കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍. 'സംഘപരിവാറിന്റെ കണ്ണില്‍ കലാ-കായിക സാഹിത്യ-ശാസ്ത്രമേഖലകളില്‍ കഴിവുള്ളവര്‍ എന്നാല്‍ ക്രിമിനലുകളാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് കണ്ണൂരില്‍ നിന്നും ഒരു മേഖലയിലും പ്രാവീണ്യമില്ലാത്ത കാല്‍വെട്ട് കേസിലെ പ്രതിയായിരുന്ന ഒരാളെ അധാര്‍മ്മികമായി നോമിനേറ്റ് ചെയ്തത്'- എംവി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ആര്‍എസ്എസ് കാര്യവാഹുകളായ ആളുകളെ ഗവര്‍ണറായും എംപിയായും സ്ഥാനങ്ങളും പദവികളും നല്‍കി പുതിയ പദ്ധതി പരീക്ഷിക്കുകയാണ്. അതുകൊണ്ടൊന്നും സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാനാവില്ല. ഗുജറാത്ത് വംശഹത്യയുടെ നായകര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യത്ത് അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തിച്ചേരുന്നു എന്നു മാത്രം'-കുറിപ്പില്‍ പറയുന്നു.
എംവി ജയരാജന്റെ കുറിപ്പ്
ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തവരോടൊപ്പം 'കലാ-കായിക-സാഹിത്യ-ശാസ്ത്രപ്രതിഭ'യായ ഒരാള്‍ കൂടി.
സംഘപരിവാറിന്റെ കണ്ണില്‍ കലാ-കായിക സാഹിത്യ-ശാസ്ത്രമേഖലകളില്‍ കഴിവുള്ളവര്‍ എന്നാല്‍ ക്രിമിനലുകളാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് കണ്ണൂരില്‍ നിന്നും ഒരു മേഖലയിലും പ്രാവീണ്യമില്ലാത്ത കാല്‍വെട്ട് കേസിലെ പ്രതിയായിരുന്ന ഒരാളെ അധാര്‍മ്മികമായി നോമിനേറ്റ് ചെയ്തത്. 1993 സപ്തംബര്‍ 21ന് മട്ടന്നൂരില്‍ പെരിഞ്ചേരിയിലെ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയായ പി.എം. ജനാര്‍ദ്ദനന്റെ ശരീരത്തിലെ 25ലധികം വെട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇപ്പോള്‍ രാജ്യസഭാ അംഗമായി നിര്‍ദ്ദേശിക്കപ്പെട്ട ആളുടെ ക്രിമിനല്‍ ചരിത്രമാണ്.
ആര്‍എസ്എസ് സംഘടിപ്പിച്ച ബാലഗോകുലം പരിപാടിയില്‍ തന്റെ മക്കളെ അനുമതിയില്ലാതെ കൊണ്ടുപോകുകയും രാത്രി വൈകിയിട്ടും വീട്ടിലെത്തിക്കാതെ സ്‌കൂളില്‍ വിടുകയും ചെയ്ത നടപടി ചോദ്യംചെയ്തതാണ് നിര്‍ദ്ദിഷ്ട രാജ്യസഭാ അംഗത്തിന്റെ നേതൃത്വത്തില്‍ തന്നെ വധിക്കാന്‍ ശ്രമിക്കാന്‍ കാരണം എന്നാണ് ഇപ്പോഴും 32 വര്‍ഷം മുമ്പത്തെ അക്രമത്തെ തുടര്‍ന്നുള്ള അസഹ്യമായ വേദനയിലും ജനാര്‍ദ്ദനന്‍ പറയുന്നത്. 1990കളില്‍ കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത ആക്രമണ പദ്ധതികളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ബഹുജനങ്ങളെ അണിനിരത്തി ചെറുത്തതിനെ തുടര്‍ന്നാണ് ആര്‍എസ്എസ്സിന്റെ അഖിലേന്ത്യാ നേതൃത്വം പണവും ആയുധവും നല്‍കി കണ്ണൂര്‍ ജില്ലയെ ദത്തെടുത്തത്. സിപിഐ(എം)നെയോ ഇടതുപക്ഷത്തെയോ തകര്‍ക്കാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞില്ല. ഇപ്പോള്‍ ആര്‍എസ്എസ് കാര്യവാഹുകളായ ആളുകളെ ഗവര്‍ണറായും എം.പി.യായും സ്ഥാനങ്ങളും പദവികളും നല്‍കി പുതിയ പദ്ധതി പരീക്ഷിക്കുകയാണ്. അതുകൊണ്ടൊന്നും സിപിഐ(എം)നെയും ഇടതുപക്ഷത്തെയും തകര്‍ക്കാനാവില്ല. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ മഹാഭൂരിപക്ഷം ജനങ്ങളും രംഗത്തിറങ്ങുന്ന നാടാണ് കേരളം. അതുകൊണ്ടാണ് സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ട കേരളത്തില്‍ നടക്കാത്തത്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ നിര്‍ത്തിയും ആര്‍എസ്എസ്സുമായി രഹസ്യമായി ബന്ധം സ്ഥാപിച്ചും നവഫാസിസ്റ്റുകള്‍ക്ക് പ്രചോദനം നല്‍കുന്ന യുഡിഎഫിന് ഈ നോമിനേഷനെക്കുറിച്ച് എന്താണ് പറയാനുള്ളത്. ഗുജറാത്ത് വംശഹത്യയുടെ നായകര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യത്ത് അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തിച്ചേരുന്നു എന്നു മാത്രം.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. കറ കളഞ്ഞ ഒരു ആര്‍എസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. സാധാരണ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates