തിരുവനന്തപുരം: വ്യക്തിപരമോ, കുടുംബപരമോ ആയ താല്‍പ്പര്യങ്ങള്‍ ഇല്ല എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗുണമെന്ന് വ്യവസായി രവി പിള്ള. ഇന്ത്യാരാജ്യം തന്നെയാണ് മോദിയുടെ കുടുംബം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിനും മുമ്പേ തന്നെ, പ്രവാസിക പരിപാടികളിലൂടെ അറിയാമായിരുന്നുവെന്നും രവി പിള്ള പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനെയും രവി പിള്ള പ്രകീര്‍ത്തിച്ചു. കേരളം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തനായ നേതാവാണ് പിണറായി വിജയനെന്നും രവി പിള്ള പറഞ്ഞു. രാഷ്ട്രീയ പിന്തുണയില്ലാതെ ഇവിടെ ബിസിനസ്സ് ചെയ്യാന്‍ കഴിയില്ല. സര്‍ക്കാര്‍ പിന്തുണയില്ലാതെ അനുമതികള്‍ നേടുക പ്രയാസമാണ്, ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യില്ലെന്നും രവി പിള്ള പറഞ്ഞു.
ഇപ്പോള്‍ എവിടെയും ജോലി ചെയ്യാനും നിക്ഷേപിക്കാനും അവസരങ്ങളുണ്ട്. ട്രേഡ് യൂണിയനുകള്‍ പഴയതുപോലെ ഇപ്പോള്‍ ദൃശ്യമല്ല. കേരളത്തിലെ ബിസിനസ്സ് ഒരു ബ്രേക്ക്-ഇവന്‍ തലത്തില്‍ മാത്രമേ ആകാന്‍ കഴിയൂ. മുടക്കുമുതല്‍ തിരിച്ചു കിട്ടിയേക്കാം. അല്ലാതെ വലിയ ലാഭം ഒന്നും നേടാനാകില്ലെന്ന് കരുതുന്നുവെന്നും രവി പിള്ള പറഞ്ഞു.
കേരളത്തില്‍ സമ്പന്നരോട് ഒരു വിരോധമനോഭാവമുണ്ട്. അത് അസൂയയാണ്. അനധികൃത സമ്പത്താണെന്ന് പോലും പറഞ്ഞേക്കാം. ഇതു കേരളത്തിലേ കാണാന്‍ കഴിയൂ. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ സമ്പന്നരെ വളരെയധികം വിലമതിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങളുടെ മനോഭാവം ഗള്‍ഫിലേതിന് നേരെ വീപരീതമാണെന്നും രവി പിള്ള കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വൈശ്യ സമുദായം ഇല്ലെന്നും, വ്യവസായ പാരമ്പര്യം ഇല്ലെന്നുമുള്ള വാദം ശരിയാണ്. പക്ഷേ കോഴിക്കോട് ഒരു അപവാദമാണ്. ഏറ്റവും ധനികരായ എന്‍ആര്‍ഐ ബിസിനസുകാരും സമ്പന്നരായ വ്യക്തികളും കോഴിക്കോടും വടക്കന്‍ കേരളത്തിലുമുള്ളവരാണ്. തെക്കന്‍ കേരളത്തെ അപേക്ഷിച്ച്, വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളും എന്‍ആര്‍ഐകളും കൂടുതലാണ്.
മോഹന്‍ലാലിന്റെ ബറോസ് സിനിമയില്‍ സഹകരിച്ചത് നിക്ഷേപം ആയിരുന്നില്ല. സൗഹൃദത്തിന്റെ പേരിലാണ്. സാമ്പത്തിക സഹായം ആവശ്യപ്പെട്ടപ്പോള്‍ വ്യക്തിപരമായ വായ്പ നല്‍കിയതാണ്. അതു ലാഭം പ്രതീക്ഷിച്ചല്ലെന്നും രവി പിള്ള കൂട്ടിച്ചേര്‍ത്തു. പല രാജ്യക്കാര്‍ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. ഇതില്‍ ജാപ്പനീസുകാരോടാണ് ഏറെ ആദരവ് തോന്നിയിട്ടുള്ളത്. അവരുടെ കൃത്യനിഷ്ഠയും സമര്‍പ്പണവും സത്യസന്ധതയും പ്രശംസനീയമാണെന്നും രവി പിള്ള പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates