എന്‍ പ്രശാന്ത് ഫെയ്‌സ്ബുക്ക്‌
Kerala

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

ആരോഗ്യവകുപ്പില്‍ നിന്നും ഷര്‍മിള മേരി ജോസഫിനെ മാറ്റി പകരം ചുമതല മുഹമ്മദ് അനീഷിനാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാന ഭരണതലത്തിൽ നിർണ്ണായക അഴിച്ചുപണിയുമായി സർക്കാർ. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ നിയമിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇതിനുപുറമെ ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങി സർക്കാരിന്റെ നയരൂപീകരണത്തിൽ നിർണ്ണായകമായ സുപ്രധാന വകുപ്പുകളിലെല്ലാം അഴിച്ചുപണി നടന്നു.

വൈദ്യുതി വാങ്ങൽ കരാറുകൾ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത മാറ്റമുണ്ടായിരിക്കുന്നത്. നിലവിൽ കായിക-യുവജനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഐഎഎസിനെ കെഎസ്ഇബി സിഎംഡി പദവിയിൽ നിയമിച്ചു. ഇതിനായി സെലക്ഷൻ ഗ്രേഡിൽ എക്സ്-കേഡർ തസ്തികയും സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ സിഎംഡി എംജി രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റിനിയമിച്ചു. ഒപ്പം റവന്യൂ (ദേവസ്വം) വകുപ്പ് സെക്രട്ടറി, ഗുരുവായൂർ-കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ ചുമതലകൾ അദ്ദേഹം തുടരും.

ഭരണത്തിലെ അതീവ സുപ്രധാന വകുപ്പുകളായ ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയായി കെആർ ജ്യോതിലാലിനെ നിയമിച്ചു. ജലവിഭവം, ഭവനനിർമ്മാണം, കയർ എന്നീ വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മിൻഹാജ് ആലമിനെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റിനിയമിച്ചു. നികുതി വകുപ്പ്, പബ്ലിക് പ്രൊക്യുർമെന്റ് അഡ്വൈസറി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ) സി.ഇ.ഒ, കെ.എഫ്.സി ചെയർമാൻ എന്നീ സുപ്രധാന അധിക ചുമതലകളും മിൻഹാജ് ആലമിന് നൽകിയിട്ടുണ്ട്. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പുനീത് കുമാറിനെ നിയമിച്ചു.

ആരോഗ്യ വകുപ്പിലും നിർണ്ണായകമായ മാറ്റങ്ങളാണ് സർക്കാർ വരുത്തിയിട്ടുള്ളത്. നിലവിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതലയും അദ്ദേഹത്തിനാണ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ഷർമ്മിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. വനിതാ-ശിശു വികസന വകുപ്പിന്റെ അധിക ചുമതലയും ഇവർ വഹിക്കും. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ചില ഭരണപരമായ സാഹചര്യങ്ങൾക്ക് പിന്നാലെയാണ് ഷർമ്മിള മേരി ജോസഫിന്റെ സ്ഥലംമാറ്റമെന്നതും ശ്രദ്ധേയമാണ്.

ധനകാര്യ വകുപ്പ് സെക്രട്ടറിയായി ടിവി അനുപമയെ നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും ഇവർക്കാണ്. ജിഎസ്ടി കമ്മീഷണറായിരുന്ന പിബി നൂഹിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കിയപ്പോൾ, കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ജാഫർ മാലിക്കിനെ പുതിയ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും ജാഫർ മാലിക് വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡോ എം ബീനയെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഡോ. വീണ എൻ. മാധവനാണ് പുതിയ കൃഷി വകുപ്പ് സെക്രട്ടറിയും അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി ടിവി സുഭാഷിനെ നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്.

സുഹാസ് എസ്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) സ്പെഷ്യൽ സെക്രട്ടറിയാകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) എം.ഡി ചുമതലയും ഇദ്ദേഹം തുടരും. ശ്രീറാം സാംബശിവ റാവുവിനെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും എക്സൈസ് കമ്മീഷണറായും നിയമിച്ചു. അഫ്സാന പർവീണിനെ മിൽമ മാനേജിങ് ഡയറക്ടറായും നോർക്ക റൂട്ട്സ് സിഇഒ ആയും, ആസിഫ് കെ. യൂസഫിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും പ്രവേശന പരീക്ഷാ കമ്മീഷണറായും നിയമിച്ചു. സംസ്ഥാന ടൂറിസം ഡയറക്ടറായി അനു കുമാരിയും ചുമതലയേൽക്കും.

N Prashanth appointed as KSEB Chairman; K R Jyothilal made Home Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് : അന്വേഷണ മേല്‍നോട്ടം അവസാനിപ്പിച്ച് സുപ്രീം കോടതി; വിചാരണ കോടതിക്ക് തുടര്‍നടപടി സ്വീകരിക്കാം

'നവംബറിലാണ് കല്യാണം, അധികം ദിവസങ്ങളില്ല; വരൻ ബോഡി ബിൽഡർ', വിവാഹത്തെക്കുറിച്ച് റിമി ടോമി

വിഷമില്ലാത്ത പാവല്‍ കൈയെത്തും ദൂരത്ത്; ചെറിയ സ്ഥലത്തും മികച്ച വിളവ് നേടാം

ജീവിതപങ്കാളിയെ തേടി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് 7,000 പേർ; അപേക്ഷകരിൽ 80 ശതമാനവും പുരുഷന്മാർ

'2000 രൂപ സൗജന്യമായി ലഭിക്കും', എയര്‍ടെലിന്റെ പേരില്‍ ദീപാവലി ഓഫര്‍; തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്