കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. സിഐ പ്രതാപചന്ദ്രനില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നതായി വെളിപ്പെടുത്തി നിയമ വിദ്യാര്‍ത്ഥിനി പ്രീതി രാജ് രംഗത്തു വന്നു. സുഹൃത്തായ വനിത എസ്‌ഐയെ കാണാനാണ് പൊലീസ് സ്റ്റേഷനില്‍ ചെന്നത്. അപ്പോള്‍ സ്‌റ്റേഷനില്‍ സിഐ പ്രതാപചന്ദ്രന്‍ മഫ്തിയില്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പ്രീതി പറഞ്ഞു.
ഇരുചക്രവാഹനത്തിലാണ് സ്റ്റേഷനിലെത്തിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ സിഐ പ്രതാപചന്ദ്രന്‍ കൈകാണിച്ച് വിളിച്ചു. അടുത്തു ചെന്നപ്പോള്‍ നിങ്ങള്‍ വെച്ചിട്ടുള്ള ഹെല്‍മറ്റ് ശരിയല്ലെന്ന് പറഞ്ഞു. വര്‍ഷങ്ങളായി ഉപയോഗിക്കുന്നതാണെന്നും ആരും ഇതുവരെ ശരിയല്ലെന്ന് പറഞ്ഞിട്ടില്ലെന്നും മറുപടി പറഞ്ഞു. ഫോണില്‍ ഫോട്ടോ എടുത്തപ്പോള്‍, എന്റെ ഫോട്ടോ എടുക്കരുതെന്നും വാഹനത്തിന്റെ ഫോട്ടോ വേണമെങ്കില്‍ എടുത്തോളു എന്നും താന്‍ പറഞ്ഞുവെന്ന് പ്രീതി പറയുന്നു.
അപ്പോള്‍ വളരെ മോശമായിട്ടാണ് പ്രതാപചന്ദ്രന്‍ തന്നോട് സംസാരിച്ചതെന്നും പ്രീതി രാജ് പറഞ്ഞു. ക്രിമിനലിനോടെന്ന പോലെയാണ് ഇടപെട്ടത്. ശബ്ദം കേട്ട് സുഹൃത്തായ വനിത എസ്‌ഐ വന്നതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ മര്‍ദ്ദനമേറ്റ സ്ത്രീയുടെ അനുഭവം തനിക്കും ഉണ്ടായേനെയെന്ന് പ്രീതി പറഞ്ഞു. അന്നേ ദിവസം തന്നെ സിഐ പ്രതാപചന്ദ്രനെതിരെ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടുചെന്നും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പ്രീതി രാജ് പറഞ്ഞു.
2023 ല്‍ സിഐ പ്രതാപചന്ദ്രന്‍ തന്നെ അകാരണമായി മര്‍ദ്ദിച്ചതായി സ്വിഗ്ഗി ജീവനക്കാരനായ റിനീഷും വെളിപ്പെടുത്തി. എറണാകുളം സ്വദേശിയായ റിനീഷ് ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് സംഭവം. ജോലിക്കിടെ ഒരു പാലത്തിനരികിൽ വിശ്രമിക്കുമ്പോൾ സിഐ പ്രതാപചന്ദ്രൻ വന്ന്, എന്തിനാണ് അവിടെയിരിക്കുന്നത് എന്ന് ചോദിച്ച് ലാത്തിക്ക് അടിച്ചുവെന്ന് റിനീഷ് പറയുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ മുഖത്ത് അടിച്ചു. മർദ്ദനമേറ്റ് ഛർദ്ദിച്ച് അവശനായതോടെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. അസിസ്റ്റന്റ് കമ്മീഷണർ മൊഴിയെടുത്തിരുന്നുവെന്നും റിനീഷ് പറഞ്ഞു.
കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തിയ യുവതിയെ മർദ്ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് പ്രതാപചന്ദ്രന്റെ മർദ്ദനമേറ്റത്. ഇയാൾ നെഞ്ചത്തു പിടിച്ച് തള്ളുന്നതിന്റെയും മുഖത്ത് അടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കിയാണ് ഗർഭിണിയായ ഷൈമോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates