ആലപ്പുഴ: ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ പരാതികളുടെ പ്രളയമാണ്. ഇയാള്‍ കോന്നി സിഐയായിരുന്ന സമയത്ത് അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടാണ് ആദ്യം വന്നത്. ഇതിനു പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നെല്ലാം ഇയാള്‍ക്കെതിരെ പരാതികളുയര്‍ന്നിട്ടുണ്ട്.
മധു ബാബുവിനെതിരെ പലപ്പോഴായി നിരവധി പരാതികളാണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. നേരത്തേ 2024 ഡിസംബറില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി മര്‍ദിക്കുകയും ചൊറിയണം തേക്കുകയും ചെയ്ത സംഭവത്തില്‍ ഇയാളെ ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥനെ മര്‍ദിച്ചെന്ന കേസിലായിരുന്നു അന്ന് നടപടി. 2006 ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. അന്ന് ചേര്‍ത്തല എസ്‌ഐ ആയിരുന്നു മധു ബാബു.
2022 ഡിസംബര്‍ 21ന്, പരാതി നല്‍കാന്‍ ഓഫീസിലെത്തിയപ്പോഴാണ് ഡിവൈഎസ്പി മധു ബാബു തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് മുരളീധരന്‍ എന്നയാളുടെ പരാതി. പൊലീസ് വയര്‍ലെസ് വെച്ച് എറിഞ്ഞെന്നും നെഞ്ചത്തും ചെവിക്കല്ലിനും അടിയേറ്റതായും കസേരയോടെ മറിഞ്ഞുവീണതായും മുരളീധരന്‍ പറയുന്നു. ഈ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മുരളീധരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതിരുന്നതോടെ മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആദ്യം വയര്‍ലെസ് വെച്ച് എറിഞ്ഞപ്പോള്‍ കസേരയോടുകൂടി മറിഞ്ഞുവീഴുകയും, വീണ തന്നെ പൊലീസ് ഉദ്യോഗസ്ഥരും അന്ന് കൂട്ടിന് വന്നവരും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു കൊണ്ടുവരുന്ന വഴി ഡിവൈഎസ്പി ഓടിവന്ന് നെഞ്ചത്ത് ചവിട്ടുകയും ചെയ്‌തെന്നാണ് മുരളീധരന്‍ പറയുന്നത്. വീണ്ടും പൊലീസുകാര്‍ പിടിച്ചുയര്‍ത്തിയപ്പോള്‍ ഡിവൈഎസ്പി രണ്ടു കൈയും ചുരുട്ടി തന്റെ ചെവിക്കല്ലിന് ഇടിച്ചുവെന്നും ഇയാള്‍ പറയുന്നു.
യുഡിഎഫ് ഭരണകാലത്ത് എസ്എഫ്‌ഐ ഭാരവാഹി ആയിരിക്കുമ്പോഴാണ് അന്നത്തെ കോന്നി സിഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദനത്തിനും മൂന്നാംമുറയ്ക്കും വിധേയമാക്കിയതെന്നായിരുന്നു ജയകൃഷ്ണന്‍ തണ്ണിത്തോടിന്റെ ആരോപണം. കാലിന്റെ വെള്ള അടിച്ചുപൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേചെയ്തുവെന്നും ഫേസ്ബുക്കിലാണ് ജയകൃഷ്ണന്‍ കുറിച്ചത്. പാര്‍ട്ടിയുടെ സംരക്ഷണമാണ് ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം. ആറുമാസം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. അന്ന് മൂന്നുമാസത്തിലധികം ജയിലില്‍ അടച്ചു. എടുത്ത കേസുകളിലെല്ലാം വെറുതേവിട്ടു. പത്തനംതിട്ട എസ്പിയായിരുന്ന ഹരിശങ്കര്‍ കേസന്വേഷിച്ച് കുറ്റക്കാരനായ മധുബാബുവിനെതിരേ അച്ചടക്കനടപടിക്ക് ശുപാര്‍ശചെയ്തു. എന്നാല്‍, ഇതുവരെ നടപടിയുണ്ടായില്ലെന്നും ജയകൃഷ്ണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates