തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം തുടരുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പ്രതിമാസം നല്‍കി വരുന്ന 9000 രൂപ സഹായം വരും മാസങ്ങളിലും തുടരുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുരിത ബാധിതര്‍ക്ക് കഴിഞ്ഞ ഡിസംബര്‍ വരെ ജീവനോപാധി കൊടുത്തിട്ടുണ്ട്. ഈ മാസത്തെ തുക കൊടുക്കാനുള്ള ഓര്‍ഡര്‍ ഉടന്‍ ഇറങ്ങും. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം ദുരിതബാധിതരുടെ ആവശ്യത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു.
ചൂരല്‍മലയില്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യുന്ന സഹായം ഇനി ലഭിക്കില്ലെന്ന ചിലര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഈ ഇനത്തില്‍ മാത്രം 15 കോടി രൂപയിലധികം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും കെ രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു തടസ്സവും ഇല്ലെന്ന് വ്യക്തമാക്കിയ കെ രാജന്‍ കച്ചവടക്കാര്‍ക്ക് പണം ലഭിച്ചില്ല എന്ന ആശങ്കയും പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു.
മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ മന്ത്രി വിമര്‍ശിച്ചു. പിരിച്ച കണക്ക് കയ്യിലില്ലെങ്കില്‍, പണം മുക്കിയതിന്റെ കണക്ക് ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ മെക്കട്ട് കയറുന്ന പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറയുന്ന വീടിന്റെ കണക്ക് അദ്ദേഹത്തിന് പോലും അറിയില്ലെന്നും കെ രാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates