കൊച്ചി: 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ലാ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എ എം ഹാരിസിന്റെ ഫ്‌ലാറ്റില്‍ വിജിലന്‍സ് റെയ്ഡ്. ഇവിടെനിന്ന് പതിനേഴു ലക്ഷം രൂപ പിടിച്ചെടുത്തു. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ ക്യാബിനറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.
എണ്‍പത് ലക്ഷം രൂപ മൂല്യം വരുന്നതാണ് ഈ ഫ്‌ലാറ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ പതിനെട്ടു ലക്ഷം രൂപയുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി.
ബുധനാഴ്ച ഉച്ചയോടെയാണ് ഹാരിസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചു. ഇതിന് പിന്നാലെയാണ് വിശദമായ അന്വഷണത്തിലേക്ക് വിജിലന്‍സ് കടന്നത്.
'കൈക്കൂലി കൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ പറഞ്ഞു'
ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്.
പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതോടെയാണ് സ്ഥാപനമുടമ ജോസ് സെബാസ്റ്റ്യന്‍ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചത്. എന്നാല്‍ അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യന്‍ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുന്‍ ജില്ലാ ഓഫീസര്‍ ആയ ജോസ് മോന്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കൈക്കൂലി നല്‍കാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു.
സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.
കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കുന്ന പണം തങ്ങള്‍ തന്നാല്‍ പോരെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. ഇന്ന് രാവിലെ അനുമതിക്കായി വിജിലന്‍സ് നല്‍കിയ പണവുമായി ഇയാള്‍ എത്തുകയായിരുന്നു. പണം കൈമാറിയതോടെ വിജിലന്‍സ് സംഘം നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates