കൊച്ചി: വാഹന ഡ്രൈവർമാർ യാത്രക്കിടെ ഉറങ്ങിപ്പോകുന്നത് തടയാൻ നൂതന ആശയവുമായി മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ. ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലാറം മുഴക്കി മുന്നറിയിപ്പ് നൽകുന്ന നിയന്ത്രണം നഷ്ടപ്പെട്ടാൽ തനിയെ വാഹനത്തിന്റെ വേഗം കുറയുന്ന സംവിധാനമാണ് വികസിപ്പിച്ചെടുത്തത്. ആഡംബര വാഹനങ്ങളിൽമാത്രം കണ്ടുവരുന്ന ഈ സംവിധാനം കുറഞ്ഞചെലവിൽ മറ്റു വാഹനങ്ങളിലും ഘടിപ്പിക്കാൻ വഴിയൊരുക്കുകയാണ് മോട്ടോർവാഹന വകുപ്പ്.
ഡ്രൈവർമാരുടെ മുഖഭാവങ്ങൾ നിരീക്ഷിച്ച് ഉറക്കത്തിലേക്ക് വീഴുകയാണോ എന്ന് മുൻകൂട്ടി മനസ്സിലാക്കും. ഉറങ്ങുകയാണെന്ന് തിരിച്ചറിഞ്ഞാൽ ഡ്രൈവർക്കും യാത്രക്കാർക്കും കേൾക്കാനും കാണാനും സാധിക്കുന്ന ചുവന്ന വെളിച്ചമുള്ള അലാറം പ്രവർത്തിക്കും. ഈ മുന്നറിയിപ്പിന് ശേഷവും ഉറങ്ങി പോകുകയാണെങ്കിൽ റോഡിലെ മറ്റു വാഹനങ്ങൾക്ക് അപകടാവസ്ഥ മനസ്സിലാക്കാനുള്ള ഹസാഡ് വാണിങ് ലൈറ്റുകൾ തെളിയും. ഇതോടൊപ്പം "എമർജൻസി ബ്രേക്കിങ്" സംവിധാനം വഴി ആക്സിലേറ്ററിന്റെ പ്രവർത്തനം നിലക്കുകയും ചെയ്യും. എൻജിൻ എക്സോസ്റ്റ് ബ്രേക്ക് പ്രവർത്തന സജ്ജമാവുകയും വാഹനത്തിന്റെ വേഗം ക്രമാനുഗതമായി കുറയ്ക്കുകയും ചെയ്യും.കുസാറ്റിലെ പാർട്ട് ടൈം ബി ടെക് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ കൂടിയായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ.
നിലവിൽ മാരുതി 800 കാറിൽ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചു. പ്രവർത്തനക്ഷമത വിലയിരുത്തിയ ഗതാഗതമന്ത്രി ആന്റണി രാജുവും ഉന്നത ഉദ്യോഗസ്ഥരും ഇത് ജനകീയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. പേറ്റൻറ് നടപടികളും കണ്ടുപിടിത്തം ഇൻറർനാഷനൽ ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates