ്കിലും, ഒടുവില്‍ ആ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയില്‍ മാത്രമായി. ആരും തന്നെ തിരിഞ്ഞുനോക്കിയില്ല എന്നും കെപിസിസി പ്രസിഡന്റിന് എഴുതി കത്തില്‍ പറയുന്നു. കത്തില്‍ ബാധ്യതകളെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്.

എന്‍ഡി അപ്പച്ചന്റെ അയല്‍വാസിയായ ചാക്കോയില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി. ഇത് തിരിച്ചു കൊടുക്കലും തന്റെ മാത്രം ബാധ്യതയായി. പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും കൈയൊഴിഞ്ഞുവെന്നും കത്തില്‍ പറയുന്നു. അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. ബാങ്ക് നിയമനത്തിനായി ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരം പണം വാങ്ങി. എന്നാൽ പണം തിരിച്ചു നൽകാൻ ഐ സി ബാലകൃഷ്ണൻ തയാറായില്ല. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യതയുണ്ട്. സ്ഥലം പോലും വിൽക്കാനാവാത്ത സ്ഥിതിയാണ്.

മക്കൾ പോലും അറിയാത്ത ബാധ്യതയുണ്ട്‌. കോൺഗ്രസ്‌ ലീഗൽ സെല്ലിന്‌ എല്ലാമറിയാം. എന്‍എം വിജയനൊപ്പം മരിച്ച മകന് അര്‍ബന്‍ ബാങ്കില്‍ ഉണ്ടായിരുന്ന പാര്‍ട് ടൈം ജോലി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ താൽപര്യപ്രകാരം മറ്റൊരാളെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽനിന്ന് പുറത്താക്കി. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും കത്തിൽ പരാമർശിക്കുന്നു. ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് വിജയന്റെ മക്കള്‍ ആവശ്യപ്പെട്ടു. വിജയന്റെ മരണം കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ ശ്രമിച്ചുവെന്നും വിജയന്റെ മകള്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT