പാലക്കാട്: നഗരസഭാ കെട്ടിടത്തിൽ ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ. ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതിൽ പ്രതിഷേധിച്ചാണ് പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാക തൂക്കിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി പ്രവർത്തകരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിൽ കയറിയ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ അറിവോടെ സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ചാണെന്ന് ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ സിപിഎം ആരോപിച്ചു.
നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയ് ശ്രീരാം ഫ്ലക്സ് തൂക്കിയതിൽ മാത്രമാണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിജെപി കൗൺസിലർമാരും പോളിങ് ഏജൻറുമാരും പ്രതികളാകും.
ആളുകളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിപ്പട്ടിക തയാറാക്കുന്നത് തെളിവു ശേഖരിച്ച ശേഷമാകുമെന്ന നിലപാടിലാണ് പൊലീസ്. വോട്ടിങ് സെൻററുൾപ്പെടുന്ന കെട്ടിടത്തിലേക്ക് കൗണ്ടിങ് ഏജന്റുമാരെയും സ്ഥാനാർത്ഥികളെയും റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെ പരിശോധിച്ചാണ് കടത്തിവിട്ടതെന്നും അതിനാൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് പറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates