പാലക്കാട്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടു തന്നെയാണോ സിപിഎമ്മിനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി പറയട്ടെ. കോടതി അന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്ന് നിലപാടെടുത്തത്. കോടതി കയറ്റണമെന്ന് പറഞ്ഞാല്‍ കയറ്റണം, കയറ്റണ്ട എന്നു പറഞ്ഞാല്‍ കയറ്റണ്ട. കോടതി പറയട്ടെ എന്നും എം വി ഗോവിന്ദന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
യുവതി പ്രവേശന കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാടു പറഞ്ഞോളും അതില്‍ നിങ്ങളാരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഇന്നുതന്നെ വാര്‍ത്തയാക്കേണ്ട കാര്യമില്ല. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്ന് നമുക്ക് നോക്കാം. ജനാധിപത്യ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ മുന്നോട്ടു പോകുന്നത്. അതല്ലാതെ ഫ്യൂഡല്‍ അന്തസ്സൊന്നുമല്ല. ഗോവിന്ദന്‍ പറഞ്ഞു.
യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, അക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. 'സര്‍ക്കാര്‍ നിലപാട് എന്തെന്ന് എനിക്കെങ്ങനെ പറയാന്‍ കഴിയും. ഞാനാണോ സര്‍ക്കാര്‍?. കോടതിയുടെ ഭാഗമായിട്ട് പറയേണ്ട കാര്യം കോടതിയിലല്ലേ പറയുക'യെന്നും ഗോവിന്ദന്‍ ചോദിച്ചു.
വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കണം. എന്നാല്‍ ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും വേണം. അതാണ് സിപിഎമ്മിന്റെ നിലപാട്. ഇനി കോടതി കേസ് പരിഗണിക്കുമ്പോള്‍, സര്‍ക്കാര്‍ നിലപാടു മാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന്, സാങ്കല്‍പ്പികമായ ചോദ്യം ചോദിച്ചാല്‍ സാങ്കല്‍പ്പികമായ ഉത്തരം പറയില്ല. എന്താ വിശ്വാസികളോട് കൂറ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു. കുറേ ആളുകള്‍ വിശ്വാസികളുടെ കൂറും കൊണ്ട് പുറപ്പെട്ടിരിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പരിഹസിച്ചു. ഞങ്ങളാണ് വിശ്വാസികളോട് ഏറ്റവും കൂറുള്ളവരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയും. നാളെ പറയേണ്ടത് സര്‍ക്കാരല്ലേ. അത് അവര്‍ പറഞ്ഞോളും. പാര്‍ട്ടി പറയേണ്ടപ്പോള്‍ പാര്‍ട്ടി പറയും. എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ. മാറ്റമില്ലാത്തത് ഒറ്റ കാര്യം മാത്രമല്ലേ, അതാണ് മാറ്റം. മറ്റെല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതീ പ്രവേശനക്കേസില്‍ യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates